കഴിഞ്ഞ വർഷം മിഷിഗണിലെ ഡിട്രോയിറ്റിൽ സമാനമായ ഒരു സംഭവം ഉണ്ടായി, അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ 14 വയസ്സുള്ള ആൺകുട്ടി അവന്റെ അമ്മയുടെ കാമുകനെ വെടിവച്ചു കൊന്നിരുന്നു.

ലോകത്തെല്ലായിടത്തും ഗാര്‍ഹികപീഡനങ്ങളുണ്ട്(Domestic violence). എത്രയോ സ്ത്രീകളും കുടുംബവുമാണ് അതിനെ അതിജീവിച്ച് കഴിയുന്നത്. ഇവിടെ അമ്മയെ സ്ഥിരമായി കാമുകന്‍ ഉപദ്രവിക്കുന്നത് കണ്ട് മനം മടുത്ത യുവാവ് ഒടുവില്‍ അമ്മയുടെ കാമുകനെ(boyfriend) വെടിവച്ച്(shot dead) കൊന്നിരിക്കുകയാണ്. രണ്ട് തവണയാണ് ന്യൂയോര്‍ക്കിലെ അപാര്‍ട്മെന്‍റില്‍ വച്ച് ഇയാള്‍ അമ്മയുടെ കാമുകന് നേരെ വെടിവച്ചത്. 

65 -ാം അവന്യൂവിലെ ഒരു അപ്പാർട്ട്മെന്റിന്റെ നാലാം നിലയിലുള്ള പാർസൺസ് ബൊളിവാർഡിന്റെ പോമോനോക്ക് ഹൗസിൽ ചൊവ്വാഴ്ച വൈകുന്നേരം 7:20 ഓടെയാണ് പൊലീസ് എത്തിയത്. തലയിലും നെഞ്ചിലും വെടിയേറ്റ 47 -കാരനെ ഇവിടെ അവർ കണ്ടെത്തി. ഡോക്ടർമാർ അയാളെ ന്യൂയോർക്ക്-പ്രെസ്ബിറ്റേറിയൻ ക്വീൻസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

“അയാള്‍ അത് അർഹിക്കുന്നുണ്ട്. അയാൾ ആ സ്ത്രീയെ എപ്പോഴും തല്ലുമായിരുന്നു. അയാള്‍ എല്ലാ ദിവസവും മദ്യപിക്കുകയും അവളെയും മകനെയും വല്ലാതെ ഉപദ്രവിക്കുകയും ചെയ്തു” താഴെ നിലയിൽ താമസിക്കുന്ന ഒരു കുടുംബ സുഹൃത്ത് ന്യൂയോർക്ക് ഡെയ്‌ലി ന്യൂസിനോട് പറഞ്ഞു. രണ്ട് വെടിയൊച്ചകള്‍ കേട്ടുവെന്നും അപ്പോഴേക്കും പൊലീസെത്തി എന്നും കൂടി ഇയാള്‍ പറയുന്നു. 

ഈ സംഭവത്തിന് മുമ്പ് തന്നെ 2018 -ലെ ഒരു ഗാര്‍ഹികപീഡന പരാതിയിലും പൊലീസ് ഇടപെട്ടിരുന്നു. അമ്മയെ ആക്രമിക്കുന്നതിനിടയിലാണോ മകന്‍ വെടിവച്ചത് അതോ അയാളുമായി എന്തെങ്കിലും പ്രശ്നമുണ്ടായ നേരത്താണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കൊല്ലപ്പെട്ടയാളുടെയും കൊന്നയാളുടെയും പേരുകള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. 

കഴിഞ്ഞ വർഷം മിഷിഗണിലെ ഡിട്രോയിറ്റിൽ സമാനമായ ഒരു സംഭവം ഉണ്ടായി, അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ 14 വയസ്സുള്ള ആൺകുട്ടി അവന്റെ അമ്മയുടെ കാമുകനെ വെടിവച്ചു കൊന്നിരുന്നു. 34 -കാരിയായ അമ്മയും അവളുടെ കാമുകനാണെന്ന് പറയപ്പെടുന്ന 38 -കാരനും തമ്മിൽ അർദ്ധരാത്രിക്ക് ശേഷമാണ് വഴക്കുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുത്തതായും ആയുധം കണ്ടെടുത്തതായും ഡിട്രോയിറ്റ് പൊലീസ് പറഞ്ഞിരുന്നു.