Asianet News MalayalamAsianet News Malayalam

'പാഡ്ബാങ്കി'ലൂടെ യുവാവ് സൗജന്യമായി നല്‍കിയത് 12000 പാഡുകള്‍; ആര്‍ത്തവത്തെ കുറിച്ചുള്ള തെറ്റായ ധാരണ മാറ്റുകയും ലക്ഷ്യം

സ്ത്രീകളോട് സംസാരിക്കുന്നതിനായി അവന്‍ അനാ ഖാന്‍ എന്ന സുഹൃത്തിനെ സമീപിച്ചു. അന ആ സ്ത്രീകളോട് സംസാരിച്ചു. ജൂണ്‍ 27 -ന് ആദ്യത്തെ പാക്കറ്റ് പാഡുകള്‍ ചിത്രാന്‍ഷ് വാങ്ങി. 

man from Bareilly distributes 12000 pads for free
Author
Bareilly, First Published Jun 18, 2019, 7:11 PM IST

സ്കൂളില്‍ പഠിക്കുന്ന സമയത്ത് എല്ലാ ആണ്‍കുട്ടികളേയും പോലെത്തന്നെ ഒരാളായിരുന്നു ചിത്രാന്‍ഷും. തന്‍റെ പ്രായത്തിലുള്ള ആണ്‍കുട്ടികളെ പോലെ ടിവി പരസ്യങ്ങളില്‍ സാനിറ്ററി പാഡുകളുടെ പരസ്യങ്ങള്‍ കണ്ട് ഇതെന്താണ് എന്ന് അദ്ഭുതം കൂറിയിരുന്ന ആള് തന്നെ. പെണ്‍കുട്ടികളുടെ ആര്‍ത്തവം കളിയാക്കിച്ചിരിക്കാനുള്ള വിഷയമായിരുന്നു ചിത്രാന്‍ഷിനും സുഹൃത്തുക്കള്‍ക്കും, സ്കൂളില്‍. 

പക്ഷെ, പിന്നീടൊരു ദിവസം ചിത്രാന്‍ഷ് മനസ് നിറയെ ആര്‍ത്തവത്തെ കുറിച്ചുള്ള സംശയവുമായി അമ്മയെ സമീപിച്ചു. അവന്‍റെ അമ്മ സുനിത 'അതൊന്നും ആണ്‍കുട്ടികളറിയേണ്ട കാര്യമല്ല' എന്നും പറഞ്ഞ് അകറ്റി നിര്‍ത്താതെ അവനെ വിളിച്ച് അടുത്തിരുത്തി ആര്‍ത്തവത്തെ കുറിച്ച് എല്ലാം പറഞ്ഞ‌ു കൊടുത്തു. 

ഇന്ന്, 2019 -ല്‍ ഉത്തര്‍പ്രദേശിലെ ബറേലി എന്ന പ്രദേശത്ത്  നൂറ്റിയമ്പതോളം സ്ത്രീകള്‍ക്ക് ചിത്രാന്‍ഷ് പാഡുകളെത്തിച്ചു നല്‍കുന്നു. ചിത്രാന്‍ഷിന്‍റെ പാഡ്ബാങ്കില്‍ നിന്നും സൗജന്യമായിട്ടാണ് പാഡുകളെത്തിച്ചു നല്‍കുന്നത്. 1500 പാക്കറ്റുകള്‍ 2018 ജൂണ്‍ മുതലിങ്ങോട്ട് ചിത്രാന്‍ഷ് നല്‍കിക്കഴിഞ്ഞു. 

