ബെംഗളൂരുവിൽ കാണാതായ പെൺകുട്ടിയുടെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ താക്കോൽ വിഴുങ്ങി. ശസ്ത്രക്രിയ ഒഴിവാക്കാൻ ഡോക്ടർമാർ 10 കിലോ നേന്ത്രപ്പഴമാണ് ഇയാളെ കഴിപ്പിച്ചത്!
കാണാതായ 17 വയസ്സുകാരിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ ബെംഗളൂരു പൊലീസിനെ കുഴപ്പിച്ച് യുവാവിന്റെ പരാക്രമം. പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ രാമു എന്ന യുവാവ് സ്റ്റേഷനിലെ ലോക്കപ്പിൻറെ താക്കോൽ വിഴുങ്ങുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഞായറാഴ്ച മദനനായകനഹള്ളി പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ കേസിൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് രാമുവിനെ കസ്റ്റഡിയിലെടുത്തത്. പോക്സോ നിയമപ്രകാരം നടപടിയുണ്ടാകുമെന്ന് ഭയന്ന യുവാവ് സ്റ്റേഷനിൽ വെച്ച് പരിഭ്രാന്തനാവുകയും ലോക്കപ്പിന്റെ താക്കോൽ വിഴുങ്ങുകയുമായിരുന്നു.
യുവാവ് താക്കോൽ വിഴുങ്ങിയതോടെ പരിഭ്രാന്തരായ പൊലീസ് ഉടൻ തന്നെ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയിലൂടെ താക്കോൽ പുറത്തെടുക്കുന്നതിലെ അപകടസാധ്യത കണക്കിലെടുത്ത ഡോക്ടർമാർ പരീക്ഷണാടിസ്ഥാനത്തിൽ മറ്റൊരു വഴി തിരഞ്ഞെടുത്തു. യുവാവിന് ഏകദേശം 10 കിലോ നേന്ത്രപ്പഴം കഴിക്കാനായി നൽകി. സ്വാഭാവികമായ രീതിയിൽ താക്കോൽ പുറത്തുകൊണ്ടുവരാനായിരുന്നു ഈ ശ്രമം. ഡോക്ടർമാരുടെ കണക്കുകൂട്ടലുകൾ ശരിവെച്ചുകൊണ്ട്, മൂന്നാം ദിവസം താക്കോൽ സ്വാഭാവികമായി പുറത്തെത്തി. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ചൊവ്വാഴ്ച ഇയാളെ ഡിസ്ചാർജ് ചെയ്തു.
ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിച്ച രാമുവിനെതിരെ ആത്മഹത്യാശ്രമത്തിന് പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കാണാതായ പെൺകുട്ടിക്കായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
