സ്ഥിരമായി പാനി പൂരി കഴിക്കുന്ന കച്ചവടക്കാരനെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോള്‍ അറിഞ്ഞത് പാനി പൂരി വണ്ടി വിറ്റെന്ന്. ഒടുവില്‍ സ്വന്തം കയ്യില്‍ നിന്നും 1.5 ലക്ഷം രൂപയെടുത്ത് കട തുടങ്ങി യുവാവ്.  

അങ്കിത് പാണ്ഡേ എന്ന യുവാവ് എക്സിൽ (ട്വിറ്റർ) കുറിച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരേസമയം അങ്കിത് എടുത്തിരിക്കുന്ന റിസ്കും അതേസമയം അങ്കിതിന്റെ ആത്മാർത്ഥതയുമാണ് ചർച്ചയായി മാറിയിരിക്കുന്നത്. സ്ഥിരമായി പാനി പൂരി കഴിക്കാറുള്ള വണ്ടിയിലെ കച്ചവടക്കാരന് തന്റെ വണ്ടിയും കച്ചവടവും ഉപേക്ഷിക്കേണ്ടി വന്നപ്പോൾ 1.5 ലക്ഷം രൂപ അയാൾക്ക് വേണ്ടി പാനി പൂരി കടയ്ക്കായി നിക്ഷേപിച്ചതിനെ കുറിച്ചാണ് അങ്കിത് തന്റെ പോസ്റ്റിൽ പറയുന്നത്.

വൈറലായി മാറിയിരിക്കുന്ന അങ്കിതിന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്;

'പത്തുദിവസം മുൻപ് നോക്കിയപ്പോൾ എന്റെ പാനിപൂരി വാലയെ കാണാനില്ലായിരുന്നു. വണ്ടിയുമില്ല, ഒരു അടയാളവുമില്ല. എന്നും അവിടെ പോകാറുള്ളതുകൊണ്ട് എനിക്കതൊരു വല്ലാത്ത കുറവായി തോന്നി. ഒടുവിൽ പഴയ ജിപേ ചെയ്തതിൽ നോക്കി അദ്ദേഹത്തിന്റെ നമ്പർ കണ്ടെത്തി ഞാൻ വിളിച്ചു. ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുകൊണ്ട് തന്റെ പാനി പൂരി വണ്ടി വിൽക്കേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം പോയി. വരുമാനമില്ല, കയ്യിലൊന്നുമില്ല.

പിന്നീട് അദ്ദേഹം പറഞ്ഞ ആ ഒരു വാചകം എന്റെ ഉള്ളിൽ തട്ടി: 'സാർ, എനിക്കൊരു ജോലി വേണം.'

ഞാൻ അദ്ദേഹത്തെ പോയി കണ്ടു. പക്ഷേ സഹായം നൽകുന്നതിന് പകരം ഞങ്ങൾ ഒരു ബിസിനസ് പ്ലാനുണ്ടാക്കി. റോഡരികിലെ പാനി പൂരി വണ്ടിയിൽ നിന്നും മാന്യമായ ഒരു കടയിലേക്ക്.

നല്ലൊരു ലൊക്കേഷൻ കണ്ടെത്തി. 15,000 രൂപ വാടക, 50,000 രൂപ ഡെപ്പോസിറ്റ്. ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 11 മണി വരെ ജോലി ചെയ്യാമെന്നും 20,000 രൂപ ശമ്പളം എന്നും അദ്ദേഹം സമ്മതിച്ചു.

അതിനുശേഷം അദ്ദേഹം പറഞ്ഞത് പലർക്കും മനസ്സിലാക്കാൻ പ്രയാസമായിരിക്കും. 'സാർ, ഇതിൽ നിന്ന് ദിവസം 5,000 രൂപയുടെ കച്ചവടം നടക്കും. മാസത്തിൽ ഒന്നര ലക്ഷം രൂപ വരെ കിട്ടാം. നിങ്ങൾക്ക് 60,000 - 70,000 രൂപ വരെ ലാഭമുണ്ടാക്കാം.'

എല്ലാം നഷ്ടപ്പെട്ട മനുഷ്യൻ ഇപ്പോഴും വളർച്ചയെക്കുറിച്ച് ചിന്തിക്കുന്നു. കയ്യിൽ എല്ലാം ഉണ്ടായിട്ടും ഒഴികഴിവുകൾ പറയുന്നവരാണ് ഭൂരിഭാഗവും. ഈ സംരംഭത്തിലേക്ക് ഞാൻ 1.5 ലക്ഷം രൂപ നിക്ഷേപിക്കുന്നു. ഇത് വെറും സഹതാപത്തിന്റെ പേരിലല്ല. മറിച്ച് അദ്ദേഹത്തിന്റെ ആ മനോഭാവത്തിന് നൽകുന്ന പിന്തുണയാണ്.

ഈ പരീക്ഷണം എന്ത് മാറ്റമുണ്ടാക്കുമെന്ന് നമുക്ക് നോക്കാം.'

Scroll to load tweet…

പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ അനേകങ്ങളാണ് തങ്ങളുടെ അഭിപ്രായങ്ങൾ അതിന് താഴെ രേഖപ്പെടുത്തിയിരിക്കുന്നത്. റിസ്കാണ് എന്ന് തോന്നുമെങ്കിലും അങ്കിത് എടുത്ത തീരുമാനം നല്ലതായിരുന്നു എന്നാണ് ഏറെപ്പേരും അഭിപ്രായപ്പെട്ടത്.