എയർ ഇന്ത്യ ബിസിനസ് ക്ലാസിൽ നായ്ക്കൾ മുമ്പ് യാത്ര ചെയ്തിട്ടുണ്ട്. എന്നാലും, ഒരു വളർത്തുമൃഗത്തിനായി ഒരു ബിസിനസ് ക്യാബിൻ മുഴുവൻ ബുക്ക് ചെയ്യുന്നത് ഇതാദ്യമായിരിക്കാം. 

മിക്കവരുടെയും സ്വപ്നമായിരിക്കും ഒരിക്കലെങ്കിലും ഒരു ബിസിനസ്സ് ക്ലാസ്സിൽ യാത്ര ചെയ്യണമെന്നത്. എന്നാൽ ഒരു നായയ്ക്ക് തന്റെ ഉടമയോടൊപ്പം ഒരു ബിസിനസ്സ് ക്ലാസ് ക്യാബിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ഭാഗ്യം ലഭിക്കുകയുണ്ടായി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പോകേണ്ട ഒരാൾ തന്റെ വളർത്തുനായയ്ക്ക് യാത്ര ചെയ്യാനായി എയർ ഇന്ത്യ വിമാനത്തിന്റെ മുഴുവൻ ബിസിനസ് ക്ലാസ് ക്യാബിനും ബുക്ക് ചെയ്യുകയായിരുന്നു.

ബുധനാഴ്ച രാവിലെയാണ് എയർ ഇന്ത്യ വിമാനമായ AI-671 -ൽ നായ കയറിയത്. നായയുടെ മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള ഈ രണ്ട് മണിക്കൂർ യാത്രക്കായി ഉടമ ചിലവഴിച്ചത് 2.5 ലക്ഷത്തിലധികം രൂപയാണ്. എയർ ഇന്ത്യ മുംബൈ-ചെന്നൈ വിമാനത്തിൽ ഒരു ബിസിനസ് ക്ലാസ് സീറ്റിനുള്ള നിരക്ക് ഏകദേശം 20,000 രൂപയാണ്. എയർ ഇന്ത്യ എ 320 വിമാനത്തിലെ ജെ-ക്ലാസ് കാബിന് 12 സീറ്റുകളുണ്ടായിരുന്നു. ഇതെല്ലാം ഒഴിഞ്ഞുകിടന്നതുകൊണ്ട് തന്നെ ആ നായക്കുട്ടി ഉടമയോടൊപ്പം ആഡംബരത്തോടെ യാത്ര ചെയ്തു. മാൾട്ടീസ് ഇനത്തിൽപെട്ട നായയായിരുന്നു അത്.

എയർ ഇന്ത്യ ബിസിനസ് ക്ലാസിൽ നായ്ക്കൾ മുമ്പ് യാത്ര ചെയ്തിട്ടുണ്ട്. എന്നാലും, ഒരു വളർത്തുമൃഗത്തിനായി ഒരു ബിസിനസ് ക്യാബിൻ മുഴുവൻ ബുക്ക് ചെയ്യുന്നത് ഇതാദ്യമായിരിക്കാം. പാസഞ്ചർ ക്യാബിനിൽ വളർത്തുമൃഗങ്ങളെ അനുവദിക്കുന്ന ഏക ഇന്ത്യൻ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. ഒരു വിമാനത്തിൽ പരമാവധി രണ്ട് വളർത്തുമൃഗങ്ങളെ അനുവദിക്കുകയും ബുക്ക് ചെയ്ത ക്ലാസിന്റെ അവസാന നിരയിൽ വളർത്തുമൃഗത്തെ ഇരുത്തുകയും ചെയ്യുന്നതാണ് പതിവ്. കഴിഞ്ഞ വർഷം ജൂണിനും സെപ്റ്റംബറിനും ഇടയിൽ എയർ ഇന്ത്യ തങ്ങളുടെ ആഭ്യന്തര വിമാനങ്ങളിൽ 2,000 വളർത്തുമൃഗങ്ങളെ യാത്ര ചെയ്യാൻ അനുവദിച്ചിരുന്നു.