അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസ് ജേണൽസിൽ പ്രസിദ്ധീകരിച്ച കേസ് റിപ്പോർട്ട് പ്രകാരം, ഈ 60 -കാരൻ മൂന്ന് മാസമായി സോഡിയം ബ്രോമൈഡ് ഉപയോഗിച്ചു വരികയായിരുന്നു.

ഡയറ്റിന്റെ കാര്യത്തിലും മറ്റും ചാറ്റ്ജിപിടിയോട് സംശയം ചോദിക്കുന്നവരുണ്ട്. അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നവരുമുണ്ട്. എന്നാൽ, എല്ലായ്‍പ്പോഴും ഇത് നമുക്ക് സഹായകരമാകണം എന്നില്ല. മാത്രമല്ല, അത് ചില അപകടങ്ങളിലേക്ക് കൂടി നയിച്ചേക്കാം. അതുപോലെ, കാനഡയിൽ നിന്നുള്ള ഒരു 60 -കാരൻ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് കഷ്ടിച്ചാണ്.

ഉപ്പിന്റെ ദൂഷ്യവശങ്ങളെ കുറിച്ചാണ് ഇയാൾ ചാറ്റ്ജിപിടിയോട് അന്വേഷിച്ചത്. പിന്നാലെ, അതിനനുസരിച്ച് തന്റെ ഡയറ്റും ഇയാൾ മാറ്റി. പകരമായി സോഡിയം ബ്രോമൈഡാണ് ഇയാൾ ഉപ്പിന് പകരമായി ഉപയോ​ഗിച്ചത്. 1900 -കളിൽ മരുന്നുകളിൽ വ്യാപകമായി ഉപയോ​ഗിച്ചിരുന്ന ഇത് പിന്നീട് വലിയ അളവിൽ കഴിക്കുന്നത് വിഷമായിത്തീരും എന്ന് കണ്ടുപിടിക്കുകയായിരുന്നു.

അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസ് ജേണൽസിൽ പ്രസിദ്ധീകരിച്ച കേസ് റിപ്പോർട്ട് പ്രകാരം, ഈ 60 -കാരൻ മൂന്ന് മാസമായി സോഡിയം ബ്രോമൈഡ് ഉപയോഗിച്ചു വരികയായിരുന്നു. AI -യുടെ ഉപദേശത്തിന് പിന്നാലെ ഓൺലൈനിൽ നിന്നാണ് അദ്ദേഹം ഇത് വാങ്ങിയത്. എന്നാൽ, പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വച്ച് തന്റെ അയൽക്കാരനാണ് തന്നെ കൊല്ലാനായി തനിക്ക് വിഷം നൽകിയത് എന്നും ഇയാൾ ആരോപിച്ചു.

ആദ്യമൊന്നും ഇയാൾ താൻ എന്തെങ്കിലും മരുന്നോ സപ്ലിമെന്റ്സോ കഴിക്കുന്നുണ്ട് എന്ന് സമ്മതിച്ചില്ല. എന്നാൽ, പിന്നീട് താൻ ഭക്ഷണത്തിൽ ചില നിയന്ത്രണങ്ങളെല്ലാം പാലിക്കുന്നുണ്ട് എന്നും വെള്ളം വീട്ടിൽ തയ്യാറാക്കി കുടിക്കുകയാണ് എന്നും പറയുകയായിരുന്നു.

ആശുപത്രിയിൽ കഴിയവേ തന്നെ ഇയാൾക്ക് ഹാലൂസിനേഷൻ അടക്കം മറ്റ് പല ന്യൂറോ സൈക്യാട്രിക് ലക്ഷണങ്ങളും കണ്ട് തുടങ്ങി. പിന്നീട് ഇയാളെ സൈക്യാട്രി വാർഡിൽ പ്രവേശിപ്പിച്ചു. ഏറ്റവും ഒടുവിലാണ് താൻ ചാറ്റ്ജിപിടിയുടെ ഉപദേശം തേടിയ ശേഷം ഉപ്പിന് പകരം സോഡിയം ബ്രോമൈഡാണ് ഉപയോ​ഗിച്ചിരുന്നത് എന്ന് ഇയാൾ പറഞ്ഞത്.

എന്തായാലും, ചാറ്റ്ജിപിടിയോട് മാത്രം ചോദിച്ച് ഡയറ്റിൽ മാറ്റം വരുത്താതിരിക്കുക എന്നാണ് വിദ​ഗ്‍ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.