ആമസോണിൽ നിന്ന് 2.9 ലക്ഷം രൂപയുടെ ഗ്രാഫിക്സ് കാർഡ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഒരു കിലോ ഡിറ്റർജന്റ് പൗഡർ. ഡെലിവറി സമയത്ത് തന്നെ പാക്കേജിലെ സീൽ പൊട്ടിച്ചതായും തൂക്കത്തിൽ വ്യത്യാസമുണ്ടായിരുന്നെന്നും യുവാവ്.

ആമസോണിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഗ്രാഫിക്സ് കാർഡ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഒരു കിലോ ഡിറ്റർജന്റ് പൗഡർ. ഏകദേശം 2.9 ലക്ഷം രൂപ വിലവരുന്ന 'ഗിഗാബൈറ്റ് ആർ.ടി.എക്സ് 5090' എന്ന ഹൈ-എൻഡ് ഗ്രാഫിക്സ് കാർഡാണ് യുവാവ് ഓർഡർ ചെയ്തത്. എന്നാൽ അതിന് പകരം ഘടി ഡിറ്റർജന്റ് പൗഡറാണ് യുവാവിന് ലഭിച്ചത്. സ്വാഗത് നായക് എന്ന യുവാവാണ് തനിക്കുണ്ടായ ദുരനുഭവം എക്സിൽ (ട്വിറ്റർ) പങ്കുവെച്ചത്. തന്റെ സ്റ്റാർട്ടപ്പിന് വേണ്ടിയിട്ടാണത്രെ സ്വാഗത് ഈ ഗ്രാഫിക്സ് കാർഡ് ഓർഡർ ചെയ്തത്.

ആമസോൺ വെയർഹൗസിൽ നിന്ന് നേരിട്ട് അയക്കുന്ന 'ഫുൾഫിൽഡ് ബൈ ആമസോൺ' സർവീസിലൂടെയാണ് പാക്കേജ് എത്തിയത്. എന്നാൽ, ഡെലിവറി സമയത്ത് തന്നെ പാക്കറ്റിലെ സീൽ പൊട്ടിച്ചതായും പകരം വ്യാജ ബാർകോഡ് ഒട്ടിച്ചതായും ശ്രദ്ധയിൽപ്പെട്ടതായി സ്വാഗത് പറയുന്നു. യഥാർത്ഥ ഗ്രാഫിക്സ് കാർഡിന്റെ ബോക്സിന് ഏകദേശം 3 കിലോ തൂക്കമുണ്ടാകും. എന്നാൽ തനിക്ക് ലഭിച്ച പാക്കേജിന്റെ ലേബലിൽ രേഖപ്പെടുത്തിയിരിക്കുന്നത് 1.56 കിലോ മാത്രമാണ്. ഇത് ഡിറ്റർജെന്റിന്റെയും പാക്കിംഗിന്റെയും കൃത്യമായ തൂക്കമാണെന്നാണ് സ്വാ​ഗത് പറയുന്നത്.

Scroll to load tweet…

പിന്നാലെ യുവാവ് പരാതി നൽകി. പരാതി നൽകി 15 മിനിറ്റിനുള്ളിൽ തന്നെ ആമസോൺ സപ്പോർട്ട് റീഫണ്ട് നൽകാൻ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തു. വെയർഹൗസ് സ്കാനിംഗിൽ ഈ തൂക്ക വ്യത്യാസം എങ്ങനെ അധികൃതർ തിരിച്ചറിഞ്ഞില്ലെന്നും സ്വാ​ഗത് ചോദിക്കുന്നു. സംഭവത്തിന്റെ വീഡിയോയും സ്വാഗത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ചിലർ തങ്ങൾക്കും സമാനമായ രീതിയിൽ സാധനങ്ങൾ മാറി ലഭിച്ചിട്ടുണ്ടെന്ന് കമന്റ് നൽകി. അതേസമയം, വീഡിയോ എഡിറ്റ് ചെയ്തതാണെന്ന സംശയവും ചിലർ പ്രകടിപ്പിച്ചു.