1979-85 കാലയളവിൽ അസമിനെ പിടിച്ചുകുലുക്കിയ ഒരു കലാപമായിരുന്നു അസം ലഹള ( Assam Agitation). ഈ കാലയളവിൽ നടത്തിയ പോരാട്ടങ്ങളുടെ പേരിൽ ഒരാഴ്ചക്കാലം ജയിൽവാസം അനുഷ്ഠിച്ച ആളാണ് അറുപത്തിരണ്ടുകാരനായ പ്രദീപ് കുമാർ ബോർദലോയ്. അന്ന് അസമിലെ വിദ്യാർത്ഥിപ്രസ്ഥാനങ്ങളിൽ ഒന്നായ ഓൾ ആസാം സ്റ്റുഡന്റസ് യൂണിയനിലെ അംഗമായിരുന്നു ബോർദലോയ്.

ബംഗ്ലാദേശിൽ നിന്നും അതിർത്തി വഴി അനധികൃതമായി അസമിലേക്ക് നുഴഞ്ഞുകയറിയ 'വിദേശി'കളെ പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നടന്ന ആ ലഹള 860 -ലധികം പേരുടെ ജീവനെടുത്ത ഏറെ രക്തരൂഷിതമായ ഒന്നായിരുന്നു. ഒടുവിൽ 1985 -ൽ രാജീവ്ഗാന്ധി കലാപകാരികളുമായി ഒത്തുതീർപ്പുണ്ടാക്കി. അനധികൃത കുടിയേറ്റക്കാരെ അസമിൽ നിന്ന് പുറത്താക്കാം എന്ന് രാജീവ് ഗാന്ധി തദ്ദേശീയർക്ക് ഉറപ്പു നൽകി. അങ്ങനെ ആ ഒരു വാക്കിന്റെ പുറത്ത് AASU -വും കേന്ദ്ര സംസ്ഥാന സർക്കാരുകളും തമ്മിൽ ഒപ്പുവെച്ച പരസ്പരധാരണയായ  'അസം അക്കോർഡി'ലാണ് ഇത് പര്യവസാനിക്കുന്നത്.

അസം ഉടമ്പടിയിൽ സുപ്രധാനമായ ഒരു തീരുമാനം അസമിലെ പൗരന്മാരുടെ ഒരു കൃത്യമായ രജിസ്റ്റർ ഉണ്ടാക്കും എന്നതായിരുന്നു. 1951  -ലെ സെൻസസിനോട് അനുബന്ധിച്ചുണ്ടാക്കിയ ദേശീയ പൗരത്വ രജിസ്റ്റർ (NRC)  അസമിലെ 'അംഗീകൃത' പൗരന്മാരുടെ പേരുകൾ ചേർത്ത് പരിഷ്‌കരിക്കും എന്നത് ആ തീരുമാനം നടപ്പിലാക്കാൻ വേണ്ടി തുടങ്ങിയ ഒരു നടപടിയാണ്. 

അന്ന് അസം ലഹളക്കാലത്ത് വിദേശീയരെ അസമിൽ നിന്നും തുരത്താൻ വേണ്ടി ജയിലിൽ കിടന്ന അതേ  പ്രദീപ് കുമാർ ബോർദലോയ്, ഇന്ന് ദേശീയ പൗരത്വ രജിസ്റ്ററി(NRC)ന് വെളിയിലായിരിക്കുകയാണ്. വിദ്യാർത്ഥി നേതാവായിരിക്കെ താൻ കൂടി ജയിൽവാസം അനുഷ്‌ഠിച്ചതുകൊണ്ട് നടപ്പിൽ വന്ന അതേ പരിഷ്‌കാരം, ഇന്ന് ബോർദലോയിയെ ഒരു തദ്ദേശീയ പൗരനായി അംഗീകരിക്കാൻ വിസമ്മതിക്കുന്നു. താൻ അസം ലഹളക്കാലത്ത് ഇതേ ആവശ്യവും പറഞ്ഞു പോരാടിയ ഒരു വിദ്യാർത്ഥി നേതാവാണെന്നും, താനും തന്റെ കുടുംബവും നുഴഞ്ഞുകയറ്റക്കാരല്ല എന്നും അധികാരികളെ ബോധിപ്പിക്കാൻ വേണ്ടി പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയെങ്കിലും ഒന്നും തന്നെ വിജയിച്ചില്ല. 

