താൻ ഡിസി മെട്രോ ചലഞ്ച് നടത്തിയത് ഇങ്ങനെയൊരു യാത്രാസംവിധാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ കൂടി വേണ്ടിയാണ് എന്ന് ലൂക്കാസ് പറഞ്ഞു.
ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടുന്ന പലരും ചെയ്യുന്ന കാര്യങ്ങൾ കേട്ടാൽ ചിലപ്പോൾ നമ്മൾ അന്തം വിടും. ഇങ്ങനെയൊക്കെ ഒരാളെ കൊണ്ട് സാധിക്കുമോ എന്ന് വരെ തോന്നും. ഇവിടെ ഒരാൾ ചെയ്തതും അതുപോലെ ഒരു കാര്യമാണ്. എന്താണ് എന്നല്ലേ? എട്ട് മണിക്കൂറും 54 മിനിറ്റും കൊണ്ട് വാഷിംഗ്ടൺ ഡിസി -യിലെ സകല മെട്രോ സ്റ്റേഷനുകളിലും എത്തി.
ട്രാവൽ ബ്ലോഗറായ ലൂക്കാസ് വാളാണ് ബുധനാഴ്ച 97 മെട്രോ സ്റ്റേഷനുകൾ ഇതുപോലെ സന്ദർശിച്ചത്. യുഎസിലെ രണ്ടാമത്തെ തിരക്കേറിയ അതിവേഗ ഗതാഗത സംവിധാനമാണ് മെട്രോ. അതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണത്രെ ലൂക്കാസ് ഇങ്ങനെ ഒരു കാര്യം ചെയ്തത്.
എന്നാൽ, ഇതിനേക്കാൾ വേഗത്തിൽ യാത്ര പൂർത്തിയാക്കിയ മറ്റൊരാൾ കൂടിയുണ്ട്. 2019 ഡിസംബറിൽ 7 മണിക്കൂറും 59 മിനിറ്റും കൊണ്ട് യാത്ര പൂർത്തിയാക്കിയ മുൻ റെക്കോർഡ് ഉടമ സ്കോട്ട് ബെന്നറ്റ്. ബെന്നറ്റിനേക്കാൾ ഒരു മണിക്കൂറോളം കൂടുതൽ സമയമെടുത്താണ് ലൂക്കാസ് യാത്ര പൂർത്തിയാക്കിയത്. എന്നാൽ, മെട്രോ നെറ്റ്വർക്ക് 2022 നവംബർ 15 വരെയായി പുതിയ ആറ് സ്റ്റേഷനുകൾ കൂടി തുറന്നിട്ടുണ്ട്. അത് കൂടി കവർ ചെയ്തതിനാലാണ് ഈ നേട്ടം ലൂക്കാസിനെ തേടി എത്തിയത്.
താൻ ഡിസി മെട്രോ ചലഞ്ച് നടത്തിയത് ഇങ്ങനെയൊരു യാത്രാസംവിധാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ കൂടി വേണ്ടിയാണ് എന്ന് ലൂക്കാസ് പറഞ്ഞു. താൻ 135 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എപ്പോഴും യാത്ര ചെയ്യുന്ന ആളാണ്. എന്നാൽ, ഇങ്ങനെ ഒരു മെട്രോ യാത്രക്ക് വേണ്ടി ഒരുപാട് കാലമായി കാത്തിരിക്കുകയായിരുന്നു എന്നും ലൂക്കാസ് പറഞ്ഞു.
ഈ വർഷം ആദ്യം, ഒരു ഡിഎംആർസി ജീവനക്കാരൻ ദില്ലിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളും ഏറ്റവും വേഗത്തിൽ കവർ ചെയ്തതിന് ഗിന്നസ് വേൾഡ് റെക്കോർഡിലിടം നേടിയിരുന്നു. പ്രഫുൽ സിംഗ് എന്ന ജീവനക്കാരനാണ് ഡൽഹിയിലെ 254 സ്റ്റേഷനുകൾ 16 മണിക്കൂറും 2 മിനിറ്റും കൊണ്ട് സന്ദർശിച്ചത് എന്ന് ഡിഎംആർസിയുടെ ട്വിറ്റർ പോസ്റ്റിൽ പറയുന്നു.
