Asianet News MalayalamAsianet News Malayalam

അപകടകരമായ കൂറ്റന്‍ഗുഹയില്‍ 53 മണിക്കൂര്‍, 250 രക്ഷാപ്രവര്‍ത്തകരുടെ കഠിനപ്രയത്നം, അത്ഭുതകരമായ രക്ഷപ്പെടല്‍

വെയിൽസിലെ ഏറ്റവും ദൈർഘ്യമേറിയ ഗുഹാ രക്ഷാപ്രവർത്തനമായിരുന്നു ഇത്. നേരത്തെ ഏറ്റവും ദൈർഘ്യമേറിയത് 41 മണിക്കൂർ രക്ഷാപ്രവർത്തനമായിരുന്നു. എന്നാല്‍, ഈ പ്രവർത്തനത്തിന് 53 മണിക്കൂറിലധികം സമയമെടുത്തു. 

man rescued from Ogof Ffynnon Ddu cave system after 53 hours
Author
Brecon Beacons, First Published Nov 9, 2021, 11:32 AM IST

ശനിയാഴ്ച ബ്രെക്കൺ ബീക്കൺസിൽ(Brecon Beacons) ഗുഹ(cave)യിൽ അകപ്പെട്ട ഒരാളെ 53 മണിക്കൂറുകളുടെ കഠിനപ്രയത്നത്തിലൂടെ രക്ഷപ്പെടുത്തി. ഇയാളെ സ്ട്രെച്ചറില്‍ ആംബുലന്‍സിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ അമിതാഹ്ളാദത്തോടെ ഒച്ചവയ്ക്കുകയായിരുന്നു. സൗത്ത്, മിഡ് വെയിൽസ് കേവ് റെസ്‌ക്യൂ ടീം (എസ്‌എംഡബ്ല്യുസിആർടി) പോവിസിലെ പെൻ‌വിൽറ്റിന് സമീപമുള്ള ഒഗോഫ് ഫിന്നോൺ ഡു(Ogof Ffynnon Ddu) ഗുഹാ സംവിധാനത്തിലാണ് അദ്ദേഹം വീണുപോയത് എന്ന് പറയുന്നു. 

ശക്തമായ വെള്ളച്ചാട്ടം, ആഴത്തിലുള്ള കുഴികൾ തുടങ്ങിയവയെല്ലാം ഈ കൂറ്റൻ ​ഗുഹയുടെ പ്രത്യേകതകളാണ്. അതിനാൽ തന്നെ ഇതിലേക്കിറങ്ങുന്ന ആളുകളോട് ശ്രദ്ധ വേണമെന്ന് നിരന്തരം ആവശ്യപ്പെടാറുണ്ട്. നിരവധി പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം മനോധൈര്യം കൈവിട്ടിരുന്നില്ല എന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. എമർജൻസി സർവീസ് ലെയ്‌സൺ ഓഫീസറും സംഭവം നിയന്ത്രിച്ചിരുന്നതുമായ ഗാരി ഇവാൻസ് പറഞ്ഞു, ഗുഹയില്‍ കിടന്നതു വച്ച് നോക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹത്തെ പരിശോധിച്ച് വരികയാണ് എന്നും ആരോഗ്യനിലയെ കുറിച്ച് കുറച്ച് കൂടി കഴിഞ്ഞാലേ വ്യക്തമാകൂ എന്നും അദ്ദേഹം പറയുന്നു. 250 പേരാണ് അദ്ദേഹത്തെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. 

രക്ഷാപ്രവർത്തകരിൽ ഒരാളായ പീറ്റർ ഫ്രാൻസിസ് പറഞ്ഞു, 'ആ മനുഷ്യന് പരിചയമുള്ള ഗുഹ തന്നെയായിരുന്നു അത്. എന്നാല്‍, കാല്‍ എടുത്തുവച്ചത് തെറ്റായ സ്ഥലത്തായിപ്പോയി'. ബ്രെക്കൺ ബീക്കണിലെ മൂടൽമഞ്ഞും നനഞ്ഞ അവസ്ഥയും കാരണം ഒരു എയർ ആംബുലൻസ് ഹെലികോപ്റ്ററിന് ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ല. അതിനാല്‍, നിരവധി വിദഗ്ദ്ധരടങ്ങിയ സംഘം മാറിമാറിയാണ് അദ്ദേഹത്തെ സ്ട്രെച്ചറില്‍ അവിടെനിന്നും മാറ്റിയത്. 

man rescued from Ogof Ffynnon Ddu cave system after 53 hours

വെയിൽസിലെ ഏറ്റവും ദൈർഘ്യമേറിയ ഗുഹാ രക്ഷാപ്രവർത്തനമായിരുന്നു ഇത്. നേരത്തെ ഏറ്റവും ദൈർഘ്യമേറിയത് 41 മണിക്കൂർ രക്ഷാപ്രവർത്തനമായിരുന്നു. എന്നാല്‍, ഈ പ്രവർത്തനത്തിന് 53 മണിക്കൂറിലധികം സമയമെടുത്തു. ഇയാളുടെ കൂടെ ഗുഹയിലുണ്ടായിരുന്ന മറ്റൊരാളാണ് ഇദ്ദേഹം കുടുങ്ങിയ സംഭവം പൊലീസിനെ അറിയിച്ചത്.

സങ്കീർണ്ണമായ Ogof Ffynnon Ddu ഗുഹാസംവിധാനത്തിന്‍റെ ഏറ്റവും ആഴമേറിയ സ്ഥലം ഏകദേശം 902ft (275m) ആണ്. വെയിൽസിലെ രണ്ടാമത്തെ വലിയതും യുകെയിലെ ഏറ്റവും ആഴമേറിയതുമായ ഒന്നാണിത്. അദ്ദേഹത്തെ രക്ഷപ്പെടാന്‍ സഹായിച്ച ഗുഹാ രക്ഷാപ്രവർത്തകരിൽ ചിലർ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരാണ്, ചിലർ നോർത്ത് യോർക്ക്ഷയർ വരെ യാത്ര ചെയ്തിട്ടുണ്ട്. 2018 -ൽ തായ് ഗുഹ രക്ഷാപ്രവർത്തനത്തിലും ഇതില്‍ ചിലർ പങ്കാളികളായിരുന്നു.

നാച്ചുറൽ റിസോഴ്‌സ് വെയിൽസിന്റെ അഭിപ്രായത്തിൽ 1946 -ൽ സൗത്ത് വെയിൽസ് കേവിംഗ് ക്ലബ്ബാണ് ഈ ഗുഹകൾ കണ്ടെത്തിയത്. കൂടാതെ നിരവധി ഭൂഗർഭ അരുവികളും വെള്ളച്ചാട്ടങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. കേവിംഗ് ക്ലബിൽ നിന്നുള്ള അനുമതി ഉള്ള ഗുഹകളിലൂടെ മാത്രമേ അവയിലേക്ക് പ്രവേശിക്കാൻ കഴിയൂ. 


 

Follow Us:
Download App:
  • android
  • ios