Asianet News MalayalamAsianet News Malayalam

കാബറേ നർത്തകി, മൃ​ഗങ്ങളെ മെരുക്കിയ സർക്കസുകാരി; റാസ്‍പുടിന്റെ മകളുടെ അറിയാത്ത ജീവിതം!

ഒന്നാം ലോകമഹായുദ്ധത്തിന്റെ അരാജകത്വത്തിലേക്ക് റഷ്യ വഴുതിവീഴുമ്പോൾ റാസ്പുടിൻ അനാവശ്യമായ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി. കോപാകുലരായ പ്രഭുക്കന്മാരുടെയും വിപ്ലവശക്തികളുടെയും ഒരു ശത്രുവായി മാറി. 

Maria Rasputin life
Author
Russia, First Published Apr 25, 2021, 10:42 AM IST

ഗ്രിഗറി റാസ്പുടിനെ കുറിച്ചുള്ള നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, ഇവിടെ പറയാൻ പോകുന്നത് അധികമാർക്കും അറിയാത്ത അദ്ദേഹത്തിന്റെ മകളുടെ കഥയാണ്. മരിയ റാസ്പുടിൻ തീർത്തും സാധാരണ ഒരു ജീവിതമാണ് നയിച്ചിരുന്നത്. കൃഷിക്കാരുടെ കുടുംബത്തിൽ ജനിച്ച അവൾ രാജകുടുംബാംഗങ്ങളുടെ കൂടെ വളർന്നു. പിതാവ് ക്രൂരമായി കൊലപ്പെട്ട ശേഷം ഒളിച്ചോടി ഒടുവിൽ ഒരു സർക്കസ് കമ്പനിയിൽ എത്തിപ്പെട്ടു. എന്നിട്ടും മരണം വരെ അവൾ ഭ്രാന്തൻ സന്യാസിയായ റാസ്പുടിന്റെ മകളെന്ന് അറിയപ്പെട്ടു.  

Maria Rasputin life

1899 -ൽ റഷ്യൻ ഗ്രാമമായ പോക്രോവ്സ്കോയിലാണ് മരിയ ജനിച്ചത്. അച്ഛൻ, അമ്മ, മുത്തച്ഛൻ, സഹോദരൻ, സഹോദരി എന്നിവരോടൊപ്പം സന്തോഷത്തോടെ അവൾ ജീവിച്ചു. കുടുംബത്തിലും, സമൂഹത്തിലും പിതാവിനുള്ള വിലയെ കുറിച്ച് മരിയ ചെറുപ്പം മുതലേ ബോധവതിയായിരുന്നു. ഗ്രിഗറി റാസ്പുടിൻ ഓർത്തോഡോക്സ് വിഭാഗത്തിലെ ഒരു ഉപദേശിയായിരുന്നു. അദ്ദേഹം രാജ്യം ചുറ്റി സഞ്ചരിക്കുകയും പ്രസംഗിക്കുകയും പ്രയാസമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്തു. പലരും വിശ്വസിച്ചിരുന്ന അമാനുഷിക കഴിവുകൾ തന്റെ പിതാവിനുണ്ടെന്ന് മരിയ പൂർണമായും വിശ്വസിച്ചിരുന്നില്ല. എന്നിട്ടും അവൾ അദ്ദേഹത്തെ പരസ്യമായി വെല്ലുവിളിച്ചില്ല. അദ്ദേഹം തീർത്തും കർശനക്കാരനായിരുന്ന ഒരു പിതാവായിരുന്നു. വീട്ടിൽ എപ്പോഴും പ്രാർത്ഥനയും ഉപവാസവും മാത്രമായിരുന്നു. വിശേഷ ദിവസങ്ങൾ പോലും പ്രാർത്ഥനയിൽ കടന്നു പോയി. ആഘോഷങ്ങളില്ലാതെ, കുസൃതികളില്ലാതെ അവളുടെ കുട്ടിക്കാലവും മുന്നോട്ട് പോയി.  

