കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ ഫേസ് മാസ്കുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. രോഗവ്യാപനം തടയാനുള്ള ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നു തന്നെയാണ് ശരിയായ രീതിയില്‍ മാസ്ക് ധരിക്കുക എന്നത്. എന്നാല്‍, സമുദ്രത്തിനും സമുദ്രജീവികള്‍ക്കും വലിയ തരത്തിലുള്ള ഭീഷണിയായിത്തീര്‍ന്നേക്കാം ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന മാസ്കുകളെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് വിദഗ്ദ്ധര്‍. 

സാമൂഹിക മാധ്യമങ്ങളില്‍ തന്നെ, ഉപയോഗിച്ച ശേഷം തെരുവുകളിലും ബീച്ചുകളിലും പാര്‍ക്കിങ് ഏരിയകളിലുമെല്ലാം വലിച്ചെറിഞ്ഞ മാസ്കുകളുടെ ചിത്രം പ്രചരിച്ചിരുന്നു. പലപ്പോഴും ശുചീകരണത്തൊഴിലാളികള്‍ ഇത് പെറുക്കിയെടുക്കുകയായിരുന്നു. എന്നാല്‍, ഒഴിഞ്ഞുപോയ പലതും കാറ്റിലും മറ്റും ഡ്രെയിനേജുകളിലേക്കും മറ്റും ചെന്നുവീഴുന്ന കാഴ്ചകളുമുണ്ട്. അവ പിന്നീടെത്തിച്ചേരുന്നത് സമുദ്രത്തിലോ മറ്റേതെങ്കിലും ജലപാതകളിലോ ആയിരിക്കും. 

പല മാസ്കുകളും റീസൈക്കിള്‍ ചെയ്യാനാവാത്തതോ ശരിയാംവിധം സംസ്കരിക്കാനാവാത്തതോ ആണ്. പോളിപ്രൊഫൈലിൻ പോലുള്ളവ ഉപയോഗിച്ചുണ്ടാക്കുന്ന മാസ്കുകളൊക്കെ ഇതില്‍ പെടുന്നു. NOAA (National Oceanic and Atmospheric Administration) പറയുന്നതനുസരിച്ച്, പ്ലാസ്റ്റിക്, സമുദ്ര പരിസ്ഥിതി വ്യവസ്ഥകളെ നശിപ്പിക്കുന്നു. 

ഭക്ഷണമാണെന്ന് കരുതി സമുദ്രജീവികള്‍ പ്ലാസ്റ്റിക്കുകള്‍ ഭക്ഷിക്കുന്നത് പതിവാണ്. ഏകദേശം അറുന്നൂറോളം വ്യത്യസ്ത ജീവിവര്‍​ഗങ്ങള്‍ മാലിന്യം കാരണം ഭീഷണിയിലാണെന്നാണ് പറയുന്നത്. ലോകത്തിലാകെയായി ഒരു ദശലക്ഷത്തോളം ആളുകളെങ്കിലും സീഫുഡ് കഴിക്കുന്നുണ്ടെന്നാണ് കണക്ക്. അതിനാല്‍ത്തന്നെ കടലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുണ്ടാക്കുന്ന പരിണിതഫലങ്ങള്‍ മനുഷ്യരിലേക്ക് തന്നെ തിരികെയെത്താനുള്ള സാധ്യതയുണ്ട് എന്നര്‍ത്ഥം. 

ഓരോ വര്‍ഷവും സമുദ്രത്തില്‍ വന്നടിയുന്നത് എട്ട് മില്ല്യണ്‍ ടണ്ണെങ്കിലും പ്ലാസ്റ്റിക് ആണ്. സമുദ്രത്തിലാകെയുള്ള മാലിന്യങ്ങളുടെ 80 ശതമാനമാണിതെന്നാണ് ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ പറയുന്നത്. തിളങ്ങുന്ന നിറത്തിലുള്ള ലാറ്റക്സ് ഗ്ലൌസുകള്‍ കടല്‍ പക്ഷികളും ആമകളും മറ്റ് ജീവികളുമെല്ലാം അവയ്ക്കുള്ള ഭക്ഷണമാണെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. അത് മുറിവുകള്‍ക്കും ഈ ജീവികളുടെ മരണത്തിനും വരെ കാരണമായേക്കാം. 

