തന്റെ ജോലിക്കൊപ്പം തന്നെ 'ഗുഡ്ഹാർട്ട് ഡോഗ് കോ' എന്ന പേരിൽ ഒരു പ്രീമിയം പെറ്റ് കെയർ ബിസിനസ്സ് നടത്തി ന്യൂയോർക്കിലെ ഒരു ഐടി ജീവനക്കാരനായ കോബി ഗുഡ്ഹാർട്ട്,. നായകളെ നടക്കാൻ കൊണ്ടുപോകുന്ന ഈ പാർട്ട് ടൈം സംരംഭത്തിലൂടെ പ്രതിമാസം 5.72 ലക്ഷം രൂപയിലധികമാണ് സമ്പാദിക്കുന്നത്.
വളർത്തുമൃഗങ്ങളോടുള്ള സ്നേഹം വരുമാനമുള്ള ഒരു ലക്ഷ്വറി പാർട്ട് ടൈം ബിസിനസ്സാക്കി മാറ്റിയിരിക്കുകയാണ് ന്യൂയോർക്കിലെ ഒരു ഐടി ജീവനക്കാരൻ. നഗരത്തിലേക്ക് താമസം മാറി വെറും രണ്ട് വർഷത്തിന് ശേഷം, 28-കാരനായ കോബി ഗുഡ്ഹാർട്ട് ആണ് 'ഗുഡ്ഹാർട്ട് ഡോഗ് കോ' (Goodhart Dog Co.) എന്ന പ്രീമിയം പെറ്റ് കെയർ സ്റ്റാർട്ടപ്പിലൂടെ കോടികളുടെ വരുമാനം നേടുന്നത്. തന്റെ ഫുൾടൈം എഞ്ചിനീയറിംഗ് ജോലിക്കൊപ്പം തന്നെ, ഈ പാർട്ട് ടൈം സംരംഭത്തിലൂടെ മാസം തോറും 6,000 ഡോളറിലധികം (ഏകദേശം 5.72 ലക്ഷം രൂപ) ഗുഡ്ഹാർട്ട് അധിക വരുമാനം ഉണ്ടാക്കുന്നുണ്ട്.

ലോവർ മാൻഹട്ടനിലാണ് ഗുഡ്ഹാർട്ട് തന്റെ പ്രീമിയം ഡോഗ്-വാക്കിംഗ്, പെറ്റ്-കെയർ സേവനങ്ങൾ നൽകുന്നത്. തന്റെ പ്രധാന ജോലിയുടെ സമയക്രമത്തിന് അനുസൃതമായാണ് അദ്ദേഹം ഈ ബിസിനസ്സ് കെട്ടിപ്പടുത്തിരിക്കുന്നത്. രാവിലെയും, ഉച്ചഭക്ഷണ സമയത്തും, വൈകുന്നേരങ്ങളിലും, വാരാന്ത്യങ്ങളിലുമാണ് അദ്ദേഹം നായകളെ നടത്താനായി സമയം കണ്ടെത്തുന്നത്.
തന്റെ ബിസിനസ്സ് രീതികളെക്കുറിച്ച് ഗുഡ്ഹാർട്ട് പറയുന്നത് ഇങ്ങനെ: 'എന്റെ പ്രധാന ജോലിയുടെ സമയത്തിനനുസരിച്ചാണ് ഞാൻ ഈ ബിസിനസ്സ് പൂർണ്ണമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ ഞാൻ ഒരു സഹായിയെക്കൂടി ഒപ്പം കൂട്ടിയിട്ടുണ്ട്. ഞാൻ ഓഫീസിലിരിക്കുന്ന സമയങ്ങളിൽ അവർക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകിയാണ് ചുമതല ഏൽപ്പിക്കുന്നത്. ഭാവിയിൽ ഇത് എന്റെ ഫുൾടൈം ബിസിനസ്സാക്കി മാറ്റുകയാണ് ലക്ഷ്യം.'
തന്റെ എഞ്ചിനീയറിംഗ് ജോലിക്ക് പോകുന്നതിന് തൊട്ടുമുമ്പ് അതിരാവിലെയാണ് ഗുഡ്ഹാർട്ടിന്റെ ദിവസം ആരംഭിക്കുന്നത്. ഉച്ചഭക്ഷണ സമയത്തും അദ്ദേഹം ഇതിനായി സമയം കണ്ടെത്തുന്നു. ഉച്ചതിരിഞ്ഞുള്ള സമയങ്ങളിൽ അദ്ദേഹം നിയോഗിച്ച സഹായിയാണ് കാര്യങ്ങൾ നോക്കുന്നത്. ഇരുവരും ചേർന്ന് ദിവസവും 10 മുതൽ 20 വരെ നായകളെയാണ് നിലവിൽ പരിചരിക്കുന്നത്. വാരാന്ത്യങ്ങളിൽ നായകളെ നടത്തൽ, അവയ്ക്കുള്ള പ്രത്യേക പരിശീലനം, ക്ലയന്റുകളുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയുള്ളതിനാൽ തിരക്ക് അല്പം കൂടുമെങ്കിലും, താൻ ഇത് പൂർണ്ണഹൃദയത്തോടെ ആസ്വദിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയക്ക് പുറമെ ആളുകൾ പരസ്പരം പറഞ്ഞറിഞ്ഞാണ് കൂടുതൽ പേരും തന്നെ സമീപിച്ചതെന്ന് ഗുഡ്ഹാർട്ട് വ്യക്തമാക്കി. നായകളുമായി നടക്കാൻ പോകുമ്പോൾ അപ്പാർട്ട്മെന്റുകളിലെ സെക്യൂരിറ്റി ജീവനക്കാർക്ക് ബിസിനസ്സ് കാർഡുകൾ നൽകുന്നതാണ് തന്റെ പ്രധാന മാർക്കറ്റിംഗ് രീതി. കെട്ടിടത്തിലെ എല്ലാവരുമായും അടുത്ത ബന്ധമുള്ളതിനാൽ പുതിയ ക്ലയന്റുകളെ കണ്ടെത്താൻ ഇവർ ഏറെ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
ന്യൂയോർക്കിലെ ആളുകൾ തികച്ചും തിരക്കുള്ളവരും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരുമാണ്, അതിനാൽ തങ്ങളുടെ വളർത്തുമൃഗങ്ങളെ മികച്ച രീതിയിൽ പരിചരിക്കാൻ വിശ്വസ്തനായ ഒരാളെയാണ് അവർ തിരയുന്നത്. എല്ലാവരെയും തൃപ്തിപ്പെടുത്താനല്ല, മറിച്ച് ഇതൊരു പ്രീമിയം ലക്ഷ്വറി സർവീസായി നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഗുഡ്ഹാർട്ട് വ്യക്തമാക്കുന്നു. സ്ഥലം, നായയുടെ വലിപ്പം, സ്വഭാവം, സമയം എന്നിവയെയെല്ലാം ആശ്രയിച്ചാണ് ഇതിന്റെ ഫീസ് ഈടാക്കുന്നത്. ഇതൊരു പ്രീമിയം സർവീസായതുകൊണ്ട് തന്നെ അതിനനുസരിച്ചുള്ള ഉയർന്ന തുകയാണ് ഈടാക്കുന്നത്. എന്നാൽ, നൽകുന്ന തുകയ്ക്കുള്ള മികച്ച അനുഭവം ഓരോ ക്ലയന്റിനും തങ്ങൾ ഉറപ്പുനൽകുന്നുണ്ടെന്നും ഗുഡ്ഹാർട്ട് വ്യക്തമാക്കുന്നു.
