Asianet News MalayalamAsianet News Malayalam

World's most prolific sperm donor : ലോകത്തിലെ ഏറ്റവുംവലിയ ബീജദാതാവ് താന്‍, 129 കുട്ടികളുണ്ടായിയെന്ന് 66-കാരന്‍

എന്നാൽ, ലൈസൻസുള്ള യുകെയിലെ ക്ലിനിക്കുകൾ വഴി മാത്രമേ ഇത് ചെയ്യാവൂ എന്ന് പറഞ്ഞ് ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റി, ജോൺസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു മെഡിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

man claimed he helps father 129 children by donating sperm
Author
UK, First Published Jan 27, 2022, 3:40 PM IST

'ലോകത്തിലെ ഏറ്റവും വലിയ ബീജദാതാവ്(sperm donor)' താനാണെന്ന അവകാശവാദവുമായി മുന്നോട്ട് വരികയാണ് യുകെയിലുള്ള ക്ലൈവ് ജോൺസ്(Clive Jones). അറുപത്തിയാറു വയസ്സുള്ള അയാൾ കഴിഞ്ഞ പത്ത് വർഷത്തിനിടെ 129 കുട്ടികളെ ജനിപ്പിക്കാൻ സഹായിച്ചതായി അവകാശപ്പെടുന്നു. യുകെയിലെ ഡെർബിയിലെ ചാഡ്‌സ്‌ഡനിൽ താമസിക്കുന്ന ക്ലൈവ് ഒരു അധ്യാപകനായിരുന്നു. ക്ലൈവ് പത്ത് വർഷത്തോളമായി ഇങ്ങനെ ഫേസ്ബുക്കിലെ പരസ്യങ്ങൾ കണ്ട് ബീജം ദാനം ചെയ്യുകയാണത്രെ. വരും മാസങ്ങളിൽ ഒമ്പത് കുഞ്ഞുങ്ങൾക്ക് കൂടി താൻ പിതാവാകുമെന്നും അയാൾ അവകാശപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം, അയാൾ തന്റെ സേവനങ്ങൾക്ക് ഒരിക്കലും പണം ഈടാക്കുന്നില്ല. പകരം കുടുംബങ്ങളുടെ സന്തോഷമാണ് അതിനുള്ള പ്രതിഫലം എന്നും അയാൾ പറയുന്നു.  

യുകെയിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ മൂലം നിരവധി ഫെർട്ടിലിറ്റി ക്ലിനിക്കുകൾ തുറന്ന് പ്രവർത്തിക്കാതായി. ഇത് രാജ്യവ്യാപകമായി ദാതാക്കളുടെ എണ്ണത്തിൽ കുറവുണ്ടാക്കി. ഇതോടെ ഇന്റർനെറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മനുഷ്യബീജത്തിന്റെ വ്യാപാരം വർധിച്ചു, പ്രത്യേകിച്ച് ഫേസ്ബുക്കിൽ. പുരുഷന്മാർ തങ്ങളുടെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഡസൻ കണക്കിന് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പുകൾ അതിലുണ്ട്. ജനിതക പ്രശ്നങ്ങൾ, വഞ്ചന, ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ അപകടസാധ്യതകൾ ഉണ്ടായിരുന്നിട്ടും ആളുകൾ ഓൺലൈനിൽ ബീജദാതാക്കളെ തേടുന്നു. 

ഔദ്യോഗിക കണക്കുകളൊന്നുമില്ലെങ്കിലും, ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റി (എച്ച്എഫ്ഇഎ)യുടെ റെഗുലേറ്റർ പറയുന്നതനുസരിച്ച്, ബ്രിട്ടനിൽ ഒരു പതിറ്റാണ്ടിനുള്ളിൽ ബീജബാങ്കിൽ നിന്ന് ശീതീകരിച്ച ബീജം ഉപയോഗിച്ചുള്ള ഐവിഎഫ് ശ്രമങ്ങളിൽ 400 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഇത് കൂടാതെ, പലരും അനധികൃതമായി ബീജം ദാനം ചെയ്യുന്നു. ക്ലൈവും അതിലൊരാളാണ്. ബീജബാങ്കുകളിൽ  ദാതാക്കളുടെ ഉയർന്ന പ്രായപരിധി 45 ആയതിനാൽ ക്ലൈവിന് ഔദ്യോഗിക ബീജദാതാവാകാൻ കഴിയില്ല. ഫേസ്ബുക്കിലൂടെയാണ് അയാൾ കുടുംബങ്ങളുമായി ബന്ധപ്പെടുന്നത്. കുട്ടികളില്ലാത്ത കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ പത്രത്തിൽ വായിച്ചതാണ് തനിക്ക് പ്രേരണയായതെന്ന് അയാൾ പറയുന്നു. തുടർന്ന്, ബീജം ദാനം ചെയ്യാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് ഒരു വെബ്‌സൈറ്റിൽ അയാൾ പോസ്റ്റിട്ടു. ഒരു മണിക്കൂറിനുള്ളിൽ ഒരു സ്ത്രീ സഹായം അഭ്യർത്ഥിച്ച് വിളിച്ചു.  

എന്നാൽ, ലൈസൻസുള്ള യുകെയിലെ ക്ലിനിക്കുകൾ വഴി മാത്രമേ ഇത് ചെയ്യാവൂ എന്ന് പറഞ്ഞ് ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റി, ജോൺസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു മെഡിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ മെഡിക്കൽ, നിയമപരമായ അപകടങ്ങൾ ഉണ്ടായേക്കാമെന്ന് അവർ പറയുന്നു. നിയമാനുസൃതമായി ബീജം ദാനം ചെയ്യുമ്പോൾ, അതിന് മുൻപായി ദാതാക്കളുടെ ശാരീരിക പരിശോധനകൾ, പശ്ചാത്തല പരിശോധനകൾ, ക്രിമിനൽ ചരിത്ര പരിശോധനകൾ, ലൈംഗികമായി പകരുന്ന രോഗങ്ങളുടെ പരിശോധനകൾ, ജനിതക പരിശോധന എന്നിവ നടത്തുന്നു. മാതാപിതാക്കളുടെ അവകാശങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന സമഗ്രമായ ഒരു നിയമ രേഖയുമുണ്ട്. എന്നാൽ, ഓൺലൈനിൽ ഇതൊന്നുമില്ലാതെയാണ് ആളുകൾ ബീജം വാങ്ങുന്നതും നൽകുന്നതും. അതുകൊണ്ട് തന്നെ അതിനുള്ള അപകടസാധ്യത കൂടുതലാണെന്നും അതോറിറ്റി പറയുന്നു. 

Follow Us:
Download App:
  • android
  • ios