തന്റെ ടീം അംഗങ്ങൾ താനില്ലാതെ ഒരു രഹസ്യ ഗ്രൂപ്പ് ഉണ്ടാക്കി അതിൽ തന്നെക്കുറിച്ച് സംസാരിക്കുന്നത് കാണാനിടയായ ഒരു മാനേജരുടെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ ചാറ്റ് വായിച്ചതില്‍ താന്‍ ഖേദിക്കുന്നുവെന്നും മാനേജര്‍.

തന്നെ കുറിച്ച് ടീമിലെ അം​ഗങ്ങൾ രഹസ്യ ​ഗ്രൂപ്പ് ചാറ്റിൽ സംസാരിച്ചത് കണ്ട് ആകെ മാനസികമായി തകർന്നതായി മാനേജരുടെ കുറിപ്പ്. റെഡ്ഡിറ്റിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ടീമിലെ അം​ഗങ്ങൾ തന്നെ കുറിച്ച് ചാറ്റിൽ എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ ആ ചാറ്റ് വായിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. അത് വായിച്ചതിൽ താൻ ഖേദിക്കുന്നു എന്നാണ് മാനേജർ കുറിച്ചിരിക്കുന്നത്.

പോസ്റ്റ് വായിക്കാം;

നേരത്തെ ഇവിടെ ജോലി ചെയ്തിരുന്നൊരാൾ രാജിവെച്ചപ്പോൾ ഞാൻ അയാളുടെ ലാപ്‌ടോപ്പ് എടുത്തുനോക്കി. ഞങ്ങളുടെ ഷെയേർഡ് ഡ്രൈവിൽ അപ്‌ലോഡ് ചെയ്യാത്ത ഒരു ഫയൽ തിരയാനായിട്ടാണ് ലാപ്ടോപ്പ് എടുത്തത്. അവിടെയാണ് ഞാനത് കണ്ടത് - ഞാനില്ലാത്ത എന്നാൽ ടീമിലെ എല്ലാവരുമുള്ള ഒരു രഹസ്യ ഗ്രൂപ്പ് ചാറ്റ്. ലോകത്തുള്ള സകല കാര്യങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് ജോലിയെക്കുറിച്ചും അവർ അവിടെ പറയുന്നുണ്ടായിരുന്നു.

സാധാരണയായി ഞാൻ ഇത്തരം കാര്യങ്ങൾ ഗൗനിക്കാത്ത ആളാണ്. ഒരു പതിറ്റാണ്ടിലേറെയായി മാനേജർ സ്ഥാനത്തിരിക്കുന്ന ആളാണ് ഞാൻ. അതിനാൽ തന്നെ ആളുകൾ എപ്പോഴും അവരുടെ മാനേജർമാരെക്കുറിച്ച് സംസാരിക്കാറുണ്ടെന്നത് ഞാൻ അംഗീകരിച്ചിട്ടുള്ള കാര്യവുമാണ്. എങ്കിലും ഒരു കൗതുകത്തിന് അവർ എന്താണ് സംസാരിക്കുന്നതെന്ന് ഞാൻ ഒന്ന് നോക്കി.

സത്യം പറഞ്ഞാൽ, അത് വായിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി, വായിച്ചതിൽ ഞാനിപ്പോൾ ഖേദിക്കുന്നു. നേരിൽ കാണുമ്പോൾ അവർ വളരെ മാന്യമായിട്ടാണ് പെരുമാറുന്നത്, ജോലിസ്ഥലത്ത് നല്ലൊരു ബന്ധം നിലനിർത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ അതിന് പിന്നിലെ അവരുടെ ഫിൽട്ടർ ചെയ്യാത്ത ഇത്തരം ചിന്തകൾ എന്നെ ശരിക്കും മാനസികമായി തളർത്തി.

അവർ യഥാർത്ഥത്തിൽ ഇങ്ങനെയാണോ ചിന്തിക്കുന്നത്? അതോ ഇതൊക്കെ ആ നിമിഷത്തെ വികാരത്തള്ളിച്ചയിൽ പറയുന്നതാണോ? ഞാൻ ടീമിനോട് എപ്പോഴും സുതാര്യമായും ഉത്തരവാദിത്തത്തോടെയും പെരുമാറിയിട്ടുള്ള ആളാണ്. അവരുടെ വികാരങ്ങൾ നേരിട്ട് പറയാനുള്ള സത്യസന്ധതയെങ്കിലും അവർ കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇത് ശരിക്കും വേദനാജനകമാണ്. മറ്റ് മാനേജർമാർക്ക് ഇതിനെക്കുറിച്ച് എന്താണ് തോന്നുന്നത്?

നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. അവർ വികാരത്തള്ളിച്ചയിൽ പറഞ്ഞതായിരിക്കാം. അത് കാര്യമാക്കേണ്ടതില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇതിനെ വ്യക്തിപരമായി കാണേണ്ടതില്ല. ഇത് ഈ തസ്തികയുടേയും ജോലിയുടേയും ഭാ​ഗമാണ് എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.