അതിശയകരമെന്നു പറയട്ടെ, കോടതി അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചു. ആറ്റർ ആൻഡ്രൂ കൗണ്ടിയിലെ ജില്ലാ കോടതി ഡാനിയേലിന് അനുകൂലമായി വിധി പ്രസ്താവിച്ചു. 

രണ്ടടിച്ച് കഴിഞ്ഞാൽ വഴക്കിടുന്നത് ചിലരുടെ ശീലമാണ്. കുടിച്ച് വഴക്കുണ്ടാക്കി പൊലീസ് അറസ്റ്റ് ചെയ്യുകയും, പിന്നീട് ഒരു രാത്രി സ്റ്റേഷനിൽ കൊതുകുകടിയും കൊണ്ട് കിടക്കുന്നതുമൊക്കെ അത്തരക്കാരുടെ ഒരു പതിവ് കലാപരിപാടിയായിരിക്കും. ഡാനിയൽ റൗൾസ് എന്ന വ്യക്തിയും ഇതുപോലെ കുറച്ച് വയറ്റിൽ ചെന്നാൽ അടികൂടുന്ന സ്വഭാവക്കാരനാണ്. മുൻപ് പല തവണ അയാൾ ഇതുപോലെ വഴക്കിടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായി. എന്നാൽ, ഒരിക്കൽ കുറച്ച് കൂടുതൽ മദ്യം കഴിച്ചതിന് ശേഷം അദ്ദേഹം ഒരു അടിപിടിയിൽ ഏർപ്പെടുകയും, കാര്യമായി പരിക്കേൽക്കുകയും ചെയ്തു. എന്നാൽ, പിന്നീട് അയാൾ എന്താണ് ചെയ്തതെന്നോ? ഇതിന് നഷ്ടപരിഹാരം ചോദിച്ചു കൊണ്ട് അയാൾ ബാറിനെതിരെ കേസ് കൊടുത്തു.

ബാറിൽ ഇത്രയധികം മദ്യം വിളമ്പിയത് കൊണ്ടല്ലേ അയാൾക്ക് ഈ ഗതി വന്നതെന്നായിരുന്നു അയാളുടെ ചോദ്യം. കോടതിയ്ക്ക് അയാളുടെ സംശയം ന്യായമാണെന്ന് തോന്നി. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു കോടതി മദ്യപാനിയെ അനുകൂലിച്ച് വിധി പറഞ്ഞു. ബാർ അയാൾക്ക് ഇത്രയധികം മദ്യം നൽകരുതായിരുന്നുവെന്ന് കോടതി പറഞ്ഞു. ഇത് മാത്രമല്ല, ഇതിന് നഷ്ടപരിഹാരമായി 40 കോടി അയാൾക്ക് ബാർ നൽകണമെന്നും കോടതി ഉത്തരവിട്ടു.

ഈ വിചിത്രമായ കേസ് ടെക്സാസിൽ 2019 മെയ് മാസത്തിലാണ് സംഭവിക്കുന്നത്. അന്ന് ഡാനിയൽ ബാറിൽ മദ്യപിക്കാനായി പോയി. അടിച്ച് ലെവൽ വിട്ട അയാൾ, കാർ പാർക്കിംഗിൽ എത്തിയയുടൻ ഒരാളുമായി വഴക്കുണ്ടാക്കി. അടിപിടിയിൽ, ഡാനിയേലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അതിന് ശേഷം, ബാറിന്റെ ഉടമ ലൂർദ് ഗലിൻഡോയുടെയും ബാർടെൻഡറുടെയും പേരിൽ ഡാനിയൽ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു. തനിക്കുണ്ടായ മുറിവിന് അവരാണ് ഉത്തരവാദികളെന്ന് അയാൾ വാദിച്ചു. തനിക്ക് ഇത്രയധികം മദ്യം നൽകിയിരുന്നില്ലെങ്കിൽ, തനിക്ക് ഈ അവസ്ഥ വരുമായിരുന്നില്ലെന്ന് അയാൾ വാദിച്ചു. താൻ വയ്യാതെ കിടന്നപ്പോൾ അവർ ആംബുലൻസ് വിളിക്കാൻ ശ്രമിച്ചില്ലെന്നും ഡാനിയൽ ആരോപിച്ചു.

അതിശയകരമെന്നു പറയട്ടെ, കോടതി അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചു. ആറ്റർ ആൻഡ്രൂ കൗണ്ടിയിലെ ജില്ലാ കോടതി ഡാനിയേലിന് അനുകൂലമായി വിധി പ്രസ്താവിച്ചു. കേസിന്റെ വിചാരണയ്ക്ക് പോലും ബാറിന്റെ ഉടമ കോടതിയിലെത്തിയില്ല. അതുകൊണ്ടാകാം ഡാനിയലിന്റെ വാദം കേട്ട കോടതി ബാറിന് 40 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു. എന്നിരുന്നാലും, 30 ദിവസത്തിനുള്ളിൽ ബാർ ഉടമയ്ക്ക് അപ്പീൽ നൽകാനുള്ള അവസരമുണ്ട്.