Asianet News MalayalamAsianet News Malayalam

വെറും 2 -ാം ക്ലാസ് വിദ്യാഭ്യാസം, ജോലിപോലുമില്ല, ഒരേസമയം പ്രേമിച്ചത് 40 പേരെ, രണ്ടരക്കോടി തട്ടി

ഡേറ്റിംഗ് വെബ്‌സൈറ്റുകളിൽ പരിചയപ്പെടുന്ന 20 -നും 40 -നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ആയിരുന്നു ഇയാൾ പ്രധാനമായും തന്റെ ഇരകളാക്കിയത്.

man swindled 40 women in china jailed for 13 years rlp
Author
First Published Feb 11, 2024, 11:26 AM IST

ധനികനായ ബിസിനസ്സുകാരനായി നടിച്ച് 40 സ്ത്രീകളെ പ്രണയനാടകത്തിൽ കുടുക്കിയ കള്ളക്കാമുകൻ പിടിയിൽ. സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാത്ത ദരിദ്രനായ ഇയാൾ യുവതികളിൽ നിന്ന് രണ്ടരക്കോടി രൂപയോളം തട്ടിയെടുത്തിട്ടുണ്ട്. പിടിയിലായ ഇയാൾക്ക് കോടതി 13 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ആഡംബര കാറുകളും മറ്റും വാടകയ്ക്ക് എടുത്തായിരുന്നു ഇയാളുടെ തട്ടിപ്പ്.

സൗത്ത് ചൈന മോണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തെക്ക് പടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിൽ വെച്ച് ഗു എന്ന് പേരുള്ള തട്ടിപ്പുകാരനെ തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരാൾ മർദ്ദിച്ചതിനെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്. സം​ഗതി പൊലീസ് കേസായതോടെയാണ് ​ഗു വിരിച്ച വലയിൽ ഒന്നും രണ്ടുമല്ല നാൽപതോളം സ്ത്രീകൾ പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഗുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ സ്ത്രീകളെല്ലാം വലിയ തുകകൾ  ട്രാൻസ്ഫർ ചെയ്തതായി പൊലീസ് കണ്ടെത്തി. തന്റെ ഐഡന്റിന്റി പൂർണമായും മറച്ചു വെച്ചുകൊണ്ടായിരുന്നു ഇയാൾ ഒരേ സമയം ഇത്രയധികം സ്ത്രീകളെ കബളിപ്പിച്ചത്.

കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലാണ് 33 -കാരനായ ഗു ജനിച്ചത്. രണ്ടാം ക്ലാസ് വരെ മാത്രമേ ഇയാൾ പഠിച്ചിട്ടുള്ളൂ. വിവാഹം കഴിച്ചെങ്കിലും വർഷങ്ങൾക്ക് മുമ്പ് വിവാഹമോചനം നേടിയെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഒരു കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമയായി വേഷമിട്ടായിരുന്നു ഇയാളുടെ തട്ടിപ്പ്. യുവതികളുടെ കയ്യിൽ നിന്നും തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ആഡംബര കാറുകൾ വാടകയ്‌ക്കെടുത്തും ആഡംബര ഹോട്ടലുകളിൽ താമസിച്ചുമായിരുന്നു യുവതികളെ കബളിപ്പിച്ചത്. നിരവധി വ്യാജ വസ്തു ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ ഇയാൾ സമ്പാദിച്ചിരുന്നു. കൂടാതെ യുവതികളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ ഒരു ഡ്രൈവറെയും ജോലിക്കായി  നിയമിച്ചിരുന്നു.

ഡേറ്റിംഗ് വെബ്‌സൈറ്റുകളിൽ പരിചയപ്പെടുന്ന 20 -നും 40 -നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ആയിരുന്നു ഇയാൾ പ്രധാനമായും തന്റെ ഇരകളാക്കിയത്. തൻ്റെ നിലവിലില്ലാത്ത കമ്പനിയിൽ നിക്ഷേപം നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഇയാൾ പണം തട്ടിയെടുത്തിരുന്നത്. 2022 -ൽ, പണം നൽകിയ ചില സ്ത്രീകൾ  പണം തിരികെ ചോദിച്ച് തുടങ്ങിയതോടെ ഗു ജിയാങ്‌സുവിൽ നിന്ന് സിചുവാൻ പ്രവിശ്യയിലേക്ക് താമസം മാറി.  

നിരവധി വസ്തുവകകളും കാറുകളും സ്വന്തമായുള്ള ജിയാങ്‌സുവിൽ നിന്നുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനി മേധാവിയാണ് താനെന്ന് ഇയാൾ അവിടുത്തെ ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. സ്ത്രീകളെ ആകർഷിക്കാൻ, അവർക്ക് വീടും കാറും വാങ്ങി നൽകാമെന്ന് ഗു വാഗ്ദാനം ചെയ്തു. ബന്ധത്തെക്കുറിച്ച് തനിക്ക് ആത്മാർത്ഥതയുണ്ടെന്ന് തെളിയിക്കാൻ അവരുടെ മാതാപിതാക്കളെ കാണാമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. 

ഒടുവിൽ പിടിയിലായ ഇയാൾക്ക് ജനുവരിയിൽ, സിചുവാൻ, ടോങ്ജിയാങ് കൗണ്ടിയിലെ ഒരു കോടതി, വഞ്ചനയ്ക്ക് 13 വർഷം തടവ് വിധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios