മാന്നാറിലെ തന്നെ പുരാതനമായ ക്ഷേത്രമാണ് തൃക്കുരട്ടി മഹാദേവക്ഷേത്രം. ഭൂതത്താന്മാര്‍ മതില്‍ കെട്ടിയെന്ന് വിശേഷിപ്പിക്കുന്ന ക്ഷേത്രത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രമാണിതെന്നാണ് വിശ്വാസം. മാന്ധാതാവ് ചക്രവര്‍ത്തി നടത്തിയ നൂറ് യാഗങ്ങളിലൊന്ന് ഈ ക്ഷേത്രപരിസരത്ത് വച്ചായിരുന്നുവെന്ന് കരുതുന്നു. ഈ യാഗത്താല്‍ പ്രസിദ്ധമായതുകൊണ്ടുതന്നെ മാന്ധാതാപുരം എന്നായിരുന്നു അന്ന് പേര് നല്‍കിയിരുന്നത്. എന്നാല്‍, പിന്നീടിത് ലോപിച്ച് മാന്നാര്‍ എന്നായി മാറുകയായിരുന്നുവത്രെ. എതായാലും, മാന്ധാതാവ് യാഗം നടത്തിയപ്പോള്‍ ഹോമാഗ്നിയിൽ പ്രത്യക്ഷപ്പെട്ട ശിവനെ ക്രോഷ്ടമഹർഷി ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.

ഇവിടെ ശിവന്‍ തപസ്വി ഭാവത്തിലാണ് എന്നാണ് സങ്കല്‍പം. അതിനാല്‍ത്തന്നെ നേരത്തെ ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാല്‍, പിന്നീട് ക്ഷേത്രം സ്ത്രീകള്‍ക്ക് കൂടി വേണ്ടി തുറന്ന് നല്‍കി. മാത്രവുമല്ല, ഇവിടെ അഹിന്ദുക്കള്‍ക്ക് പ്രവേശിക്കുന്നതിനായി വേറത്തന്നെ വാതിലുള്ള ക്ഷേത്രം കൂടിയാണിത്. കിഴക്കേ ഗോപുരത്തിനടുത്തായിട്ടായിരുന്നു നേരത്തെ ഈ വാതില്‍. അത് ഇസ്ലാം മതവിശ്വാസികള്‍ക്കുവേണ്ടി മാത്രം പണി കഴിപ്പിച്ചതാണെന്നും പറയപ്പെടുന്നുണ്ട്. ഇവിടെ ശിവരാത്രി വലിയ ആഘോഷമാണ്. ഈ മാന്നാര്‍ ശിവരാത്രിയില്‍ പങ്കെടുക്കുന്നതിനായി ആയിരക്കണക്കിന് വിശ്വാസികളെത്താറുണ്ട്. അന്നുരാത്രി ശിവരാത്രി നൃത്തത്തിന് പത്ത് മിനിട്ട് മാത്രം തുറക്കുന്ന പാര്‍വതി നട കാണാനും വിശ്വാസികളെത്തുന്നു. 

നബിദിനറാലിക്ക് സ്വീകരണം

മാന്നാറില്‍ കഴിഞ്ഞ ദിവസം നടന്ന നബിദിന റാലിക്ക് ക്ഷേത്രഭാരവാഹികള്‍ വരവേല്‍പ്പ് നല്‍കി. മാന്നാറിലെ മുസ്ലീം ജമാ അത്ത് കമ്മിറ്റി നടത്തിയ റാലിക്കാണ് കുരട്ടിശ്ശേരി ഭദ്രകാളി ക്ഷേത്രത്തിലും തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലും സ്വീകരണം നല്‍കിയത്. എന്നാല്‍, മാന്നാറുകാര്‍ക്ക് ഇതൊരു പുതിയ കാര്യമല്ല. കഴിഞ്ഞ ഏഴ് വര്‍ഷമായി മഹാദേവക്ഷേത്രത്തില്‍ ഇങ്ങനെയൊരു സ്വീകരണം നടന്നുവരുന്നുണ്ട്. 2015 -നാണ് ഈ സ്വീകരണത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞദിവസം തൃക്കുരട്ടി മഹാദേവ ക്ഷേത്രം ഉപദേശകസമിതിയും തൃക്കുരട്ടി മഹാദേവസേവാ സമിതിയും ചേര്‍ന്നാണ് നബിദിനറാലിയെ വരവേറ്റത്. മഴയായിരുന്നുവെങ്കിലും മഴ നനഞ്ഞെത്തിയ റാലിയെ മഴയത്തുനിന്നുതന്നെ അവര്‍ വരവേറ്റു.