വെള്ള വസ്ത്രവും നരച്ച മുടിയും ഉള്ള ഒരു പെൺകുട്ടി ചിലപ്പോഴൊക്കെ രാത്രികാലങ്ങളിൽ തന്നെ കാണാൻ വരാറുണ്ടെന്നും അവൾ തന്നെ നോക്കി നിൽക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും അവൾ തന്നെ ഭയപ്പെടുത്തിയിട്ടില്ലെന്നും മാർക്ക് പറയുന്നു.
ഈ മനുഷ്യനെ കുറിച്ച് കേൾക്കുമ്പോൾ ഏതെങ്കിലും നോവലിലെയോ സിനിമയിലെയോ കഥാപാത്രമായി ചിലപ്പോൾ തോന്നിയേക്കാം. പക്ഷേ, അങ്ങനെയല്ല ഇതൊരു ജീവനുള്ള യഥാർത്ഥ മനുഷ്യനാണ്. കഴിഞ്ഞ 23 വർഷമായി ഈ മനുഷ്യൻ ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം മരിച്ചവർക്കിടയിലാണ്. തനിക്ക് ജീവിതത്തിൽ ഏറ്റവും അധികം സന്തോഷവും സമാധാനവും ലഭിക്കുന്നത് ശവക്കല്ലറകൾക്കിടയിൽ ഇരിക്കുമ്പോഴാണ് എന്നാണ് ഇയാൾ പറയുന്നത്. അതുകൊണ്ടുതന്നെയാണ് പലരും ശവക്കോട്ടക്കുള്ളിലെ താമസം അവസാനിപ്പിക്കണമെന്ന് നിർബന്ധിച്ചിട്ടും മാർക്ക് കോക്സ് എന്ന ഈ 54 -കാരൻ അതിന് തയ്യാറാകാത്തത്. 1999 മുതൽ ബർമിംഗ്ഹാമിലെ വിറ്റൺ സെമിത്തേരിയിലാണ് മാർക്ക് താമസിച്ചു വരുന്നത്.
ഗൾഫ് യുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനികൻ കൂടിയായ ഇദ്ദേഹം പറയുന്നത് ജീവിതത്തിൽ താൻ ഏറ്റവും അധികം സന്തോഷം കണ്ടെത്തുന്നത് സെമിത്തേരിയിൽ ഇരിക്കുമ്പോഴാണ് എന്നാണ്. പലരും തന്നോട് ഇവിടെ ഒറ്റയ്ക്ക് താമസിക്കാൻ ഭയമില്ലേ എന്ന് ചോദിക്കാറുണ്ടെന്നും എന്നാൽ തനിക്ക് മരിച്ചവരെക്കാൾ ജീവിച്ചിരിക്കുന്നവരെയാണ് ഭയമെന്നും ഇയാൾ പറയുന്നു.
വെള്ള വസ്ത്രവും നരച്ച മുടിയും ഉള്ള ഒരു പെൺകുട്ടി ചിലപ്പോഴൊക്കെ രാത്രികാലങ്ങളിൽ തന്നെ കാണാൻ വരാറുണ്ടെന്നും അവൾ തന്നെ നോക്കി നിൽക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും അവൾ തന്നെ ഭയപ്പെടുത്തിയിട്ടില്ലെന്നും മാർക്ക് പറയുന്നു. അവളെ കൂടാതെ ആമി എന്ന് താൻ പേരിട്ട് വിളിക്കുന്ന മറ്റൊരു യുവതിയുടെ സാമീപ്യവും മിക്ക ദിവസങ്ങളിലും തനിക്ക് അനുഭവപ്പെടാറുണ്ടെന്നും ഇദ്ദേഹം പറയുന്നു.
എന്നാൽ, ഇവരാരും ഇതുവരെ തനിക്കൊരു ഉപദ്രവവും ഉണ്ടാക്കിയിട്ടില്ലെന്നും ഇവരോടൊപ്പം ഉള്ള ജീവിതം ഏറെ സന്തോഷകരമാണെന്നും ആണ് മാർക്കിന്റെ വിചിത്ര വാദം. തനിക്ക് എന്തെങ്കിലും സംസാരിക്കാനോ തമാശ പറയാൻ ഒക്കെ തോന്നുമ്പോൾ താൻ കല്ലറകൾക്കിടയിൽ ഇരുന്നാണ് സംസാരിക്കാറെന്നും ആത്മാക്കളാണ് ഇപ്പോൾ തന്റെ പ്രിയപ്പെട്ട കൂട്ടുകാരെന്നും മാർക്ക് പറയുന്നു.
(ചിത്രം പ്രതീകാത്മകം)
