സഹായം തേടി ജീവനക്കാർ എച്ച്.ആർ വകുപ്പിനെ സമീപിച്ചെങ്കിലും അവർ സഹകരിക്കാൻ തയ്യാറായില്ല. ഇത് നിങ്ങളുടെ പേഴ്സണൽ കാര്യം മാത്രമാണെന്നും, മാനേജറുടെ ഭാഗത്തു തെറ്റൊന്നുമില്ലെന്നും, ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധക്കുറവാണ് ഇതെന്നും പറഞ്ഞാണ് എച്ച്.ആർ അവരെ മടക്കി അയച്ചത്.
പത്ത് ടീം അംഗങ്ങളിൽ നിന്നായി ഏകദേശം 4 ലക്ഷം രൂപ കടം വാങ്ങി എമർജൻസി ലീവെടുത്ത് മുങ്ങി ഹൈദരാബാദിലെ ഒരു ഐ.ടി കമ്പനി മാനേജർ. ഇതിൽ ഒരു ജീവനക്കാരൻ തന്റെ പേഴ്സണൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 2 ലക്ഷം രൂപയാണ് മാനേജർക്ക് നൽകിയത്. മാനേജർ ഇതിൽ 50,000 രൂപ തിരികെ നൽകിയെങ്കിലും, ബാക്കി 1.5 ലക്ഷം രൂപ നൽകിയില്ല. തുടർന്ന് പലതവണ തരാം തരാം എന്നു പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. മാത്രമല്ല, ഫോൺ കോളിനോ മെസ്സേജിനോ യാതൊരു വിധ മറുപടിയും ഉണ്ടായിരുന്നില്ല. ക്രെഡിറ്റ് കാർഡായതിനാൽ ഉയർന്ന പലിശയാണ് ജീവനക്കാരന് വന്നുകൊണ്ടിരിക്കുന്നത്. റെഡ്ഡിറ്റിലാണ് ജീവനക്കാരൻ തന്റെ ദുരവസ്ഥ വിവരിച്ചുകൊണ്ടുള്ള ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
സഹായം തേടി ജീവനക്കാർ എച്ച്.ആർ വകുപ്പിനെ സമീപിച്ചെങ്കിലും അവർ സഹകരിക്കാൻ തയ്യാറായില്ല. ഇത് നിങ്ങളുടെ പേഴ്സണൽ കാര്യം മാത്രമാണെന്നും, മാനേജറുടെ ഭാഗത്തു തെറ്റൊന്നുമില്ലെന്നും, ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധക്കുറവാണ് ഇതെന്നും പറഞ്ഞാണ് എച്ച്.ആർ അവരെ മടക്കി അയച്ചത്. ഇതിനു പിന്നാലെയാണ് ഇനി എന്തു ചെയ്യണം എന്ന് ചോദിച്ച് ജീവനക്കാരൻ റെഡ്ഡിറ്റിൽ സഹായം തേടിയത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്.
മാനേജർ പണം കടം വാങ്ങിയ മറ്റ് ജീവനക്കാരെയെല്ലാം ഒന്നിപ്പിച്ച് എച്ച്.ആറിന്റെ മാനേജരെയും, മാനേജരുടെ മേലുദ്യോഗസ്ഥരെയും ഈ വിഷയം അറിയിക്കണമെന്നായിരുന്നു ഒരാൾ നിർദ്ദേശിച്ചത്. ഇതൊരു പേഴ്സണൽ ഇടപാടാണെന്ന് കമ്പനി വാദിച്ചേക്കാമെങ്കിലും, പ്രതി ഒരു ഉന്നത അധികാരസ്ഥാനത്തിരുന്നുകൊണ്ട് ജീവനക്കാരെ സ്വാധീനിച്ചാണ് പണം വാങ്ങിയത് എന്ന് ചൂണ്ടിക്കാണിക്കണം. എന്നിട്ടും കമ്പനി നടപടി എടുക്കാൻ തയ്യാറായില്ലെങ്കിൽ, തങ്ങൾ സിവിൽ കേസ് ഫയൽ ചെയ്യാൻ പോവുകയാണെന്ന് കമ്പനിയെ അറിയിക്കണമെന്നും ഇദ്ദേഹം വ്യക്തമാക്കി.
അതുപോലെ, എല്ലാവരും ചേർന്ന് ഒരു കത്ത് തയ്യാറാക്കി കമ്പനിയുടെ സി.ഇ.ഒയ്ക്ക് ഇമെയിൽ അയക്കണമെന്നാണ് മറ്റൊരാൾ നിർദ്ദേശിച്ചത്. എച്ച്.ആർ ഈ വിഷയത്തിൽ മാനേജരെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന സംശയവും കത്തിൽ ഉന്നയിക്കണം. പണം തിരികെ നൽകാതെ മാനേജർ കമ്പനി വിട്ടുമാറാൻ ശ്രമിക്കുകയാണെങ്കിൽ, എച്ച്.ആർ എങ്ങനെയാണ് ഇതിൽ പ്രതികരിക്കുന്നത് എന്ന് കാണാമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
