2019  ഏപ്രിൽ 27

സാഹിദ് യൂനുസ് ഒരു ക്രിമിനലാണ്. സ്ത്രീകളോട് അക്രമം പ്രവർത്തിച്ചതിന്റെ, അവരെ പീഡിപ്പിച്ചതിന്റെ പേരിൽ മുമ്പും യൂനുസ് ശിക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ, ബോക്‌സർ എന്ന ഇരട്ടപ്പേരിൽ അറിയപ്പെട്ടിരുന്ന അയാളെ തേടി ഈസ്റ്റ് ലണ്ടനിലുള്ള അയാളുടെ അപ്പാർട്ട്മെന്റിൽ വന്നെത്തിയ പൊലീസിന് തങ്ങൾ അവിടെ നടത്താനിരുന്ന ഞെട്ടിക്കുന്ന കണ്ടെത്തലിനെപ്പറ്റി യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. 

രണ്ടു ദിവസമായി ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നു എന്ന മാനേജ്‌മെന്റിന്റെ പരാതിയെത്തുടർന്ന്, അതിനുള്ളിൽ യൂനുസ് ജീവനോടുണ്ടോ എന്നന്വേഷിക്കാനാണ് അവിടേക്ക് പൊലീസ് വന്നത്. വന്നപ്പോൾ അയാളുടെ ഫ്ലാറ്റിന്റെ വാതിൽ അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. പക്ഷേ, യൂനുസിന്റെ ക്രിമിനൽ പശ്ചാത്തലം കാരണം അത്ര പെട്ടെന്നെ പൊലീസ് തിരിച്ചു പോയില്ല. അവർ ആ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകടന്നു. അവിടെ ഈച്ചകൾ പൊതിഞ്ഞു പാറിക്കൊണ്ടിരുന്ന ഒരു ലോക്കബിൾ ഫ്രീസർഅവർ കണ്ടു. ആ പൂട്ടും അവർ അടിച്ചു തകർത്തു. ആ ഫ്രീസറിന്റെ ഡോർ തുറന്ന അവർ അകത്തു കണ്ടത് രണ്ടു യുവതികളുടെ മരവിച്ച മൃതദേഹങ്ങളാണ്. 

 

 

ഒരു യുവതിയുടെ പേര് ഹെൻറിയറ്റ് സുക്സ് എന്നായിരുന്നു. 34 -കാരിയായ ആ യുവതി മരണപ്പെട്ടിട്ട് മൂന്നു വർഷം കഴിഞ്ഞിരുന്നു. അത്രയും കാലം അവളുടെ മൃതദേഹം യൂനുസിന്റെ ഫ്രീസറിൽ വിശ്രമിക്കുകയായിരുന്നു. സ്വന്തം അച്ഛനാൽ പീഡിപ്പിക്കപ്പെട്ടിരുന്ന ഹെൻറിയറ്റ് ആകെ തകർന്നടിഞ്ഞ ഒരു മാനസികാവസ്ഥയിൽ ഇരിക്കുമ്പോഴാണ് യൂനുസിനെ പരിചയപ്പെടുന്നത്. കണ്മുന്നിൽ വന്നുപെട്ട യുവതി സ്വന്തം ജീവിതത്തിൽ വല്ലാത്ത അരക്ഷിതാവസ്ഥയിൽ ആണെന്ന് മനസ്സിലാക്കിയ അയാൾ, ഒരു വേട്ടക്കാരന്റെ ചാതുര്യത്തോടെ അവളെ പ്രണയം നടിച്ച് വശത്താക്കി. ഒടുവിൽ അവൾ അയാൾക്കൊപ്പം കഴിയാൻ വേണ്ടി കിഴക്കൻ ലണ്ടനിലെ കാനിങ് ടൗണിൽ ഉള്ള അയാളുടെ ഫ്ലാറ്റിലേക്ക് ആരോടും ഒരക്ഷരം മിണ്ടാതെ ഇറങ്ങിപ്പോരുകയാണ് ഉണ്ടായത്. ഇറങ്ങിപ്പോന്നു എന്ന വിവരം അവൾ ആരെയും അറിയിച്ചില്ല. അതുകൊണ്ടുതന്നെ ആരും തന്നെ അവളെ അവിടേക്ക് അന്വേഷിച്ച് വന്നതുമില്ല. അതുകൊണ്ടാണ് മൂന്നു വർഷമായി ആർക്കും തന്നെ ഹെൻറിയറ്റ് മരിച്ചു എന്ന വിവരം പോലും അറിയാൻ സാധിക്കാതിരുന്നത്. 

