ഇന്ത്യയിലെ കനത്ത ചൂടിൽ സൈബീരിയൻ ഹസ്കി പോലുള്ള വിദേശയിനം നായകളെ വളര്‍ത്തുന്നത് വെറും സ്റ്റാറ്റസിനും ഷോ ഓഫിനുമെന്ന് യുവാവിന്‍റെ പോസ്റ്റ്. അവ ഈ ചൂടില്‍ കിടന്ന് കഷ്ടപ്പെടുകയാണ് എന്നും യുവാവ്.
ഇന്ത്യയിലെ പല നഗരങ്ങളിലും ഇപ്പോൾ മഴയില്ലെങ്കിൽ കനത്ത ചൂടാണ്. ഇത്തരം കാലാവസ്ഥയിൽ തണുപ്പുള്ള രാജ്യങ്ങളിൽ ജീവിക്കുന്ന വിദേശയിനം നായകളെ ഇവിടെ വളർത്തുന്നത് ശരിയാണോ എന്നതിനെച്ചൊല്ലിയുള്ള ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ് ഒരു സോഷ്യൽ മീഡിയാ പോസ്റ്റ്. വേനൽക്കാലത്ത് താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുന്ന ഇന്ത്യയിൽ, അയൽക്കാരൻ സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട നായയെ വാങ്ങിയതിനെ വിമർശിച്ച് പ്രതിഷ് ശർമ്മ എന്നയാളാണ് എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഹസ്കികളെപ്പോലെയുള്ള ആർട്ടിക് പ്രദേശങ്ങളിൽ ജീവിക്കുന്ന നായകളെ ഇന്ത്യൻ കാലാവസ്ഥയിൽ വളർത്തുന്നത് മൃഗങ്ങളോടുള്ള ക്രൂരതയല്ലേ എന്നാണ് പ്രതിഷ് ശർമ്മ ചോദിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥനായ തൻ്റെ അയൽക്കാരൻ കഴിഞ്ഞ വർഷം ഏകദേശം 1 ലക്ഷം രൂപയ്ക്കാണ് സൈബീരിയൻ ഹസ്കിയെ വാങ്ങിയതെന്നും എന്നാൽ ഇപ്പോൾ ഈ കടുത്ത ചൂട് താങ്ങാൻ കഴിയാതെ നായ കഷ്ടപ്പെടുകയാണെന്നും പോസ്റ്റിൽ പറയുന്നു.

'45 ഡിഗ്രി സെൽഷ്യസ് ചൂടുള്ള ഈ വേനൽക്കാലത്ത്, ജീവൻ നിലനിർത്താൻ വേണ്ടി മാത്രം ഈ നായയ്ക്ക് എസി മുറിക്കുള്ളിൽ കഴിയേണ്ടി വരുന്നു. വൈകുന്നേരങ്ങളിൽ പോലും പുറത്തെ ചൂടിൽ ഇത് കഷ്ടപ്പെടുകയാണ്. ആളുകൾ തങ്ങൾ നായകളെ സ്നേഹിക്കുന്നു എന്ന് പറയുന്നു, എന്നാൽ ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഒട്ടും ചേരാത്ത ഇനങ്ങളെയാണ് അവർ വാങ്ങുന്നത്, ഇത് കൂടുതലും സ്റ്റാറ്റസിനും ഷോ ഓഫിനും വേണ്ടിയാണ്. നിങ്ങൾക്ക് നായകളോട് ശരിക്കും സ്നേഹമുണ്ടെങ്കിൽ തെരുവ് നായകളെ അഡോപ്റ്റ് ചെയ്യൂ. ഈ കാലാവസ്ഥയുമായി സ്വാഭാവികമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന മില്ല്യൺ കണക്കിന് നായകൾ ഇന്ത്യയിലുണ്ട്' എന്ന് പോസ്റ്റിൽ പറയുന്നു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇന്ത്യയിലെ തെരുവുകളിൽ നിരവധി നായകളുണ്ടെങ്കിലും സ്റ്റാറ്റസ് സിംബലായി കണ്ട് ഇവിടുത്തെ കാലാവസ്ഥയുമായി യോജിക്കാത്ത നായകളെയാണ് പലരും വാങ്ങുന്നതെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.
അതേസമയം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഹസ്കികളെ പോലെയുള്ള നായകളെ വളർത്താനുള്ള ചെലവ് താങ്ങാനാവാതെയും പരിചരിക്കാനാവാതെയും ഉടമകൾ അവയെ ഉപേക്ഷിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹൈദരാബാദിൽ ഏകദേശം 40 ഡിഗ്രി സെൽഷ്യസ് ചൂടിൽ, വിജനമായ ഒരു റോഡിൽ ട്രക്കിൽ നിന്ന് നാൽപ്പതിലധികം സൈബീരിയൻ ഹസ്കികളെ ഭക്ഷണവും വെള്ളവുമില്ലാതെ തള്ളിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതുപോലെ, ഗുരുഗ്രാമിൽ കടുത്ത ചൂടും ഹ്യുമിഡിറ്റിയുമുള്ള കാലാവസ്ഥയിൽ നടക്കാൻ കൊണ്ടുപോയപ്പോൾ അക്രമാസക്തനായ ഒരു ഹസ്കി നായ പ്രദേശവാസിക്ക് നേരെ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു.
ഇത്തരം നായകളെ ഇന്ത്യയിൽ വളർത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വെറ്ററിനറി ഡോക്ടർമാരും മൃഗസംരക്ഷണ സംഘടനകളും മുന്നറിയിപ്പ് നൽകുന്നുണ്ട്.
