വീഡിയോയിൽ വളരെ മാന്യമായി വസ്ത്രം ധരിച്ച ഒരാൾ ക്ഷണിക്കപ്പെട്ട അതിഥിയെ പോലെ വിവാഹച്ചടങ്ങുകൾ നടക്കുന്ന ഹാളിനകത്തേക്ക് വരുന്നതായി കാണാം. എന്നാൽ, പൊടുന്നനെ അയാൾ പെട്ടി വലിച്ചെടുക്കുകയും അവിടെ നിന്നും ഓടിപ്പോവുകയുമായിരുന്നു.
വിളിക്കാത്ത കല്ല്യാണത്തിന് പോയി പണവും ചെക്കുകളും അടങ്ങിയ പെട്ടി അടിച്ചുമാറ്റി മുങ്ങിയ സംഭവത്തിൽ പ്രതിയെ തേടി പൊലീസ്. ഞെട്ടിക്കുന്ന സംഭവം നടന്നത് കാലിഫോർണിയയിലാണ്. മോഷണം നടത്തിയ ശേഷം മെഴ്‌സിഡസ് എസ്‌യുവിയിലാണ് ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. 60,000 ഡോളർ അതായത് ഏകദേശം 53 ലക്ഷത്തോളം രൂപയാണ് വിവാഹച്ചടങ്ങിനിടെ ഇയാൾ അടിച്ചുമാറ്റിയത്. കൂടാതെ വിവാഹസമ്മാനങ്ങളായി ലഭിച്ച ചെക്കുകയും പെട്ടിയിൽ ഉണ്ടായിരുന്നു. ഏകദേശം 70 ലക്ഷത്തോളം മൊത്തം നഷ്ടമായതാണ് കരുതുന്നത്.
ഗ്ലെൻഡേൽ പൊലീസ് ഡിപ്പാർട്ട്‌മെന്റിന് ഓഗസ്റ്റ് 31 -നാണ് മോഷണത്തെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ടുള്ള ഒരു ഫോൺകോൾ ലഭിക്കുന്നത്. പുലർച്ചെ 12.50 -നായിരുന്നു കോൾ വന്നത്. ജോർജ്ജ് ഫറാഹത്ത്, നദീൻ ഫറാഹത്ത് എന്നിവരുടെ വിവാഹാഘോഷങ്ങൾ നടന്ന റിനയസൻസ് ബാങ്ക്വറ്റ് ഹാളിലാണ് മോഷണം നടന്നത്.
കാലിഫോർണിയയിലെ പൊലീസ് ഇപ്പോൾ പ്രതിക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. 60,000 ഡോളർ പണവും ചെക്കുകളും അടങ്ങിയ പെട്ടിയുമായി അയാൾ മുങ്ങിയതായിട്ടാണ് കരുതുന്നത്. സംഭവത്തിന്റെ വീഡിയോ എബിസി ന്യൂസ് എക്‌സിൽ (ട്വിറ്റർ) ഷെയർ ചെയ്തിട്ടുണ്ട്.
‘ക്ഷണിക്കപ്പെടാത്ത അതിഥി വന്ന് 100,000 ഡോളറിലധികം വിലമതിക്കുന്ന വിവാഹ സമ്മാനങ്ങൾ വച്ചിരുന്ന ഒരു പെട്ടി മോഷ്ടിച്ചുകൊണ്ടുപോയതോടെ നവദമ്പതികൾക്ക് ആഹ്ലാദത്തിന്റേതായി മാറേണ്ടിയിരുന്ന വിവാഹരാത്രി ഹൃദയഭേദകമായ രാത്രിയായി മാറി’ എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്.
വീഡിയോയിൽ വളരെ മാന്യമായി വസ്ത്രം ധരിച്ച ഒരാൾ ക്ഷണിക്കപ്പെട്ട അതിഥിയെ പോലെ വിവാഹച്ചടങ്ങുകൾ നടക്കുന്ന ഹാളിനകത്തേക്ക് വരുന്നതായി കാണാം. എന്നാൽ, പൊടുന്നനെ അയാൾ പെട്ടി വലിച്ചെടുക്കുകയും അവിടെ നിന്നും ഓടിപ്പോവുകയുമായിരുന്നു. മെഴ്സിഡസിലാണ് ഇയാൾ രക്ഷപ്പെട്ടത് എന്നും പറയുന്നു. എന്തായാലും സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