ഈ പ്രവര്‍ത്തനങ്ങളിലേക്കുള്ള തുടക്കം ഇങ്ങനെയാണ്: ശാസ്ത്രി നഗറില്‍ ചിത്രാന്‍ഷും കുടുംബവും താമസിക്കുന്ന സമയത്താണ്. സമീപത്തെ തെരുവുകളില്‍ താമസിക്കുന്നവരെ കുറിച്ച്, അവര്‍ക്ക് ജീവിക്കാനുള്ള വഴിയെന്തായിരിക്കുമെന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു ചിത്രാന്‍ഷ്. അവരുടെ ഒരു ദിവസത്തെ വരുമാനം പതിനഞ്ചോ ഇരുപതോ രൂപ മാത്രമായിരുന്നു. ആ ചെറിയ തുക കൊണ്ട് അവരെങ്ങനെ ജീവിക്കുന്നുവെന്ന് ആശങ്കപ്പെട്ടിരുന്നു അവന്‍. അവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു ചിത്രാന്‍ഷിന്. ഭക്ഷണം, വസ്ത്രം പണം ഇവയെ കുറിച്ചെല്ലാം അവന്‍ ആലോചിച്ചു. പക്ഷെ, തെരുവുകളില്‍ വളരെ പരിമിതമായ സ്ഥലത്ത് താമസിക്കുന്ന സ്ത്രീകളുടെ ആര്‍ത്തവ ദിനങ്ങള്‍ എത്ര മോശകരമായിരിക്കും എന്ന് അവന് ബോധ്യമുണ്ടായിരുന്നു. മാത്രവുമല്ല, ആര്‍ത്തവം എന്നത് എന്തോ മോശം കാര്യമാണെന്ന തരത്തിലുള്ള ചിന്തയായിരുന്നു അവിടെ നിലനിന്നിരുന്നത്. എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതമായ ആര്‍ത്തവദിനങ്ങള്‍ക്കുള്ള അവകാശങ്ങളുണ്ട് എന്ന ബോധ്യത്തിലായിരുന്നു ചിത്രാന്‍ഷിന്‍റെ പ്രവര്‍ത്തനങ്ങളുടെ തുടക്കം. 

അക്ഷയ് കുമാറും രാധികാ ആപ്തേയും അഭിനയിച്ച പാഡ്മാന്‍ എന്ന സിനിമയും അവന് പ്രോത്സാഹനമായി. താന്‍ ചെയ്യാനിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേരെയുണ്ടായേക്കാവുന്ന വിമര്‍ശനങ്ങളെ കുറിച്ചും അവന് നല്ല ബോധ്യമുണ്ടായിരുന്നു. ആളുകള്‍ തനിക്ക് നേരെ നോക്കി ചിരിക്കുമെന്നും അവന് അറിയാമായിരുന്നു. പക്ഷെ, മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു ചിത്രാന്‍ഷിന്‍റെ തീരുമാനം. 

man from Bareilly distributes 12000 pads for free

സ്ത്രീകളോട് സംസാരിക്കുന്നതിനായി അവന്‍ അനാ ഖാന്‍ എന്ന സുഹൃത്തിനെ സമീപിച്ചു. അന ആ സ്ത്രീകളോട് സംസാരിച്ചു. ജൂണ്‍ 27 -ന് ആദ്യത്തെ പാക്കറ്റ് പാഡുകള്‍ ചിത്രാന്‍ഷ് വാങ്ങി. തെരുവുകളിലെ സ്ത്രീകളെയെല്ലാം ഒരിടത്തിരുത്തി അവരോട് ആര്‍ത്തവ ദിനങ്ങളെ കുറിച്ച് സംസാരിച്ചു. ശുചിത്വമില്ലാത്ത ചുറ്റുപാടുകളെ കുറിച്ചും ആര്‍ത്തവ ദിനങ്ങളെ കുറിച്ചും അവരെല്ലാം ചിത്രാന്‍ഷിനോടും അനയോടും തുറന്നു സംസാരിച്ചു. പോളിത്തീന്‍, കോട്ടണ്‍ തുടങ്ങിയ തുണികളും ചാക്കിന്‍ കഷ്ണവും വരെ ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്ന സ്ത്രീകളുണ്ടായിരുന്നു. ഇതൊക്കെ എങ്ങനെയാണ് ഇന്‍ഫെക്ഷനുണ്ടാക്കുന്നത് എന്നതിനെ കുറിച്ച് അവരെ ചിത്രാന്‍ഷും അനയും സംസാരിച്ചു ബോധ്യപ്പെടുത്തി. ശേഷം അവര്‍ വാങ്ങിയ പാഡുകള്‍ വിതരണം ചെയ്തു. 

