രണ്ടുപേരും ഇഷ്ടത്തിലായി ആറ് മാസം ആയപ്പോഴാണ് ആദ്യം ലൂക്ക് വിവാഹാഭ്യർത്ഥന നടത്തുന്നത്. 'തനിക്ക് ലൂക്കിനെ ഇഷ്ടമായിരുന്നു, പക്ഷേ അപ്പോഴെന്തോ യെസ് പറയാൻ തോന്നിയില്ല' എന്നാണ് സാറ പറയുന്നത്.

'വിൽ യൂ മാരീ മീ', അഥവാ 'നീയെന്നെ വിവാഹം കഴിക്കുമോ', എത്ര പ്രണയത്തിലാണെങ്കിലും ലിവ് ഇൻ ആണെങ്കിലും ഇങ്ങനെയൊരു വിവാഹാഭ്യർത്ഥനയെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായിട്ടാണ് മിക്കയിടങ്ങളിലും കാണുന്നത്. അത്തരം നിമിഷങ്ങൾക്ക് വേണ്ടി പല കാമുകീകാമുകന്മാരും കാത്തിരിക്കാറുമുണ്ട്. എന്നാൽ, ഒന്നോ രണ്ടോ, മൂന്നോ നാലോ തവണയല്ല 43 തവണ ഇതേ ചോദ്യം കാമുകിയോട് ആവർത്തിക്കുക. അതേ അങ്ങനെ ചെയ്തൊരു യുവാവുണ്ട്.

ഇത് ലൂക്കിന്റെയും സാറയുടെയും തികച്ചും വ്യത്യസ്തമായ പ്രണയകഥയാണ്. 36 -കാരനായ ലൂക്ക് വിൻട്രിപ്പ് 2018 മുതൽ 38 -കാരിയായ സാറയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരിക്കയാണ്. ഇരുവരും പ്രണയത്തിലുമായിരുന്നു. എന്നാൽ, എത്രതവണ വിവാഹം കഴിച്ചോട്ടെ എന്ന് ചോദിച്ചിട്ടും സാറ അതെല്ലാം നിരസിച്ചു കൊണ്ടിരുന്നു.

ഓരോ വിവാഹാഭ്യർത്ഥനയും വേറിട്ടതാക്കാനും ലൂക്ക് ശ്രമിച്ചിരുന്നു. അതിനായി ജമൈക്കൻ ബീച്ചിൽ അവൾക്കൊപ്പം കുതിരസവാരി നടത്തി, അനേകം കാൻഡിൽ ലൈറ്റ് ഡിന്നറുകളൊരുക്കി, പക്ഷേ സാറയുടെ ഉത്തരം എല്ലാ തവണയും 'നോ' എന്ന് തന്നെ ആയിരുന്നു.

രണ്ടുപേരും ഇഷ്ടത്തിലായി ആറ് മാസം ആയപ്പോഴാണ് ആദ്യം ലൂക്ക് വിവാഹാഭ്യർത്ഥന നടത്തുന്നത്. 'തനിക്ക് ലൂക്കിനെ ഇഷ്ടമായിരുന്നു, പക്ഷേ അപ്പോഴെന്തോ യെസ് പറയാൻ തോന്നിയില്ല' എന്നാണ് സാറ പറയുന്നത്. എന്നാൽ, പിന്നെയും പിന്നെയും ലൂക്ക് സാറയെ പ്രൊപ്പോസ് ചെയ്തുകൊണ്ടേയിരുന്നു. 42 -ാമത്തെ തവണ പ്രൊപ്പോസ് ചെയ്തപ്പോൾ, 'താൻ അടുത്ത തവണ എന്തായാലും യെസ് പറയും, പക്ഷേ ഒന്ന് കാത്തിരിക്കൂ' എന്ന് സാറ പറഞ്ഞിരുന്നു.

അങ്ങനെ ലൂക്ക് ഒരു വർഷം കൂടി കാത്തിരുന്നു. ഒടുവിൽ, സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഗ്രീൻവിച്ചിൽ വച്ച് വീണ്ടും ലൂക്ക് പ്രൊപ്പോസ് ചെയ്തു. 'ഇതാണ് ലോകത്തിന്റെ കേന്ദ്രം, നീയാണ് എന്റെ ലോകത്തിന്റെ കേന്ദ്രം, നീയെന്നെ വിവാഹം കഴിക്കണമെന്നാണ് എന്റെ ആഗ്രഹം' എന്നായിരുന്നു ലൂക്ക് പറഞ്ഞത്. ഒടുവിൽ, അതിലും പിടിച്ചുനിൽക്കാൻ സാധിക്കാതെ ആ വിവാഹാഭ്യർത്ഥനയ്ക്ക് സാറ യെസ് മൂളി. ‌

തനിക്കുവേണ്ടി ലൂക്ക് ഇത്രയും കാത്തിരുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഒരുപാട് സ്നേഹമാണെന്നുമാണ് സാറ പറയുന്നത്.