രണ്ടാമത്തെ ഇര ജാൻ എന്നറിയപ്പെട്ടിരുന്ന മിഹ്റിക്കാൻ മുസ്തഫ എന്ന 38 -കാരിയായിരുന്നു. അവരെ കാണാതാകുന്നത് 2018 മെയ് മാസം തൊട്ടാണ്. അവളുടെ ജീവിതവും ഏറെക്കുറെ ഹെൻറിയറ്റിന്റെ പോലെ ഒരു നിസ്സഹായമായ അവസ്ഥയിൽ തന്നെ ആയിരുന്നു. വീട്ടിൽ തുടരാനാവാത്ത സാഹചര്യമുണ്ടായിരുന്ന രണ്ടു യുവതികളും വളരെ എളുപ്പത്തിൽ തന്നെ യൂനുസിന്റെ തന്ത്രങ്ങളിൽ വീണുപോവുകയാണ് ഉണ്ടായത്. ആദ്യത്തെ യുവതിയെ വധിച്ച ശേഷം ആ മൃതദേഹം സൂക്ഷിക്കുക എന്ന ഉദ്ദേശ്യം വെച്ച് മാത്രമാണ് യൂനുസ് ലോക്ക് ചെയ്യാൻ പറ്റുന്ന ആ ഫ്രീസർ വാങ്ങിയത്. 

 

 

കറണ്ട് ബില്ല് സമയത്തിന് കെട്ടാതിരുന്നതുകൊണ്ട് ഫ്ളാറ്റിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതുകൊണ്ടാണ് മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയതും ഈച്ചകൾ വന്ന് ആ ഫ്രീസറിനെ വളഞ്ഞതും. മൃതദേഹങ്ങൾ കണ്ടെടുത്തതിന് പിന്നാലെ യൂനിസിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പോസ്റ്റ്‌മോർട്ടത്തിൽ ആ യുവതികൾ കൊലചെയ്യപ്പെട്ടതാണ് എന്ന് തെളിഞ്ഞു. ഇരുവരുടെയും വാരിയെല്ലുകളിൽ പലതും ഒടിഞ്ഞ് ശ്വാസകോശത്തിലും മറ്റും കുത്തിക്കയറിയ നിലയിൽ ആയിരുന്നു. അത് തറയിൽ ഇട്ട് നെഞ്ചിൽ ആഞ്ഞു ചവിട്ടിയതിന്റെ ഫലമായിട്ടാണ് എന്ന് പൊലീസ് പറഞ്ഞു. അവരുടെ തലക്കും നിരവധി പരിക്കുകൾ ഉണ്ടായിരുന്നു. ഈ യുവതികളുടെ ഒപ്പം ലിവ് ഇൻ റിലേഷൻഷിപ്പ് ഉണ്ടായിരുന്ന യൂനുസ് ബന്ധം തുടരുന്നതിനിടെ എപ്പോഴോ അവരെ മർദ്ദിച്ച് കൊലപ്പെടുത്തിയതാകും എന്നാണ് പൊലീസ് കരുതുന്നത്.

 

 

എന്നാൽ താൻ നിരപരാധിയാണ് എന്നായിരുന്നു യൂനിസിന്റെ വാദം. താൻ ഫ്ലാറ്റിൽ ഇല്ലാതിരുന്നപ്പോഴാണ് ഹെൻറിയറ്റ് മരിക്കുന്നത്. പൊലീസ് തന്നെ സംശയിക്കും എന്ന് ഭയന്നാണ് ആരെയും അറിയിക്കാതെ മൃതദേഹം ഫ്രീസർ വാങ്ങി അതിൽ ഇട്ടത്. ജാൻ മരിച്ചത് എങ്ങനെ എന്നറിയില്ല. താൻ ആരെയും കൊന്നിട്ടില്ല എന്നൊക്കെയാണ് അയാൾ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഒന്നരവർഷത്തോളം നീണ്ട വിചാരണ പൂർത്തിയാക്കി, ലണ്ടൻ കോടതി കഴിഞ്ഞ ദിവസം  യൂനിസിനെ കുറ്റക്കാരനാണ് എന്ന് വിധിച്ചു. അയാൾക്ക് 38 വർഷത്തെ തടവ് ശിക്ഷയും വിധിച്ചു.