എന്നാൽ, 1906 -ൽ സെന്റ് പീറ്റേഴ്‌സ്ബർഗിലെ രാജകുടുംബത്തിന് മകളെ പരിചയപ്പെടുത്തിയപ്പോൾ മുതൽ അവരുടെ ജീവിതം പൂർണമായും മാറി. അലക്സാണ്ട്ര ചക്രവർത്തിയുടെ മകനെ രക്ഷിച്ചതായി കരുതുന്നതിനാൽ, രാജകീയ സദസ്സിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു സ്ഥലം ലഭിച്ചു. അദ്ദേഹത്തിന്റെ പെൺമക്കളെ അദ്ദേഹത്തോടൊപ്പം താമസിക്കാൻ അനുവദിച്ചു. അവരുടെ അമ്മ ഒരിക്കലും അവരോടൊപ്പം ചേർന്നില്ല, പകരം മകനോടൊപ്പം പോക്രോവ്സ്കോയിൽ താമസിച്ചു. തന്റെ പെൺമക്കളെ പരിപാലിക്കുന്നതിനുപകരം രാജകീയമായ മറ്റ് കടമകൾ നിറവേറ്റുന്നതിനായി റാസ്പുടിൻ സമയം ചിലവഴിച്ചു. പെണ്മക്കളെ പരിപാലിക്കാൻ ഒരു ഗോവർനെസിനെ അദ്ദേഹം നിയമിച്ചു.

മരിയയിൽ റാസ്പുടിന്റെ സ്വാധീനം വർദ്ധിച്ചുകൊണ്ടിരുന്നുവെങ്കിലും, പ്രാർത്ഥനയുടെ ശക്തിയിൽ വിശ്വാസവുമുള്ള ഒരു സാധാരണ കർഷകൻ മാത്രമായിരുന്നു അദ്ദേഹം. തന്റെ പെൺകുട്ടികൾ വിദ്യാസമ്പന്നരും ഭക്തരുമാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. “ഞങ്ങൾക്ക് ഒരിക്കലും ഒറ്റയ്ക്ക് പോകാൻ അനുവാദമുണ്ടായിരുന്നില്ല, അപൂർവ്വമായി മാത്രം ഞങ്ങൾ ഒരു മാറ്റിനിയ്ക്ക് പോകുമായിരുന്നൂ. ചെറുപ്പക്കാരുമായി അധികനേരം സംസാരിക്കാൻ അദ്ദേഹം ഞങ്ങളെ അനുവദിച്ചില്ല. ആൺകുട്ടികൾ അടുത്ത് വരുമ്പോൾ, അദ്ദേഹം വളരെ കർക്കശ്യമുള്ള ഒരു പിതാവായി മാറുമായിരുന്നു. അവരിൽ ആർക്കും അരമണിക്കൂറിലധികം സമയം അദ്ദേഹം നൽകിയില്ല. അത് കഴിഞ്ഞാൽ, അച്ഛൻ മുറിയിലേക്ക് വന്ന് അവരോട് പുറത്ത് പോകാൻ പറയുമായിരുന്നു. എന്നാൽ, പ്രാർത്ഥനയ്ക്കായി എത്രസമയം വേണമെങ്കിലും നീക്കി വയ്ക്കാൻ അദ്ദേഹം തയ്യാറായിരുന്നു. എല്ലാ ദിവസവും രാവിലെയും രാത്രിയും ഞങ്ങൾ ഒരുമിച്ച് പ്രാർത്ഥിച്ചു. ഞായറാഴ്ചകളിൽ രാവിലെ ഞങ്ങൾ പള്ളിയിൽ പോകും. ഉച്ചതിരിഞ്ഞ് ഭൂരിഭാഗവും പ്രാർത്ഥനയിലാകും. അപ്പോൾ ഞാനും സഹോദരിയും മണിക്കൂറുകളോളം തറയിൽ മുട്ടുകുത്തി നിൽക്കും" മരിയ തന്റെ ഓർമ്മകുറിപ്പുകളിൽ രേഖപ്പെടുത്തി.