ബോർദലോയ് NRC -യിൽ പേരുവരാനായി ആദ്യമായി അപേക്ഷിക്കുന്നത് 2015 -ലാണ്. അന്ന് പട്ടണത്തിലെ ഒരു ഇന്റർനെറ്റ് കഫെയിൽ നിന്നുമാണ് അദ്ദേഹം അപേക്ഷിച്ചത്. അപ്ലിക്കേഷൻ കിട്ടിബോധിച്ചു എന്ന് സൂചിപ്പിക്കുന്ന ഒരു അക്‌നോളജ്‌മെന്റ് നമ്പറും അന്ന് കിട്ടിയിരുന്നു. എന്നാൽ 2018 ജൂലൈയിൽ NRC -യുടെ വെബ്‌സൈറ്റിൽ കയറി ഇതേ അപ്ലിക്കേഷൻ റെസീറ്റ് നമ്പർ അടിച്ചു നോക്കിയപ്പോൾ 'റോങ്ങ് ARN ' എന്ന മറുപടിയാണ് കിട്ടിയത്. ഇനി താൻ നമ്പർ അടിച്ചതിലെ തെറ്റാണോ എന്ന സംശയത്തിൽ അയാൾ ദില്ലിയിൽ ജോലി ചെയ്യുന്ന മകനോട് തന്നെ സഹായിക്കാൻ പറഞ്ഞു. അയാൾ നോക്കിയപ്പോഴും ഫലം അതുതന്നെ. 

ബോർദലോയ്, നേരെ വെച്ചുപിടിച്ചത് തൊട്ടടുത്തുള്ള NRC കേന്ദ്രയിലേക്കാണ്. അപ്പോൾ അവർ പറഞ്ഞു, "അങ്ങയുടെ അപേക്ഷ ഡിജിറ്റൈസ് ചെയ്യപ്പെട്ടില്ല.'' ഇന്റർനെറ്റിൽ രജിസ്റ്റർ ചെയ്യുന്ന അപേക്ഷകളും, അല്ലാതെ ഓഫ്‌ലൈൻ ആയി ചെയ്യുന്നവയും പരിശോധനകൾക്കു ശേഷം NRC സെർവറിലേക്ക് കൂട്ടിച്ചേർക്കപ്പെടും. ബോർദലോയുടെ അപേക്ഷയാണെങ്കിൽ പ്രോസസ് പോലും ചെയ്യപ്പെട്ടിരുന്നില്ല. അപ്പുറത്തും ഇപ്പുറത്തുമുള്ള വീടുകളിൽ വെരിഫിക്കേഷന് ആളുകൾ വന്നിട്ടും തന്റെ വീട്ടിൽ മാത്രം ആരും വന്നിരുന്നില്ല എന്ന കാര്യം അപ്പോൾ അയാൾക്ക് ഓർമവന്നു. 

