Asianet News MalayalamAsianet News Malayalam

മാരകമായ വിഷമുള്ള ലയൺഫിഷ്, അങ്ങേയറ്റം അപകടകാരി, പിടികൂടി 39 -കാരൻ

ഇവ തെക്കൻ പസഫിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും മാത്രമാണ് കാണപ്പെടാറുള്ളത്. ഇറ്റലിയിൽ നിന്നായിരിക്കാം ഇത് ബ്രിട്ടനിലെത്തിയതെന്ന് മറൈൻ ബയോളജിസ്റ്റുകൾ അനുമാനിക്കുന്നു. 

man catches venomous lionfish from  coast of Dorset
Author
Dorset, First Published Oct 4, 2021, 11:12 AM IST

കടലിലെ ഏറ്റവും അപകടകാരികളായ ജീവികളിൽ ഒന്നാണ് മാരകമായ വിഷം ചീറ്റുന്ന ലയൺ ഫിഷ് (lionfish). അവയുടെ ശരീരത്തിലെ മുള്ളുകൾ വഴിയാണ് ഇരയുടെ ശരീരത്തിലേക്ക് അവ വിഷം കടത്തിവിടുന്നത്. കരീബിയൻ ദ്വീപുകളിൽ പൊതുവേ കാണപ്പെടാറുള്ള അവയെ ആദ്യമായി യുകെയിലും കണ്ടെത്തിയിരിക്കുന്നു. ഡോർസെറ്റ് (Dorset) തീരത്ത് നിന്നാണ് അവയെ പിടികൂടിയത്.

സെപ്റ്റംബർ 30 -ന് ചെസിൽ ബീച്ചിന് സമീപം പിതാവിനൊപ്പം മീൻ പിടിക്കാൻ പോയ 39 -കാരനാണ് ആറ് ഇഞ്ച് നീളമുള്ള മത്സ്യത്തെ പിടികൂടിയത്. അർഫോൺ സമ്മേഴ്‌സിന് തന്റെ അച്ഛൻ ബില്ലിനൊപ്പം മീൻപിടിക്കാൻ പോകുന്ന പതിവുണ്ടായിരുന്നു. എന്നാൽ, അന്ന് താൻ പിടികൂടിയത്  ലോകത്തിലെ ഏറ്റവും മാരകമായ മത്സ്യങ്ങളിലൊന്നാണ് എന്നവന് അറിയില്ലായിരുന്നു. ഇന്തോ-പസഫിക് തീരത്ത് കാണുന്ന വിഷമുള്ള സമുദ്ര മത്സ്യങ്ങളുടെ ഒരു ഇനമാണ് ലയൺ ഫിഷ്. സീബ്രാഫിഷ്, ഫയർഫിഷ്, ടർക്കിഫിഷ്, ടെറോയിസ്, ബട്ടർഫ്ലൈ-കോഡ് തുടങ്ങി നിരവധി പേരുകളിൽ അവ അറിയപ്പെടുന്നു. അതിന്റെ ശരീരത്തിൽ നിന്ന് പുറത്ത് വരുന്ന വിഷം മനുഷ്യരിൽ കടുത്ത വേദനയ്ക്കും, പക്ഷാഘാതത്തിനും കാരണമാകുന്നു.

ഇവ തെക്കൻ പസഫിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും മാത്രമാണ് കാണപ്പെടാറുള്ളത്. ഇറ്റലിയിൽ നിന്നായിരിക്കാം ഇത് ബ്രിട്ടനിലെത്തിയതെന്ന് മറൈൻ ബയോളജിസ്റ്റുകൾ അനുമാനിക്കുന്നു. ഏതെങ്കിലും അക്വേറിയത്തിൽ സൂക്ഷിച്ചിരുന്ന ഇതിനെ പിന്നീട് കടലിൽ വിട്ടതായിരിക്കാമെന്നും അവർ കണക്കാക്കുന്നു. "ഈ വേട്ടക്കാർക്ക് ഒരു കുത്തിലൂടെ ഇരകളെ കൊല്ലാൻ കഴിയും. ശത്രുക്കൾ അടുത്തെത്തിയാൽ മുള്ളൻപന്നിയെ പോലെ അവ നട്ടെല്ല് വളക്കുന്നു. അവ കൂട്ടത്തിലാണെങ്കിൽ, ഒരുമിച്ച് ചേർന്നായിരിക്കും ആക്രമിക്കുക” പ്ലൈമൗത്ത് സർവകലാശാലയിലെ ലയൺ ഫിഷ് വിദഗ്ദ്ധൻ ജേസൺ ഹാൾ-സ്പെൻസർ പറഞ്ഞു. 

മത്സ്യം അർഫോണിനെ ഉപദ്രവിച്ചില്ലെന്ന ആശ്വാസത്തിലാണ് ബിൽ. "അത് അവനെ കുത്തിയില്ല എന്നതിൽ എനിക്ക് സന്തോഷമുണ്ട്. മറ്റാരും ഇതിനെ മുൻപ് അതിനെ പിടിച്ചിട്ടില്ലായെങ്കിൽ, അവനായിരിക്കും ആദ്യമായി ബ്രിട്ടനിൽ ആ റെക്കോർഡ് തകർത്തത്" ബിൽ ദി സണ്ണിനോട് പറഞ്ഞു. 

(ചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios