വസ്ത്രം ധരിച്ചതിന് പിന്നാലെ യുവാവിന്റെ മുഖത്ത് അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയായിരുന്നത്രെ. പിന്നാലെ മുഖത്ത് ആകപ്പാടെ കുരുക്കൾ പ്രത്യക്ഷപ്പെടുകയും ചെയ്തു.
വലിയ വില കൊടുത്ത് ഫാഷൻ വസ്ത്രങ്ങൾ വാങ്ങാൻ എല്ലാവർക്കും സാധിക്കണം എന്നില്ല. എന്നാൽ, അത്തരം ബ്രാൻഡഡ് വസ്ത്രങ്ങൾ വില കുറച്ച് വാങ്ങാൻ വേണ്ടി ഇന്ന് പലരും ത്രിഫ്റ്റ് സ്റ്റോറുകളെ ആശ്രയിക്കാറുണ്ട്. ഇങ്ങനെ സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ കിട്ടുന്ന ത്രിഫ്റ്റ് സ്റ്റോറുകൾ എത്രയോ കാലമായി വിദേശത്തൊക്കെയുണ്ട്. ഡല്‍ഹിയിലെ സരോജിനി നഗര്‍, ജന്‍പഥിലെ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും ഇത്തരം കടകൾ കാണാവുന്നതാണ്. എന്നാൽ, ഈ വസ്ത്രങ്ങൾ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ പണി കിട്ടും എന്നാണ് ഈ യുവാവിന്റെ അനുഭവം പറയുന്നത്.
ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം യുവാവ് ത്രിഫ്റ്റ് സ്റ്റോറിൽ നിന്നും വാങ്ങിയ വസ്ത്രം ധരിച്ചതോടെ ഇയാൾക്ക് പകരുന്ന ചർമ്മരോഗം പിടിപെടുകയായിരുന്നു. ഇതിന്റെ വീഡിയോയും ഇയാൾ ടിക്ടോക്കിൽ പങ്കുവച്ചിട്ടുണ്ട്. ത്രിഫ്റ്റ് സ്റ്റോറിൽ നിന്നും വാങ്ങിയ വസ്ത്രം കഴുകാതെ ഉപയോഗിച്ചതിന് പിന്നാലെയാണ് തനിക്ക് ചർമ്മരോഗം വന്നത് എന്നും യുവാവ് വെളിപ്പെടുത്തുന്നു.
വസ്ത്രം ധരിച്ചതിന് പിന്നാലെ യുവാവിന്റെ മുഖത്ത് അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയായിരുന്നത്രെ. പിന്നാലെ മുഖത്ത് ആകപ്പാടെ കുരുക്കൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. പിന്നാലെ, യുവാവ് ഡോക്ടർമാരുടെ അടുത്തെത്തുകയും ചെയ്തു. മൊളസ്‌കം കണ്ടേജിയോസം എന്ന പകര്‍ച്ചവ്യാധിയാണ് തനിക്കുള്ളതെന്ന് ഡോക്ടർമാർ പിന്നീട് കണ്ടെത്തി എന്നും യുവാവ് പറയുന്നു.
എന്തായാലും, യുവാവിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഇത് വ്യാപകമായ ചർച്ചകൾക്കാണ് പിന്നീട് കാരണമായി തീർന്നത്. ഒരുപാടുപേരാണ് ഇത്തരം ത്രിഫ്റ്റ് സ്റ്റോറുകളിൽ നിന്നും വാങ്ങുന്ന വസ്ത്രങ്ങളെ ചൊല്ലി ആശങ്കകൾ പ്രകടിപ്പിച്ചിരിക്കുന്നത്.
വിദഗ്ദ്ധരും ഇതേക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. കോര്‍ണല്‍ സര്‍വകലാശാലയിലെ സീനിയര്‍ ലക്ചററായ ഫ്രാന്‍സെസ് കോസന്‍ പറയുന്നത്, ഇത്തരം വസ്ത്രങ്ങള്‍ മോശമാവാതിരിക്കാൻ സോഫ്റ്റ്‌നറുകൾ, കറ കളയാനുള്ള വസ്തുക്കളൊക്കെ ഉപയോഗിച്ച് പ്രോസസ് ചെയ്യാറുണ്ട്. ഇത് ചര്‍മത്തിൽ പ്രശ്നങ്ങളുണ്ടാക്കിയേക്കാം എന്നുമാണ്.
ന്യൂയോര്‍ക്കിലെ ത്വക്ക് രോഗ വിദഗ്ദ്ധയായ ഡോ. ചാള്‍സ് പറയുന്നത്, എല്ലാത്തരം സെക്കന്റ് ഹാൻഡ് വസ്ത്രങ്ങളും വാങ്ങിയാൽ കഴുകി മാത്രം ഉപയോഗിക്കണം അല്ലെങ്കിൽ അണുബാധയടക്കം പ്രശ്നങ്ങളുണ്ടായേക്കാം എന്നാണ്.


