കറുത്തവംശജനായ പ്രൊഫസറായി ആര്‍ഡേ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ വംശീയ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നതില്‍ അദ്ദേഹത്തിന് തര്‍ക്കമില്ല.


ജേസൺ ആർഡേയില്‍ കുട്ടിക്കാലത്ത് തന്നെ ഓട്ടിസം തിരിച്ചറിഞ്ഞിരുന്നു. മാത്രമല്ല, അദ്ദേഹത്തിന് മറ്റുള്ളവരെ പോലെ ശരിയായ വളര്‍ച്ചയും ഉണ്ടായിരുന്നില്ല. ശാരീരികമായ ഈ പ്രശ്നങ്ങള്‍ മൂലം 11 വയസ് വരെ ശരിയാം വണ്ണം സംസാരിക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഈ വൈകല്യങ്ങളെ തുടര്‍ന്ന് ഏതാണ്ട് 18 വയസ് വരെ എഴുതാനും വായിക്കാനും അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഇന്ന് ജേസണ്‍ ആന്‍ഡേയ്ക്ക് വയസ് 37. അദ്ദേഹം മാര്‍ച്ച് ആറിന് ലോക പ്രശസ്തമായ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ സോഷ്യോളജി പ്രൊഫസറായി ജോലിക്ക് കയറാന്‍ ഒരുങ്ങുകയാണ്. 

ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്ന മകനില്‍ ആത്മവിശ്വാസവും കഴിവും വളര്‍ത്തിയെടുക്കുന്നതിനായി ജേസൺ ആർഡേയുടെ അമ്മയാണ് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയത്. മകനില്‍ ഭാഷാ ജ്ഞാനം ഉണ്ടാക്കിയെടുക്കുന്നതിനായി അവര്‍ അവനെ സംഗീതം അഭ്യസിപ്പിച്ചു. സംഗീതത്തില്‍ നിന്നും ജനകീയ സംസ്കാരത്തോടുള്ള താത്പര്യം ജേസണ്‍ ആര്‍ഡേ പ്രകടമാക്കി. കോളേജ് അദ്ധ്യാപകനും സുഹൃത്തുമായ സാന്ദ്രോ സാന്ദ്രിയുടെ സഹായത്തോടെ കൌമാരത്തിന്‍റെ അവസാന കാലത്താണ് ആര്‍ഡേ എഴുത്തും വായനയും പഠിക്കുന്നത്. പിന്നീട് സറേ സര്‍വകലാശാലയില്‍ നിന്ന് ഫിസിക്കല്‍ എഡ്യൂക്കേഷനിലും വിദ്യാഭ്യാസത്തിലും അദ്ദേഹം ബിരുദം പൂര്‍ത്തിയാക്കി. 22 -ആം വയസ്സിൽ, ആർഡേ ബിരുദാനന്തര പഠനം നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചു. സാന്ദ്രോ സാന്ദ്രിയുടെ പിന്തുണയോടെ അദ്ദേഹം 2016 ൽ ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയിൽ നിന്ന് തന്‍റെ പിഎച്ച്ഡിയും സ്വന്തമാക്കി. 

കൂടുതല്‍ വായനയ്ക്ക്: കുഴിച്ചെടുത്ത് 2 കോടിയോളം മൂല്യമുള്ള 865 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍! 

അപ്പോഴേക്കും തന്‍റെ ലക്ഷ്യമെന്തെന്ന് ഞാന്‍ കണ്ടെത്തിയിരുന്നതായും അതിനായി ദൃഢനിശ്ചയം ചെയ്തതായും അദ്ദേഹം വ്യക്തമാക്കുന്നു. പഠനകാലത്ത് ലോകത്ത് നിലനില്‍ക്കുന്ന വംശീയ പ്രശ്നങ്ങള്‍ അദ്ദേഹത്തെ ഏറെ അലട്ടിയിരുന്നു. അതിന് ഒരു പരിഹാരം കാണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും ആര്‍ഡേ കൂട്ടിച്ചേര്‍ക്കുന്നു. 2018-ൽ അദ്ദേഹം തന്‍റെ ആദ്യ ഗവേഷണ പ്രബന്ധം അദ്ദേഹം പ്രസിദ്ധീകരിച്ചു. പിന്നാലെ ഗ്ലാസ്ഗോ സര്‍വകലാശാലയില്‍ സ്കൂൾ ഓഫ് എഡ്യൂക്കേഷനിൽ ജോലി നേടി. ഇതോടെ യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസറായി ആര്‍ഡേ. പകല്‍ ജോലിയും രാത്രിയില്‍ തന്‍റെ പ്രബന്ധരചനയുമായി ആര്‍ഡേ മുന്നോട്ട് പോയി. ഒടുവില്‍ അദ്ദേഹത്തെ തേടി കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് വിളിയെത്തി. 

അഞ്ച് കറുത്തവർഗക്കാരാണ് നിലവില്‍ കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രൊഫസർമാരുള്ളത്. ആറാമത്തെ കറുത്തവംശജനായ പ്രൊഫസറായി ആര്‍ഡേ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ വംശീയ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നതില്‍ അദ്ദേഹത്തിന് തര്‍ക്കമില്ല. കേംബ്രിഡ്ജ് പോലൊരു സ്ഥലത്ത് ജോലി ചെയ്യുകയെന്നാല്‍ ദേശീയമായും ആഗോളതലത്തിലും തന്‍റെ ആശയങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കാനും അത് വഴി ലോകത്തെ സ്വാധീനിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍ഡേ പറയുന്നു. 2021 ലെ കണക്കനുസരിച്ച് യുകെയിലെ 23,000 സര്‍വകലാശാലാ അധ്യാപകരില്‍ വെറും 155 പേരാണ് കറുത്തവംശജരായി ഉള്ളതെന്ന് ഹയര്‍ എജ്യുക്കേഷന്‍ സ്റ്റാറ്റിസ്റ്റിക് ഏജന്‍സിയുടെ കണക്കുകള്‍ കാണിക്കുന്നു. 

കൂടുതല്‍ വായനയ്ക്ക്:  വെങ്കലയുഗത്തില്‍ മനുഷ്യന്‍ മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തെന്ന് പുരാവസ്തു ഗവേഷകര്‍ !