അപകടം അതിഭീകരമായിരുന്നു. ഐച്ചിസന്റെ കാറിന് നിമിഷങ്ങൾക്കുള്ളിൽ തീപിടിച്ചു, അയാൾ കാറിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു.

ഡ്രൈവർ അശ്ലീല വീഡിയോ കണ്ട് വാഹനം ഓടിച്ചതിനെ തുടർന്ന് വാഹനം ഇടിച്ച് ഒരാൾ കൊല്ലപ്പെട്ടു. രണ്ട് കുട്ടികളുടെ പിതാവായ ഒരു ഗൃഹനാഥനാണ് കൊല്ലപ്പെട്ടത്. അപകടത്തിന് കാരണക്കാരനായ ഡ്രൈവർക്ക് പത്തുവർഷത്തെ തടവു ശിക്ഷ ലഭിച്ചു. നീൽ പ്ലാറ്റ് (43) എന്ന ട്രക്ക് ഡ്രൈവർ 2024 മെയ് 17 -ന് ലങ്കാഷെയറിലെ സ്കെൽമേഴ്സ്ഡേലിൽ വെച്ചാണ് അപകടമുണ്ടാക്കിയത്. റോഡിൽ ശ്രദ്ധിക്കുന്നതിന് പകരം ഇയാൾ തന്റെ ഫോണിൽ അശ്ലീല വീഡിയോകൾ കാണുകയായിരുന്നു. ഇയാളുടെ ട്രക്ക് ഡാനി ഐച്ചിസൺ (38) എന്നയാളുടെ കാറിലേക്ക് ഇടിച്ചു കയറുകയും ഒരു കുടുംബത്തിന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുകയും ചെയ്തു.

അപകടം അതിഭീകരമായിരുന്നു. ഐച്ചിസന്റെ കാറിന് നിമിഷങ്ങൾക്കുള്ളിൽ തീപിടിച്ചു, അയാൾ കാറിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു. അപകടം നടക്കുന്ന സമയത്ത് ഇയാൾ ഭാര്യയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു, ആ ഭീകരമായ അവസാന നിമിഷങ്ങൾ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഫോണിലൂടെ കേൾക്കേണ്ടിവന്നു. രണ്ട് ചെറിയ കുട്ടികളുടെ പിതാവായ ഐച്ചിസൺ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു.

വീഡിയോയിൽ മുഴുകി അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതാണ് ഇത്തരത്തിൽ ഒരു ദുരന്തത്തിന് കാരണമായത്. റോഡിൽ ഇയാൾ തീരെ ശ്രദ്ധിച്ചിരുന്നില്ല. 2025 സെപ്റ്റംബർ 19 -ന് കോടതി പ്ലാറ്റിന് 10 വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷയുടെ മൂന്നിൽ രണ്ട് ഭാഗം പൂർത്തിയാക്കിയ ശേഷം മാത്രമേ അയാൾക്ക് പരോളിന് അർഹതയുണ്ടാകൂ. ജയിൽവാസം കഴിഞ്ഞാലും ഇയാൾക്ക് ഏഴ് വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കില്ല. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് വെളിപ്പെടുത്തുന്നതാണ് ഈ സംഭവം.