Maria Rasputin life

അലക്സാണ്ട്ര ചക്രവർത്തിയെ മോഹിപ്പിച്ച ഒരു മദ്യപാനിയായ, സ്ത്രീലംബടനായ ഒരാളെന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് തീർത്തും ഘടകവിരുദ്ധമായ ചിത്രമാണ് മകൾ അതിൽ വരച്ചിട്ടത്. റോമാനോവുകൾക്ക് ചുറ്റുമുള്ള രാഷ്ട്രീയ സാഹചര്യം കൂടുതൽ വഷളായപ്പോൾ രാജകീയ ദമ്പതികളെ സ്വാധീനിക്കാൻ റാസ്പുടിൻ പുതുതായി നേടിയ അധികാരസ്ഥാനം ഉപയോഗിച്ചു. സാറിസ്റ്റ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പോലും അദ്ദേഹം സഹായിച്ചതായും റഷ്യൻ വിപ്ലവത്തിനും റൊമാനോവ് രാജവംശത്തിന്റെ പതനത്തിനും കാരണമായെന്നും ചിലർ അവകാശപ്പെടുന്നു. ഒരു ചെറുപ്പക്കാരിയായിരിക്കുമ്പോൾ തന്റെ പിതാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് തനിക്ക് കൂടുതൽ അറിയില്ലായിരുന്നു എന്ന് പിന്നീട് മരിയ സമ്മതിക്കുകയുണ്ടായി. ചില സ്രോതസ്സുകൾ അനുസരിച്ച്, അയാൾ വിപുലമായ ലൈംഗിക ജീവിതം നയിച്ചുവെന്നും, യുവതികളെ ബരാത്സം​ഗം ചെയ്തുവെന്നും, രാജവാഴ്ചയ്ക്ക് വിരുദ്ധമായ, വിപ്ലവ താൽപ്പര്യങ്ങളുള്ള ഒരാളായിരുന്നുവെന്നും പറയുന്നു. ഇത് ഒരിക്കലും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അവിഹിത സന്താനങ്ങളുണ്ടായിരുന്നതായും അഭ്യൂഹമുണ്ടായിരുന്നു.

ഒന്നാം ലോകമഹായുദ്ധത്തിന്റെ അരാജകത്വത്തിലേക്ക് റഷ്യ വഴുതിവീഴുമ്പോൾ റാസ്പുടിൻ അനാവശ്യമായ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി. കോപാകുലരായ പ്രഭുക്കന്മാരുടെയും വിപ്ലവശക്തികളുടെയും ഒരു ശത്രുവായി മാറി. ഫെലിക്സ് യൂസുപോവ് രാജകുമാരനും കൂട്ടാളികളും അദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമങ്ങൾ നടത്തി. ഒടുവിൽ അദ്ദേഹത്തെ വെടിവച്ച് നെവാ നദിയിലേക്ക് വലിച്ചെറിഞ്ഞുവെന്ന് വിശ്വസിക്കപ്പെടുന്നു. മരവിച്ച മൃതദേഹം കുറച്ച് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. മരിയയാണ് പിതാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞതെന്നാണ് റിപ്പോർട്ട്. ഒരു പെൺകുട്ടിയെ അത് എത്രമാത്രം ബാധിച്ചിരിക്കാമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. റഷ്യൻ ആഭ്യന്തരയുദ്ധം ആരംഭിക്കുമ്പോൾ അവൾക്കും സഹോദരിക്കും അക്ഷരാർത്ഥത്തിൽ ഒളിച്ചോടേണ്ടി വന്നു. ചക്രവർത്തി തന്നോടും സഹോദരിയോടും പറഞ്ഞത് മരിയ ഓർമ്മിച്ചു, “പോകൂ, എന്റെ മക്കളേ, ഇവിടെ നിന്ന് പോകുക, ഞങ്ങൾ അധികം താമസിയാതെ തടവിലാക്കപ്പെടും.”

മരിയയും, സഹോദരി വർവാരയും പോക്രോവ്സ്കോയിലെ അമ്മയുടെ വീട്ടിലേക്ക് രക്ഷപ്പെട്ടു. മരിയ പിന്നീട് ബോറിസ് സോളോവീവിനെ വിവാഹം കഴിച്ചു. കുറച്ചുകാലം ഒളിച്ചു കഴിഞ്ഞു. ഒടുവിൽ അവർ യൂറോപ്പിലേക്ക് പലായനം ചെയ്തപ്പോൾ മരിയ രണ്ട് പെൺമക്കളെ പ്രസവിച്ചു, ടാറ്റിയാന, മരിയ. 1926-ൽ സോളോവീവ് ക്ഷയരോഗം ബാധിച്ച് മരിച്ചപ്പോൾ, മരിയ റാസ്പുടിനും പെൺമക്കളും തനിച്ചായി. കാരണം അപ്പോഴേക്കും റൊമാനോവ് കുടുംബം മുഴുവൻ നാമാവിശേഷമായിരുന്നു. അമ്മയും സഹോദരനും സൈബീരിയയിലെ സോവിയറ്റ് ലേബർ ക്യാമ്പുകളിലേക്ക് അപ്രത്യക്ഷമായി. സഹോദരി ദുരൂഹസാഹചര്യത്തിൽ മരിച്ചു (ചിലർ പട്ടിണി കിടന്നു മരിച്ചെന്നും, മറ്റുള്ളവർ വിഷം കഴിച്ചുവെന്നും വിശ്വസിക്കുന്നു).

എന്നാൽ ആ സമയത്താണ് മരിയയ്ക്ക് ബുക്കാറസ്റ്റിൽ ഒരു കാബറേ നർത്തകിയാകാനുള്ള ഒരു ഓഫർ ലഭിച്ചു. “ഇത് എന്റെ പേര് കാരണമാണ്, എന്റെ നൃത്തം കൊണ്ടല്ല” അവൾ അവകാശപ്പെട്ടു. ഏതാനും വർഷങ്ങൾ യൂറോപ്പിലുടനീളം നൃത്തം ചെയ്തു, അവളെ “ഭ്രാന്തൻ സന്യാസിയുടെ മകൾ” എന്ന് ആളുകൾ വിളിച്ചു. 1929 -ൽ അവൾ അവിടെനിന്ന് ഒളിച്ചോടി സർക്കസിൽ ചേർന്നു. മരിയ റാസ്പുടിൻ പിന്നീട് യൂറോപ്പിലുടനീളം സഞ്ചരിച്ച് ജോലി ചെയ്തു. ഒരു സിംഹത്തെ മെരുക്കിയശേഷം, അവൾ കൂടുതൽ പ്രശസ്തയായി. തന്റെ പിതാവ് ആളുകളിൽ ആധിപത്യം പുലർത്തിയതുപോലെ കാട്ടുമൃഗങ്ങളെ താൻ മെരുക്കുകയാണ് എന്നവൾ പറയുമായിരുന്നു. 

ഒരിക്കൽ ഒരു അഭിമുഖത്തിൽ മരിയയോട്  മൃഗങ്ങളുമായി ഒരു കൂട്ടിൽ എങ്ങനെ കഴിയാൻ സാധിക്കുന്നു എന്ന് ചോദിച്ചപ്പോൾ, “എന്തുകൊണ്ട് സാധിക്കില്ല? ഞാൻ ബോൾഷെവിക്കുകൾക്കൊപ്പം ഒരു കൂട്ടിലായിരുന്നു” എന്നവൾ മറുപടി കൊടുത്തു. സർക്കസ് ട്രൂപ്പ് അമേരിക്കയിലേക്ക് പോയപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ റാസ്പുടിന്റെ പെൺമക്കളുടെ പ്രവേശനം നിഷേധിച്ചു. ജീവിതകാലം മുഴുവൻ അവർ യൂറോപ്പിൽ താമസിച്ചു, പക്ഷേ, സർക്കസിൽ നിന്ന് വിരമിച്ചതിനുശേഷവും മരിയ അമേരിക്കയിൽ തന്നെ തുടർന്നു.  

Follow Us:
Download App:
  • android
  • ios