കഴിഞ്ഞ വര്‍ഷമാണ് സ്കോട്ട്ലാന്‍ഡിലെ ഒരു ബീച്ചില്‍ ഒരു എണ്ണത്തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞത്. ഇതിന്‍റെ വയറ്റില്‍ നിന്നും കിട്ടിയത് 100 കിലോഗ്രാമോളം മാലിന്യമാണ്. പ്ലാസ്റ്റിക് കയറുകള്‍, കയ്യുറകള്‍, പ്ലാസ്റ്റിക് ബാഗുകള്‍, വലകള്‍ എന്നിവയെല്ലാം ഇതില്‍ പെടുന്നു. ഓഷന്‍ഏഷ്യ (OceansAsia) എന്ന സമുദ്ര സംരക്ഷണ സംഘം ഫെബ്രുവരിയില്‍ മുന്നറിയിപ്പെന്നോണം ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഹോംകോങ് ബീച്ചില്‍ ഡസണ്‍ കണക്കിന് സര്‍ജിക്കല്‍ മാസ്കുകള്‍ കണ്ടെത്തിയതായിരുന്നു ചിത്രം. സമുദ്ര അവശിഷ്ടങ്ങളെയും മൈക്രോ പ്ലാസ്റ്റിക്കുകളെയും കുറിച്ചുള്ള ഒരു വർഷം നീണ്ടുനിന്ന ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഈ മാസ്കുകള്‍ നിലവില്‍ സമുദ്രത്തിനും സമുദ്രജീവികള്‍ക്കും ഭീഷണിയാവുന്ന മാലിന്യങ്ങള്‍ക്കൊപ്പമുള്ള പുതിയ കൂട്ടിച്ചേര്‍ക്കലാണ്. എപ്പോള്‍ വേണമെങ്കിലും മാസ്ക് ഉള്ളില്‍ച്ചെന്ന് ഒരു ജീവി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത വരാമെന്നും സംഘാംഗങ്ങള്‍ പറയുന്നുണ്ട്. 

നാം സ്വയം രക്ഷിക്കാനായി മാസ്കുകളുപയോഗിക്കുന്നു. അതുപോലെതന്നെയാണ് നമുക്ക് ചുറ്റുമുള്ളവരുടെ സുരക്ഷയും. ചുറ്റുമുള്ള ജീവജാലങ്ങളുടെ സുരക്ഷയും പ്രധാനമാണ്. നമ്മുടെ ആവശ്യം കഴിഞ്ഞയുടനെ മാസ്കുകളടക്കം വലിച്ചെറിയുന്നത് നമ്മുടെ സ്വാര്‍ത്ഥതയെയാണ് കാണിക്കുന്നതെന്ന് ഹോംകോങ് കേന്ദ്രീകരിച്ചുള്ള പ്ലാസ്റ്റിക് ഫ്രീ സീസ് -ന്‍റെ സ്ഥാപക ട്രേസി റീഡ് പറയുന്നു. 

കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുക, രോ​ഗവ്യാപനം തടയുക, തന്റെയും സഹജീവികളുടെയും സുരക്ഷയ്ക്കായി നിലകൊള്ളുക എന്നത് തന്നെയാണ് ഈ മഹാമാരിക്കാലത്ത് പ്രധാനം. എന്നാൽ, അതോടൊപ്പം ചുറ്റുമുള്ള ഓരോ ജീവജാലങ്ങളുടെ സുരക്ഷ കൂടി നമ്മുടെ കടമയാണെന്ന് മറക്കരുത്. ഉപയോ​ഗിക്കുന്ന കയ്യുറകളായാലും മാസ്കുകളായാലും ശരിയാംവിധമാണോ സംസ്കരിക്കപ്പെടുന്നതെന്ന് പരിശോധിക്കാനുള്ള പൂർണമായ ഉത്തരവാദിത്വം നമ്മുടേത് തന്നെയാണ്.