പിന്നീട് യുവാവിന്റെ ചിത്രം പകർത്തിയെന്നും സംസാരിച്ചെന്നും കിരൺ പറയുന്നുണ്ട്. അപ്പോഴാണ് രണ്ട് മണിക്കാണ് യുവാവ് ആ ഓർഡർ എടുത്തത് എന്ന് മനസിലായത്.
സ്വിഗി, സൊമാറ്റോ ഡെലിവറി ഏജന്റുമാർ കസ്റ്റമർ ഓർഡർ ചെയ്ത ഭക്ഷണം കഴിക്കുന്നു എന്ന തരത്തിലുള്ള അനേകം വീഡിയോകളും ചിത്രങ്ങളും പുറത്ത് വരാറുണ്ട്. ചിലപ്പോൾ നാം കരുതുന്നതേ ആയിരിക്കില്ല സത്യം. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
കിരൺ വർമ്മ എന്നൊരാളാണ് പോസ്റ്റിട്ടിരിക്കുന്നത്. നോയിഡയിൽ തന്റെ കാർ പാർക്ക് ചെയ്യുന്നതിനിടെയാണ് കിരൺ വർമ്മ ആ കാഴ്ച കണ്ടത്. തന്റെ ബൈക്കിലിരുന്നു കൊണ്ട് ഒരു ഡെലിവറി ബോയ് ഭക്ഷണം കഴിക്കുന്നു. ആദ്യം, കിരൺ വർമ്മ കരുതിയത് അത് ഏതോ ഒരു കസ്റ്റമർ ഓർഡർ ചെയ്തതാണ് എന്നാണത്രെ. എന്നാൽ വിശാൽ (സാങ്കല്പിക നാമം) എന്ന ഡോലിവറി ബോയ്‍യുമായി സംസാരിച്ചപ്പോഴാണ് താൻ കരുതിയതല്ല സത്യം എന്ന് അയാൾ തിരിച്ചറിയുന്നത്.
സൊമാറ്റോയുടെ ഈ മധുരതരമായ, അധാർമികമായ പ്രവൃത്തിക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ഇയാൾ പോസ്റ്റിട്ടിരിക്കുന്നത്. ഇന്നലെ താൻ നോയിഡയിൽ കാർ പാർക്ക് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു ബൈക്കർ തന്റെ ബൈക്കിലിരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടത് എന്നും പോസ്റ്റിൽ പറയുന്നു.
പിന്നീട് യുവാവിന്റെ ചിത്രം പകർത്തിയെന്നും സംസാരിച്ചെന്നും കിരൺ പറയുന്നുണ്ട്. അപ്പോഴാണ് രണ്ട് മണിക്കാണ് യുവാവ് ആ ഓർഡർ എടുത്തത് എന്ന് മനസിലായത്. ഡെലിവറി ചെയ്യേണ്ട ലൊക്കേഷനിൽ എത്തിയപ്പോൾ ഭക്ഷണം വാങ്ങാൻ അവിടെ ആരും ഉണ്ടായിരുന്നില്ല.
സൊമാറ്റോയുടെ നയമനുസരിച്ച്, ഓർഡർ ഡെലിവറി ചെയ്തു എന്ന് അടയാളപ്പെടുത്താനാണ് യുവാവിനോട് പറഞ്ഞത്. വീണ്ടും വീണ്ടും ശ്രമിക്കുന്നതും മറ്റ് സങ്കീർണതകളും ഒഴിവാക്കാനാണ് ഇത്. അങ്ങനെ ചെയ്തു കഴിഞ്ഞാൽ ആ ഭക്ഷണം പിന്നെ ഡെലിവറി ഏജന്റുമാർക്ക് എടുക്കാവുന്നതാണ്.
ഈ രീതി നല്ലതാണ് എന്ന് പറഞ്ഞാണ് കിരൺ വർമ്മ പോസ്റ്റിട്ടിരിക്കുന്നത്. ഭക്ഷണം പാഴാക്കി കളയേണ്ടതുമില്ല, ഡെലിവറി ഏജന്റുമാർക്ക് ആ നേരത്തെ ഭക്ഷണത്തിന്റെ കാശും ലാഭിക്കാം. എന്തായാലും, പോസ്റ്റിൽ സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിന് നന്ദിയും പറയുന്നുണ്ട്.
