പഠിക്കാന്‍ ആഗ്രഹമുണ്ടോ? വയസ്സ് ഒരു പ്രശ്നമേ അല്ല എന്നാണ് പറയാറ്. എസ്. എം മിസ്‍കീന്‍ എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് അത് തെളിയിച്ചിരിക്കുകയാണ്. 91 -ാമത്തെ വയസ്സില്‍ തന്‍റെ പിഎച്ച്ഡി നേടി അതിന്‍റെ ആഘോഷവും കഴിഞ്ഞിരിക്കുകയാണ് മിസ്‍കീന്‍. തമിഴ്‍നാട്ടില്‍ പിഎച്ച്ഡി നേടുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയായി മിസ്‍കീന്‍. 2019 ഏപ്രിലില്‍ ചെക്ക് സംബന്ധമായ വിഷയത്തിലാണ് മിസ്‍കീന്‍ തന്‍റെ തീസീസ് സമര്‍പ്പിച്ചത്. തിരുച്ചിറാപ്പള്ളി ഭാരതിദാസന്‍ യൂണിവേഴ്‍സിറ്റിയില്‍ നിന്ന് തമിഴ്‍നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതില്‍ നിന്ന് അദ്ദേഹം സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. 

'വയസ്സ് വിദ്യാഭ്യാസത്തിന് ഒരു തടസ്സമേയല്ല. നിങ്ങള്‍ക്ക് ചെയ്യാന്‍ താല്‍പര്യമുള്ള നിങ്ങള്‍ക്കിഷ്ടമുള്ള എന്തും ഏത് പ്രായത്തിലും ചെയ്യാം. പ്രായത്തിന്‍റെ അവശതയിലും ബുദ്ധിമുട്ടിലും ഞാന്‍ ചെയ്‍ത കാര്യങ്ങളില്‍ എനിക്ക് സന്തോഷമുണ്ട്...' മിസ്‍കീന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു. 

‘An analytical study of judicial verdicts in cheque dishonour cases and their impact on the offenders’ എന്ന പേരിലാണ് മിസ്‍കീന്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ട്രിച്ചി സെന്‍റ്. ജോസഫ്‍സ് കോളേജ് മുന്‍ വൈസ് പ്രിന്‍സിപ്പലും റിട്ട. കൊമേഴ്‍സ് പ്രൊഫസറുമായ ഡോ. ഐസക്ക് ഫ്രാന്‍സിസ് ജ്ഞാനശേഖറെയാണ് മിസ്‍കീന് ഗൈഡായി ലഭിച്ചത്. 2014 -ലാണ് പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്‍തത്. 2018 -ല്‍ സിനോപ്‍സിസ് സമര്‍പ്പിച്ചു. ആറ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്നിരിക്കെ അഞ്ച് വര്‍ഷം കൊണ്ട് തന്നെ ഈ ഏപ്രിലില്‍ മിസ്‍കീന്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി. 

തിരൂവാരൂര്‍ സ്വദേശിയാണ് മിസ്‍കീന്‍. 1928 -ല്‍ കോതനല്ലൂരിലാണ് മിസ്‍കീന്‍ ജനിച്ചത്. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഹൈസ്‍കൂള്‍ വിദ്യാഭ്യാസത്തിനായി മദ്രാസിലേക്ക് അച്ഛനൊപ്പം മാറി മിസ്‍കീന്‍. മിസ്‍കീന്‍ എട്ടാം ഗ്രേഡില്‍ പഠിക്കുമ്പോഴാണ് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. യുദ്ധം നടന്നുകൊണ്ടിരിക്കെ സ്കൂളില്‍ നിന്നും കോളേജില്‍ നിന്നുമടക്കം മദ്രാസില്‍ ആളുകളെ ഒഴിപ്പിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നാട്ടിലേക്ക് തിരികെ വന്ന് ഒമ്പതാം ഗ്രേഡ് വരെ അവിടെ പഠിച്ചു മിസ്‍കീന്‍. 

പിന്നീട്, വീണ്ടും നഗരത്തിലേക്ക് തിരികെയെത്തി അവിടെ സ്‍കൂള്‍ പഠനം പൂര്‍ത്തിയാക്കുകയും 1950 -ല്‍ ലയോള കോളേജില്‍ നിന്നും കൊമേഴ്‍സില്‍ ബിരുദമെടുക്കുകയും ചെയ്‍തു. പിന്നീട്, രണ്ടര വര്‍ഷം വിയറ്റ്നാമില്‍ ഫാമിലി ബിസിനസില്‍ സഹായിച്ചു. 1953 -ല്‍ സൈഗൂണില്‍ അഭ്യന്തരയുദ്ധകാലത്ത് ഇന്ത്യയിലേക്ക് തിരികെയെത്തി ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിക്ക് ചേര്‍ന്നു. 1956 -ല്‍ സിഎ പൂര്‍ത്തിയാക്കി. പിന്നീട് സ്വന്തം നാടായ തിരുവാരൂരിലെത്തി പ്രാക്ടീസ് തുടങ്ങി. തന്‍റെ നാടാണ് തന്നെ വളര്‍ത്തിയത്, അതുകൊണ്ട് തന്നെ ആ നാടിന് തന്നെക്കൊണ്ട് ഉപകാരമുണ്ടാവണം എന്ന ചിന്തയാണ് നാട്ടില്‍ ചെന്ന് പ്രാക്ടീസ് ചെയ്യുന്നതിന് തന്നെ പ്രേരിപ്പിച്ചതെന്ന് മിസ്‍കീന്‍ പറയുന്നു. 

1960 മുതല്‍ ഇന്നുവരെ അദ്ദേഹം അവിടെ പ്രാക്ടീസ് ചെയ്യുന്നു. ഒരു രൂപ പോലും ഫീസ് വാങ്ങാതെ മിസ്‍കീന്‍ ജോലി ചെയ്‍തുകൊടുക്കുന്നവര്‍ വരെയുണ്ട് അവിടെ. അവരെല്ലാം എത്രയോ നീണ്ട വര്‍ഷങ്ങളായി മിസ്‍കീനെ കാണാനെത്തുന്നവരാണ്. 1968 -ല്‍ ലയണ്‍സ് ക്ലബ്ബ് ഇന്‍റര്‍നാഷണലില്‍ ചേരുന്നു മിസ്‍കീന്‍. പിന്നീട് ക്ലബ്ബിനൊപ്പം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും മറ്റും പങ്കെടുത്തു. അതിന്‍റെ ഭാഗമായി പാവങ്ങള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുന്ന ആശുപത്രി ആരംഭിച്ചു അദ്ദേഹം. പിന്നീട് സ്ത്രീകള്‍ക്ക് മാത്രമായി ആര്‍ എ കോളേജ് എന്ന വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. കൃഷിക്കാരുടെ വീട്ടില്‍നിന്നുള്ള വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ തലമുറയായിരുന്നു അവിടെ ആദ്യ വിദ്യാര്‍ത്ഥിനികള്‍. തുടങ്ങുമ്പോള്‍ 83 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നതെങ്കിലും ഇന്നത് 2000 ആയിരിക്കുന്നു. 

വർഷങ്ങളായി വിദ്യാഭ്യാസ നിരയിൽ ജോലി ചെയ്യുന്നതിനിടയിലാണ് മിസ്‍കീൻ ചെക്ക് ബൗണ്‍സിങ്ങുമായുള്ള കാര്യങ്ങള്‍ കൂടുതല്‍ പഠിക്കുന്നത്. 1982 മുതൽ ഇന്ത്യൻ പീനൽ കോഡ് പ്രകാരം കുറ്റമായി കണക്കാക്കപ്പെടുന്നതാണിത്. വാണിജ്യലോകത്ത് പ്രവർത്തിക്കുന്ന ഭൂരിഭാഗം ആളുകൾക്കും ഒരു പരിധിവരെ ഇതറിയില്ല. അങ്ങനെ അത് പരിശോധിച്ച് വിഷയത്തിൽ തന്റെ തീസിസ് ചെയ്യാൻ മിസ്‍കീന്‍ തീരുമാനിച്ചു. അതിനായി സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമുണ്ടായിരുന്ന 400 കേസുകള്‍ അദ്ദേഹം പഠിച്ചു. തീസിസ് സമര്‍പ്പിച്ചു. 

തന്‍റെ പ്രബന്ധത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മിസ്‍കീന് സർക്കാരിനോടും ചില നിര്‍ദ്ദേശങ്ങള്‍ പറയാനുണ്ട്. 1881 -ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ്സ് ആക്റ്റ് ഭേദഗതി ചെയ്യണമെന്നതാണത്. ഇന്ത്യയിലെ ജനസംഖ്യയുടെ 50 ശതമാനത്തിലധികവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം ചിലപ്പോൾ അവർക്ക് കടം തിരിച്ചടയ്ക്കാൻ കഴിഞ്ഞേക്കില്ല. അത്തരം സാഹചര്യങ്ങളൊഴിവാക്കാന്‍ നിയമം ഭേദഗതി ചെയ്യണമെന്ന് മിസ്കീൻ പറയുന്നു.

തന്‍റെ പ്രവൃത്തി ഒരുപാട് യുവാക്കളെ ആകര്‍ഷിക്കുമെന്നും പ്രചോദിപ്പിക്കുമെന്നും കരുതുന്നതായി മിസ്‍കീന്‍ പറയുന്നു. വിദ്യാഭ്യാസത്തിന് പ്രായം തടസ്സമേയല്ലെന്ന് മനസിലാക്കാന്‍ അവര്‍ക്ക് കഴിയണമെന്നും ഭൂമിയില്‍ നിന്ന് എന്നേക്കുമായി പോകുന്നത് വരെയുള്ള ഏത് സമയവും പഠിക്കാമെന്നും അദ്ദേഹം പറയുന്നു.