ഇന്ന്, വിവിധ തെരുവുകളിലും സ്കൂളുകളിലുമെല്ലാം ഇവര്‍ പാഡുകള്‍ നല്‍കി വരുന്നുവെങ്കിലും തുടക്കത്തില്‍ അതൊട്ടും എളുപ്പമായിരുന്നില്ല. തെരുവുകളില്‍ സ്ത്രീകളെ കണ്ട് സംസാരിക്കാന്‍ ചെല്ലുമ്പോള്‍ ആ വീടുകളില്‍ പുരുഷന്മാര്‍ അവരുടെ മുഖത്തേക്ക് വാതില്‍ വലിച്ചടച്ചു. പ്രായമായ ചില സ്ത്രീകളും ഇവരുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ത്തു. പക്ഷെ, പയ്യെപ്പയ്യെ, ചിത്രാന്‍ഷും കൂട്ടരും അവരോട് സംസാരിച്ചു തുടങ്ങി. മിക്കപ്പോഴും വീട്ടിലെ പുരുഷന്മാര്‍ ജോലിക്ക് പോയിരിക്കുമ്പോഴായിരിക്കും അവര്‍ക്ക് തുറന്ന് സംസാരിക്കാനാവുന്നത്. മാത്രവുമല്ല ചിത്രാന്‍ഷിന്‍റെ ടീമിലുള്ള ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും ആര്‍ത്തവത്തെ കുറിച്ച് മടിയില്ലാതെ സംസാരിക്കാനും പാഡുകള്‍ ചോദിച്ചു വാങ്ങാനും തുടങ്ങി അവര്‍. 

പാഡ്ബാങ്കിന്‍റെ പ്രവര്‍ത്തനം ശരിക്കും ഒരു ബാങ്കിന്‍റെ പ്രവര്‍ത്തനം പോലെ തന്നെയാണ്. ഫോട്ടോഗ്രാഫ് പതിച്ച വിലാസം വ്യക്തമാക്കുന്ന ഒരു പാസ്ബുക്ക് എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. എല്ലാ മാസവും എട്ട് പാഡുകള്‍ ഓരോ സ്ത്രീകള്‍ക്കും നല്‍കും. അതും അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയ്യതികളില്‍. എല്ലാ മാസവും ഇവര്‍ക്ക് പാഡുകള്‍ ലഭ്യമാവുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു ഇവര്‍. 

man from Bareilly distributes 12000 pads for free

ഈ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് ആരോടും ചര്‍ച്ച ചെയ്തിരുന്നില്ല ചിത്രാന്‍ഷ്, മാതാപിതാക്കളോട് പോലും. ആദ്യത്തെ തവണ പാഡ് വിതരണം ചെയ്ത ശേഷമാണ് അവന്‍ ഇക്കാര്യം മാതാപിതാക്കളുടെ മുന്നില്‍ അവതരിപ്പിച്ചത്. നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ പാഡ് വാങ്ങാന്‍ ഞങ്ങളും സഹായിച്ചേനെ എന്നായിരുന്നു അവരുടെ മറുപടി. അന്നുമുതല്‍ ഇന്ന് തൊട്ട് അമ്മ സുനിതയും അച്ഛന്‍ ദിനേഷ് സക്സേനയും പിന്തുണയും ധനസഹായവും നല്‍കുന്നു മകന്. 

സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്തും, ചില അധ്യാപകരും സുഹൃത്തുക്കളും സഹായിക്കുന്നതില്‍ നിന്നുമൊക്കെയാണ് പാഡ് വാങ്ങാനുള്ള പണം ഇവര്‍ കണ്ടെത്തുന്നത്. ശുചിത്വമുള്ളതും സുരക്ഷിതമായതുമായ ആര്‍ത്തവ ദിനങ്ങള്‍ ഉറപ്പ് വരുത്തുക എന്നതു പോലെ തന്നെ ആര്‍ത്തവത്തെ കുറിച്ച് സമൂഹത്തിനു മുന്നിലുള്ള തെറ്റായ ധാരണകള്‍ മാറ്റുക എന്ന ലക്ഷ്യം കൂടിയുണ്ട് ചിത്രാന്‍ഷിനും സംഘത്തിനും.

man from Bareilly distributes 12000 pads for free 

അതിനായി സോഷ്യല്‍ മീഡിയ അടക്കമുള്ള പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുകയും കാമ്പയിനുകള്‍ നടത്തുകയും ചെയ്യുന്നുണ്ട് ഇവര്‍. ചിത്രാന്‍ഷിനൊപ്പം ഈ പ്രവര്‍ത്തനങ്ങളില്‍ ഉത്കര്‍ഷ് സക്സേന, അന ഖാന്‍, ശില്‍പി സക്സേന, സാഹേര്‍ ചൗധരി, റാഷി ഉദിത്, ഐശ്വര്യ ലാല്‍, ജെന്നിഫര്‍ ലാല്‍, അഷേഷ അറോറ, അമാന്‍ സിദ്ദിഖി, അനില്‍ കെ റാസ്, ഇമ്മാനുവേല്‍ സിങ് എന്നിവരുമുണ്ട്. 

(കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)


 

Follow Us:
Download App:
  • android
  • ios