ആഴ്ചകളോളം NRC -യുമായി ബന്ധപ്പെട്ട സർക്കാർ ഓഫീസുകൾ കേറിയിറങ്ങിയിട്ടും കാര്യം നടന്നില്ല. ഒടുവിൽ ഒരു ക്ലെയിം ഫോം പൂരിപ്പിച്ചു കൊടുക്കാൻ അവർ ആവശ്യപ്പെട്ടു. NRC -യിൽ പേരുവരാനുള്ള അവസാന അവസരം. ഇത്തവണ അദ്ദേഹം ആ ഉദ്യോഗസ്ഥനെക്കൊണ്ടുതന്നെ ഫോം പൂരിപ്പിച്ചു. അതിനുശേഷം പലവട്ടവും ബോർദലോയ് NRC ഓഫീസ് സന്ദർശിച്ചു. ഒടുവിൽ അവർ പറഞ്ഞു, "നിങ്ങളുടെ പേര് ഉൾക്കൊള്ളിച്ചിട്ടുണ്ട് ഇപ്പോൾ..." അതുകേട്ട് അയാൾ ആശ്വാസനിശ്വാസം പുറപ്പെടുവിച്ചു. എന്നാൽ, പ്രശ്നങ്ങൾ അവിടെ അവസാനിച്ചിട്ടുണ്ടായിരുന്നില്ല. 

അദ്ദേഹത്തിന്റെ കൂടെ തന്നെയാണ് പത്നി പികുമണി ബോർദലോയും അപേക്ഷിച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ അവർക്ക് ഒരു നോട്ടീസ് വന്നു. ഹിയറിങ്ങിനു ഹാജാരാവണം. അവിടെ ചെന്നപ്പോഴാണ് അവർ പികുമണിക്കുമേൽ ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കുന്നത്. അവർ തന്റെ പൗരത്വം ഉറപ്പിക്കാൻ വേണ്ടി നൽകിയിരുന്ന 'ലെഗസി ഡാറ്റ' മോഷ്ടിച്ചതായിരുന്നവത്രേ. അതായത് തന്റെ രണ്ടു തലമുറ മുകളിലുള്ള അടുത്ത ബന്ധുവായി അവർ കൊടുത്തിരുന്ന പേര്  ബന്ധമില്ലാത്ത മറ്റാരുടെയോ ആണെന്ന്. എന്നാൽ ഹിയറിങ്ങിന് സഹോദരിയെക്കൂടി കൂട്ടിക്കൊണ്ടു ചെന്ന് വിശദീകരിച്ചപ്പോൾ ആ തെറ്റിദ്ധാരണ മാറിക്കിട്ടി. 

ഏപ്രിലിൽ ബോർദലോയ്ക്കും വീണ്ടുമൊരു ഹിയറിങ്ങിനു വിളിവന്നു. അവിടെ ചെന്നപ്പോൾ NRC ഉദ്യോഗസ്ഥർ ചോദിച്ചതിനൊക്കെ മറുപടി നല്കി. ഒക്കെ തെളിയിക്കുന്ന രേഖയും നൽകി. ജൂലൈ 29- ന് ബോർദലോയുടെ പത്നിയെ വീണ്ടുമൊരിക്കൽക്കൂടെ ഹിയറിങ്ങിന് വിളിപ്പിച്ചെങ്കിലും വിശേഷിച്ചു പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ബോർദലോയുടെ രണ്ടുമക്കൾക്കും NRC -യിൽ അംഗത്വം നിഷേധിക്കപ്പെട്ടു. അവരും ആ തീരുമാനം തിരുത്താനുള്ള പോരാട്ടത്തിലാണ്. 

"എന്റെ അച്ഛൻ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. ഞാൻ എന്റെ നാട്ടുകാരുടെ നന്മയോർത്ത് പോരാടി അവർക്കൊക്കെ വേണ്ടി ജയിൽ വാസം വരെ അനുഷ്‌ഠിച്ച ഒരാളും. എന്നോടുതന്നെ ഇങ്ങനൊക്കെ ചെയ്യണം..." ബോർദലോയ് തന്റെ പരിഭവം പങ്കിട്ടു. അങ്ങനെ ഈ പൗരത്വ രജിസ്റ്ററിൽ പേരുവരാത്തതിന്റെ പേരിൽ പരമാവധി മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചു കഴിഞ്ഞു താനെന്നും അദ്ദേഹം പറഞ്ഞു.

 

കടപ്പാട് : ഹ്യൂമൻസ് ഓഫ് അസം