രണ്ട് വർഷം മുമ്പ് ലോറൻസിനെ കെയർ ഹോമിൽ പ്രവേശിപ്പിച്ചപ്പോൾ, മിലിയെ കൂടെ കൊണ്ടുപോകാൻ കഴിയാത്തതിൽ അദ്ദേഹം അങ്ങേയറ്റം അസ്വസ്ഥനായിരുന്നു. ഭാര്യയുടെ മരണശേഷം, ലോറൻസിന് അദ്ദേഹത്തെ കാണാൻ കൂടുതൽ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഇല്ലായിരുന്നു, അതിനാൽ മില്ലിയ്ക്ക് അദ്ദേഹം വലിയ പ്രാധാന്യം നല്‍കിയിരുന്നു. 

ഓമനമൃഗങ്ങളെ(pets) പലപ്പോഴും നാം നമ്മുടെ വീട്ടിലെ ഒരു അംഗമായി തന്നെയാണ് കാണുന്നത്. അങ്ങനെയുള്ള അവയുമായി വേര്‍പെട്ട് നില്‍ക്കേണ്ടി വരുന്നത് നമുക്ക് വലിയ വേദന തന്നെ തന്നേക്കാം. ഇവിടെ ഒരാള്‍ രണ്ട് വര്‍ഷം കെയര്‍ഹോമില്‍ താമസിച്ചു വന്നതിന് ശേഷം തന്‍റെ പ്രിയപ്പെട്ട നായയുമായി ഒത്ത് ചേര്‍ന്നിരിക്കുകയാണ്. 

73 വയസ്സുള്ള ലോറൻസ് നൈറ്റിനെ (Lawrence Knight) ഡിമെൻഷ്യ(dementia) ബാധിച്ചതിനെ തുടർന്നാണ് 2019 -ൽ മാഞ്ചസ്റ്ററിലെ ഒരു വീട്ടിൽ പ്രവേശിപ്പിച്ചത്. എന്നാല്‍, അവിടെ മൃഗങ്ങള്‍ അനുവദനീയമായിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട ഗോള്‍ഡന്‍ ലാബ്രഡോറായ മില്ലിയെ ഒരു താല്‍ക്കാലിക അഭയകേന്ദ്രത്തിലാക്കേണ്ടി വന്നു. 

എന്നാൽ, കോര്‍ട്ട് ഓഫ് പ്രൊട്ടക്ഷന്‍ ഹിയറിംഗുകൾക്ക് ശേഷം, ലോറന്‍സും മില്ലിയും ഒരുമിച്ച് തടാകക്കരയിലെ ഒരു കെയർ ഹോമിലേക്ക് മാറി. ലോറന്‍സിന് മില്ലിയെ ഒരുമിച്ച് താമസിപ്പിക്കാനാവാത്തതുകൊണ്ട് ആദ്യം താമസിച്ചിരുന്ന കെയര്‍ഹോമിനെ അദ്ദേഹം എതിര്‍ത്തിരുന്നു. എന്നാല്‍, പിന്നീട് അദ്ദേഹത്തിന്റെ നിയമസംഘം മാഞ്ചസ്റ്ററിലെ ലേക്സൈഡ് നഴ്സിംഗ് ഹോമിൽ മിലിക്ക് വീണ്ടും താമസിക്കാൻ കഴിയുന്ന വിധത്തില്‍ ഇടം കണ്ടെത്തുകയായിരുന്നു.

ഇർവിൻ മിച്ചലിൽ നിന്നുള്ള എലിസബത്ത് റിഡ്‌ലി പറഞ്ഞു: "രണ്ട് വർഷം മുമ്പ് ലോറൻസിനെ കെയർ ഹോമിൽ പ്രവേശിപ്പിച്ചപ്പോൾ, മിലിയെ കൂടെ കൊണ്ടുപോകാൻ കഴിയാത്തതിൽ അദ്ദേഹം അങ്ങേയറ്റം അസ്വസ്ഥനായിരുന്നു. ഭാര്യയുടെ മരണശേഷം, ലോറൻസിന് അദ്ദേഹത്തെ കാണാൻ കൂടുതൽ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഇല്ലായിരുന്നു, അതിനാൽ മില്ലിയ്ക്ക് അദ്ദേഹം വലിയ പ്രാധാന്യം നല്‍കിയിരുന്നു. പകർച്ചവ്യാധി കാരണം, ലോറൻസും മില്ലിക്കും തമ്മില്‍ കാണാനും പറ്റാതെയായി, പക്ഷേ ഇപ്പോൾ അവളും ലോറൻസും ഒരു തടാകത്തിന് സമീപം താമസിക്കുന്നു, അവിടെ അവൾക്ക് ആവശ്യമുള്ളത്ര ഓടാനും ചാടാനും ഒക്കെ കഴിയും."

ലേക്സൈഡ് നഴ്സിംഗ് ഹോമിന്റെ മാനേജർ ഗെയിൽ ഹോവാർഡ് കൂട്ടിച്ചേർത്തു: "ഇവിടെ വന്നതിനുശേഷം മില്ലി ലേക്സൈഡ് കുടുംബത്തിന്റെ ഭാഗമായിത്തീർന്നു, കൂടാതെ വീട്ടിലെ എല്ലാ താമസക്കാർക്കും അവള്‍ സന്തോഷം നൽകുന്നു."