കഠിനമായ തലവേദനയെ തുടർന്ന് സിക്ക് ലീവ് എടുത്ത ജീവനക്കാരനോട്, വീട്ടിൽ തന്നെയാണോ എന്ന് ഉറപ്പിക്കാൻ ലൈവ് ലൊക്കേഷൻ ആവശ്യപ്പെട്ട് മാനേജർ. റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പ് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. 

സിക്ക് ലീവ് അഥവാ മെഡിക്കൽ ലീവ് പലപ്പോഴും അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. എങ്കിൽ പോലും പല കമ്പനികളിലും പല ജീവനക്കാർക്കും ആ ലീവ് അനുവദിച്ചു കിട്ടുക എന്നത് വലിയ പ്രയാസമായി മാറാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ പറയുന്നത്, സിക്ക് ലീവ് കിട്ടണമെങ്കിൽ തന്നോട് ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യാൻ പറ‍ഞ്ഞു എന്നാണ്. 'ലൈവ് ലൊക്കേഷൻ ചോദിക്കുന്നത് ഓക്കേയാണോ' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് പ്രകാരം, കഠിനമായ തലവേദനയെ തുടർന്ന് ജീവനക്കാരൻ ഒരു ദിവസം അവധിയെടുത്തു. എന്നാൽ, തലവേദന മാറാത്തതിന് പിന്നാലെ ഒരു ദിവസം കൂടി അവധി നീട്ടിച്ചോദിച്ചു. എന്നാൽ, മാനേജർ HR -നോട് സംസാരിക്കാനാണ് ജീവനക്കാരനോട് നിർദ്ദേശിച്ചത്. എച്ച് ആർ ജീവനക്കാരനോട് കൃത്യമായ മെഡിക്കൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് മാനേജരോട് പറഞ്ഞപ്പോൾ വളരെ വിചിത്രമായ ഒരു കാര്യമാണ് മാനേജർ ആവശ്യപ്പെട്ടത്. വീട്ടിൽ തന്നെയാണ് എന്ന് ഉറപ്പിക്കുന്നതിനായി ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യാനാണ് മാനേജർ ആവശ്യപ്പെട്ടത്.

വാട്ട്സാപ്പിൽ ജീവനക്കാരനും മാനേജരും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും പോസ്റ്റിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റ് നൽകിയിരിക്കുന്നത്. മാനേജർ ലൈവ് ലൊക്കേഷൻ ചോദിച്ച നടപടിയെ വളരെ രൂക്ഷമായിട്ടാണ് പലരും വിമർശിച്ചത്. ഇത് വായിക്കുമ്പോൾ തനിക്ക് സ്കൂളാണ് ഓർമ്മ വരുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് ചെറിയ രീതിയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ഇന്ത്യൻ കമ്പനിയായിരിക്കും അവിടെയാണ് ഇത്തരം ടോക്സിസിറ്റി ഉണ്ടാവാറ് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. തൊഴിലാളികളുടെ സ്വകാര്യതയ്ക്കും അവകാശങ്ങൾക്കും യാതൊരു വിലയുമില്ലേ എന്നായിരുന്നു മറ്റ് ചിലരുടെ സംശയം.