ആ സമയത്ത് ഭയന്നുപോയ സ്ത്രീ ഉറക്കെ ബഹളം വയ്ക്കുകയും സഹായത്തിനായി വിളിക്കുകയും ചെയ്യുന്നുണ്ട്. അപ്പോഴേക്കും അവിടെയുണ്ടായിരുന്ന ആളുകൾ ഓടിക്കൂടി.
പട്ടാപ്പകൽ അമ്മയുടെ അടുത്ത് നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ജൂലൈ 29 -ന് യൂട്ടായിലെ ഒരു റെയിൽവേ പ്ലാറ്റ്‌ഫോമിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. പിന്നീട് അത് വ്യാപകമായി പ്രചരിക്കുകയായിരുന്നു. സാൾട്ട് ലേക്ക് കൗണ്ടിയിലെ ട്രാക്സ് പ്ലാറ്റ്‌ഫോമിൽ ഒരു സ്ത്രീ തന്റെ സ്‌ട്രോളറിൽ കുഞ്ഞുമായി പോവുകയായിരുന്നു. ആ സമയത്താണ് പ്രതിയായ ബെഞ്ചമിൻ ഡിൽമാൻ അവിടെയെത്തിയത്. പിന്നാലെ ഇയാൾ സ്ത്രീയെ പിന്തുടരുകയായിരുന്നു.
പെട്ടെന്ന് ഇതിൽ ഭയന്ന സ്ത്രീ അവിടെ നിന്നും മാറിപ്പോകാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അയാൾ അവരുടെ സ്‌ട്രോളർ പിടിച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതാണ് കാണുന്നത്. പെട്ടെന്ന് തന്നെ ഇയാൾ സ്ട്രോളറിലെ സീറ്റ് ബെൽറ്റിന്റെ സ്ട്രാപ്പുകൾ ഊരാൻ തുടങ്ങുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോൾ ഇയാൾ കുഞ്ഞിന്റെ അമ്മയുടെ മുഖത്ത് അടിക്കുന്നതും വീഡിയോയിൽ കാണാം.
ആ സമയത്ത് ഭയന്നുപോയ സ്ത്രീ ഉറക്കെ ബഹളം വയ്ക്കുകയും സഹായത്തിനായി വിളിക്കുകയും ചെയ്യുന്നുണ്ട്. അപ്പോഴേക്കും അവിടെയുണ്ടായിരുന്ന ആളുകൾ ഓടിക്കൂടി. സീറ്റ് ബെൽറ്റ് ഊരി കുട്ടിയെ എടുക്കുന്നതിന് മുമ്പ് തന്നെ ഒരാൾ ഡിൽമാനെ ഇവിടെ നിന്നും തള്ളിമാറ്റി. ആളുകളെ കണ്ടതോടെ ഇയാൾ ഇവിടെ നിന്നും ഓടിപ്പോവുകയും ചെയ്തു.
ഉടനെ തന്നെ ആളുകൾ പൊലീസിനെ വിളിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് പിന്നാലെ യൂട്ടാ ട്രാൻസിറ്റ് അതോറിറ്റി പോലീസ് വകുപ്പ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനും അമ്മയെ ഉപദ്രവിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ കുട്ടി തന്റേതാണ് എന്നും അതിനാലാണ് കുട്ടിയെ എടുക്കാൻ ശ്രമിച്ചത് എന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
അതെന്റെ കുഞ്ഞാണ്, അവളെ എനിക്ക് തരൂ എന്ന് അലറിക്കൊണ്ടാണ് ഇയാൾ കുട്ടിയെ എടുക്കാൻ ശ്രമിച്ചത്. ഇയാൾക്ക് വീടില്ലെന്നും പൊലീസ് പറയുന്നു.
