മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനായി വൈദ്യുതി മോഷ്ടിച്ചു, ബിഹാർ സ്വദേശിക്ക് 1.2 ലക്ഷം രൂപ പിഴ
ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ താൻ വൈദ്യുതി മോഷ്ടിച്ചതായി പ്രകാശ് സമ്മതിച്ചു. ഉദ്യോഗസ്ഥർ ഇയാൾക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പിഴയായി 1.2 ലക്ഷം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

വൈദ്യുതി മോഷണം ഒരു ക്രിമിനൽ കുറ്റമായാണ് നമ്മുടെ രാജ്യത്ത് കണക്കാക്കുന്നത്. എന്നിരുന്നാലും പലയിടങ്ങളിലും ആളുകൾ ഇപ്പോഴും വൈദ്യുതി മോഷ്ടിക്കാറുണ്ട്. ഇത്തരം മോഷണങ്ങൾ പലപ്പോഴും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടാറില്ലെങ്കിലും പിടിക്കപ്പെട്ടാൽ ഭീമമായ തുക പിഴയായി അടയ്ക്കേണ്ടി വരും.
അത്തരത്തിൽ ഒരു സംഭവം കഴിഞ്ഞദിവസം ബിഹാറിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ബിഹാറിലെ ജാമുയി ജില്ലയിൽ നിന്നാണ് ഈ കേസ് റിപ്പോർട്ട് ചെയ്തത്. വൈദ്യുതി ലൈനിൽ കൃത്രിമം കാണിച്ചാണ് ഇയാൾ മോഷണം നടത്തിയത്. സംഭവം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളുടെ കള്ളത്തരം കയ്യോടെ പിടികൂടുകയും ഭീമമായ തുക പിഴയായി ഈടാക്കുകയും ചെയ്തു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 1.2 ലക്ഷം രൂപയാണ് ഇയാളിൽ നിന്നും പിഴയായി ഈടാക്കിയത്.
ജാമുയി ജില്ലയിൽ നിന്നുള്ള പ്രകാശ് സാവ് എന്നയാളാണ് വൈദ്യുതി മോഷണത്തിന് പിടിയിലായത്. തന്റെ വീട്ടിലെ മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന് ആണ് ബൈപാസ് രീതി ഉപയോഗിച്ച് വൈദ്യുതി മോഷ്ടിച്ചത്. പ്രകാശിനെതിരെ ജാമുയിയിലെ ഖൈരി പോലീസ് സ്റ്റേഷനിൽ വൈദ്യുതി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈദ്യുതി വകുപ്പ് പരിശോധനയ്ക്കായി പ്രദേശത്ത് എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. പ്രദേശവാസികളായ ആരോ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വകുപ്പ് ഇവിടെ പരിശോധനക്കായി എത്തിയത്.
ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ താൻ വൈദ്യുതി മോഷ്ടിച്ചതായി പ്രകാശ് സമ്മതിച്ചു. ഉദ്യോഗസ്ഥർ ഇയാൾക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പിഴയായി 1.2 ലക്ഷം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അതിനുപുറമെ, വൈദ്യുതി വകുപ്പ് മോട്ടോർ പിടിച്ചെടുക്കുകയും മീറ്ററിൽ നിന്ന് അദ്ദേഹം ഉണ്ടാക്കിയ എല്ലാ സ്വകാര്യ കണക്ഷനുകളും തടസ്സപ്പെടുത്തുകയും ചെയ്തതായി ഇലക്‌ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റ് ജൂനിയർ എൻജിനീയർ ദീപക് കുമാർ പറഞ്ഞു. പ്രകാശിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.