യുവാവ് വളരെ സാധാരണ കാര്യമെന്നതുപോലെ സൈനികന്റെ ശവകുടീരത്തിൽ ജ്വലിച്ച് നിൽക്കുന്ന അ​ഗ്നിയിൽ നിന്നും സി​ഗരറ്റ് കത്തിക്കുകയും ഒന്നും സംഭവിക്കാത്തതുപോലെ നടന്നു നീങ്ങുകയും ചെയ്യുന്നതാണ് കാണുന്നത്.

പാരീസിലെ 'അജ്ഞാതനായ സൈനികന്റെ ശവകുടീര'ത്തിലെ (Tomb of the Unknown Soldier) കെടാവിളക്കിൽ നിന്നും സി​ഗരറ്റ് കത്തിച്ച യുവാവിന് നേരെ സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രതിഷേധം. യുവാവ് സിഗരറ്റ് കത്തിക്കുന്ന വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ഉയരുന്നത്.

എക്‌സിൽ (ട്വിറ്റർ) പ്രചരിക്കുന്ന വീഡിയോയിൽ കറുത്ത ഹൂഡിയും വെളുത്ത പാന്റും ധരിച്ച യുവാവ് വായിൽ സി​ഗരറ്റുമായി കെടാവിളക്കിന്റെ അരികിൽ നിൽക്കുന്നത് കാണാം. ആ സമയത്ത് മറ്റുള്ളവർ ശവകുടീരത്തിന്റെ സമീപത്ത് നിന്നും ഇയാളെ നോക്കുന്നതും കാണാം.

പിന്നാലെ, യുവാവ് വളരെ സാധാരണ കാര്യമെന്നതുപോലെ സൈനികന്റെ ശവകുടീരത്തിൽ ജ്വലിച്ച് നിൽക്കുന്ന അ​ഗ്നിയിൽ നിന്നും സി​ഗരറ്റ് കത്തിക്കുകയും ഒന്നും സംഭവിക്കാത്തതുപോലെ നടന്നു നീങ്ങുകയും ചെയ്യുന്നതാണ് കാണുന്നത്. ഇതിനെതിരെ പിന്നീട് വലിയ വിമർശനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉയരുകയായിരുന്നു.

Scroll to load tweet…

നിരവധിപ്പേരാണ് യുവാവ് ചെയ്തത് അനുചിതവും ബഹുമാനക്കുറവുമാണ് എന്ന് അഭിപ്രായപ്പെട്ടത്. 'മതപരമായ വേർതിരിവുകളൊന്നും ഇല്ലാതെ തന്നെ ഫ്രാൻസിൽ 'പവിത്രമായ' ഇടമായി കണക്കാക്കുന്ന സ്ഥലമാണിത്. ജീവിതത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഫ്രാൻസ് നൽകിയ വിലയുടെ പ്രതീകമാണ് ഈ ശവകുടീരം. ഫ്രാൻസിൽ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും നിയമമുണ്ടോ എന്നറിയില്ല. ഉണ്ടാവട്ടേയെന്നും അത് പ്രകാരം സി​ഗരറ്റ് കത്തിച്ചയാൾ ശിക്ഷിക്കപ്പെടട്ടെ എന്നും ആ​ഗ്രഹിക്കുന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയത്.

അതേസമയം, ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട അജ്ഞാതനായ ഫ്രഞ്ച് പട്ടാളക്കാരനെ ആദരിക്കുന്നതിന് വേണ്ടിയാണ് ആർക്ക് ഡി ട്രയോംഫിന് കീഴിൽ 'അജ്ഞാതനായ സൈനികന്റെ ശവകുടീരം' സ്ഥാപിച്ചത്. 1920 -ൽ സ്ഥാപിച്ച ഈ ശവകുടീരം യുദ്ധത്തിൽ മരിച്ച എല്ലാ ഫ്രഞ്ച് പട്ടാളക്കാർക്കുമുള്ള ആദരവും ആദരാഞ്ജലിയുമായിട്ടാണ് നിലകൊള്ളുന്നത്.