2023 -ലാണ് കോടതി, യുവാവിന്റെ മുൻഭാര്യയ്ക്ക് ഒറ്റത്തവണയായി 12 ലക്ഷം രൂപ ജീവനാംശം അനുവദിച്ചത്. എന്നാൽ, കുടുംബ കോടതിയുടെ ഈ വിധിയെ സ്ത്രീ ചോദ്യം ചെയ്യുകയായിരുന്നു.

ജീവനാംശം കൊടുക്കാതിരിക്കാനും കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാതിരിക്കാനും ജോലിയില്ല എന്ന് അവകാശപ്പെട്ട യുവാവിനോട് മാസാമാസം മുൻഭാര്യയ്ക്ക് നിശ്ചിതതുക നൽകാൻ കോടതി. വിവരാവകാശ അപേക്ഷയിലൂടെ യഥാർത്ഥത്തിൽ യുവാവിന് എത്ര വരുമാനമുണ്ട് എന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയുത്തരവ്. മാസം ഏകദേശം ഒരുലക്ഷയോളം രൂപ മുൻഭാര്യയ്ക്ക് നൽകാൻ കോടതി ഇയാളോട് ആവശ്യപ്പെട്ടു.

ജാർഖണ്ഡ് ഹൈക്കോടതിയാണ് ഇയാളുടെ ‌മുൻ ഭാര്യയ്ക്കും ഓട്ടിസം ബാധിച്ച മകനും പ്രതിമാസം 90,000 രൂപ നൽകണം എന്ന് വിധിച്ചിരിക്കുന്നത്. ഇതിൽ ഭാര്യയ്ക്ക് 50,000 രൂപയും കുട്ടിയുടെ പരിചരണത്തിനും ചികിത്സയ്ക്കുമായി 40,000 രൂപയുമാണ് നൽകേണ്ടത്.

മുംബൈയിലെ ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിലൂടെ യുവാവ് പ്രതിവർഷം 27 ലക്ഷം രൂപ സമ്പാദിക്കുന്നു എന്നാണ് വിവരാവകാശം വഴി വ്യക്തമായിരിക്കുന്നത്. അതേസമയം യുവാവ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടത് താൻ തൊഴിൽരഹിതനാണ് എന്നായിരുന്നു.

2023 -ലാണ് കോടതി, യുവാവിന്റെ മുൻഭാര്യയ്ക്ക് ഒറ്റത്തവണയായി 12 ലക്ഷം രൂപ ജീവനാംശം അനുവദിച്ചത്. എന്നാൽ, കുടുംബ കോടതിയുടെ ഈ വിധിയെ സ്ത്രീ ചോദ്യം ചെയ്യുകയായിരുന്നു. പ്രത്യേകിച്ച് മകന്റെ അവസ്ഥയാണ് അവർ എടുത്തുകാണിച്ചത്. ദീർഘകാലത്തേക്ക് തെറാപ്പി വേണമെന്നതും മറ്റും കണക്കിലെടുക്കുമ്പോൾ ഈ തുക പര്യാപ്തമല്ല എന്നായിരുന്നു അവർ പറഞ്ഞത്.

ഗാർഹിക പീഡനം, പണവും എസ്‍യുവിയും അടക്കം സ്ത്രീധനം ആവശ്യപ്പെടൽ, തന്നെയും മകനെയും ഉപേക്ഷിക്കൽ തുടങ്ങിയവയെല്ലാം ഇവർ ഭർത്താവിന് മേലെ ആരോപിച്ചു. ഭർത്താവ് പിന്നീട് ബന്ധം ഉപേക്ഷിക്കുകയും ഇവർക്ക് സാമ്പത്തിക സഹായം നിരസിക്കുകയും ചെയ്യുകയായിരുന്നു.

തനിക്ക് തൊഴിലില്ല എന്നും ഇയാൾ കോടതിയെ അറിയിച്ചു. എന്നാൽ, ആദായനികുതി വകുപ്പിൽ നിന്നുള്ള വിവരാവകാശ രേഖ പ്രകാരം 2023 -ൽ ഇയാൾ പ്രതിമാസം 2.3 ലക്ഷം രൂപ സമ്പാദിക്കുന്നതായി തെളി‍‌ഞ്ഞു. അതോടെയാണ് കോടതിയുടെ പുതിയ വിധി.