ആറു വർഷങ്ങൾക്കു മുമ്പ് മസീ അലിനെജാദ് എന്ന ഇറാനിയൻ യുവതി ഒരു പ്രക്ഷോഭത്തിന്‌ തുടക്കമിട്ടു. തന്റെ തലമുടിയ്ക്കു മേൽ തനിക്കുമാത്രമേ അവകാശമുള്ളൂ എന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചു. ഇറാനിലെ മതഭരണകൂടം അവിടത്തെ ജനങ്ങൾക്ക് മേലെ നിർബന്ധപൂർവ്വം അടിച്ചേൽപ്പിച്ചുകൊണ്ടിരുന്ന ഹിജാബ് എന്ന ശിരോ വസ്ത്രത്തെ അവർ അഴിച്ചു കാറ്റിൽ പറത്തിയപ്പോൾ ആ പ്രക്ഷോഭത്തിൽ അവരുടെ തോളോട് തോൾ ചേർന്നുകൊണ്ട് ആയിരക്കണക്കിന് ഇറാനിയൻ യുവതികൾ അതേ പാത പിന്തുടർന്നു. സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾ പൊടിപാറി. 

വളരെ നിരുപദ്രവകരം എന്ന് തോന്നിയ്ക്കുന്ന ഒരു സംഭവത്തോടെയാണ് ഈ പ്രക്ഷോഭത്തിന്റെ തുടക്കം. ഇറാനിലെ മലനിരകളിലെ ഹൈവേയിലൂടെ വാഹനമോടിച്ചുകൊണ്ടു കടന്നുപോവുന്ന ഒരു യുവതി. അനാവൃതമായ അവളുടെ മുടിയിഴകളിൽ തഴുകിക്കൊണ്ടു കടന്നുപോവുന്ന ഇളം കാറ്റ്.  ഇതിലിത്ര പറയാനെന്തിരിക്കുന്നു എന്നാവും. എന്നാൽ ഇറാനിൽ ഇത്തരമൊരു സീൻ സങ്കൽപ്പിക്കാൻ പോലും ആവില്ലായിരുന്നു അക്കാലത്ത്. 1979 -ലെ വിപ്ലവത്തിന് ശേഷം ഇറാൻ ആകെ മാറിക്കഴിഞ്ഞിരുന്നു. ശിരോവസ്ത്രം അഥവാ ഹിജാബ്‌ നിർബന്ധമായും ധരിക്കണം എന്ന നിയമം വന്നു കഴിഞ്ഞിരുന്നു. 

എന്നാൽ 1979 -ന് മുമ്പ്, അതായത് 1941  മുതൽക്കിങ്ങോട്ടുള്ള ഷായുടെ ഭരണകാലത്ത് ഇറാനിൽ അങ്ങനെ യാതൊരു നിബന്ധനകളും ഉണ്ടായിരുന്നില്ല. സ്ത്രീകൾ അനാവൃതമായ ശിരസ്സുകളോടെ  സ്വച്ഛന്ദം വിഹരിച്ചിരുന്നു ടെഹ്‌റാനിലും മറ്റും.

 

ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആയത്തൊള്ളാ ഖൊമേനി എന്ന ഭരണാധികാരിയുടെ സമ്പൂർണ്ണാധിപത്യത്തിന്റെ കീഴിലേക്കാണ് ഇറാൻ ചുവടുവച്ചത്. അതോടെ സ്ത്രീസ്വാതന്ത്ര്യത്തിനുമേൽ കൂച്ചുവിലങ്ങുകൾ ഒന്നൊന്നായി വന്നുകേറി. അതിലൊന്നായിരുന്നു ഈ ഹിജാബ് നിഷ്കർഷയും.

അങ്ങനെ ഒരു നിർബന്ധിത ഹിജാബ് കാലത്ത് തല മറയ്ക്കാതെ ഇറാനിലെ ഹൈവേകളിലൂടെ വാഹനയാത്ര നടത്തി, ആ സ്വകാര്യമായ സ്വാതന്ത്ര്യ പ്രഘോഷണത്തിന്റെ നിമിഷങ്ങൾ സ്വന്തം കാമറയിൽ പകർത്തി,  മാസി അലിനെജാദ് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുചെയ്തു. 

അതൊരു തുടക്കം മാത്രമായിരുന്നു. ഇതുപോലെ തങ്ങളുടെ സ്വകാര്യമായ സ്വതന്ത്ര നിമിഷങ്ങൾ പങ്കുവെക്കാൻ മാസി ആ പോസ്റ്റിലൂടെ ആഹ്വാനം ചെയ്തു. ഫലമോ..? അധിക നേരം കഴിയാതെ മാസിയുടെ ഇൻബോക്സിൽ ചിത്രങ്ങളുടെ പെരുമഴയായിരുന്നു.

 

അതായിരുന്നു #MyStealthyFreedom എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രസിദ്ധമായ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ നാന്ദി. മാസി അലിനെജാദിന് ഇന്ന് 25  ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ഇറാനിലെ സർക്കാർ പോലും ഗൗരവത്തിലെടുത്തു തുടങ്ങിയ ഒരു ശബ്ദമായിട്ടുണ്ട് അവരുടേത്. 

മാസി എഴുതിയ 'ദി വിൻഡ് ഇൻ മൈ ഹെയർ ' എന്ന പുസ്‌തകത്തിൽ വടക്കൻ ഇറാനിലെ ഒരു പരമ്പരാഗത  മുസ്ലിം കുടുംബത്തിൽ പിന്നിട്ട തന്റെ ബാല്യത്തെക്കുറിച്ച് അവര്‍ വർണ്ണിക്കുന്നുണ്ട്. 'ശബ്ദമില്ലാത്തവരുടെ ശബ്ദമാവണം' എന്ന ആഗ്രഹം ചെറുപ്പത്തിലേ തന്നെ മെസിയുടെ നെഞ്ചിനുള്ളിൽ കേറിക്കൂടിയിരുന്നു. താമസിയാതെ നാട്ടിലെ അമിതമായ നിയന്ത്രണങ്ങളിൽ  മനം മടുത്ത മാസി 2009 -ൽ അമേരിക്കയിലേക്ക് കടക്കുന്നു. നിരവധി വധഭീഷണികളും അതിനോടകം മാസിക്ക് കിട്ടിക്കഴിഞ്ഞിരുന്നു. 

ഇറാനിയൻ സർക്കാർ പ്രതിഷേധക്കാരോട് വളരെ കർക്കശമായിട്ടാണ് പ്രതികരിച്ചത്. 2017 ഡിസംബർ മുതൽ തലസ്ഥാനനഗരിയായ ടെഹ്റാനിൽ മാത്രം നാല്പതിലധികം പേരെ പോലീസ് അറസ്റ്റുചെയ്തു. ഈ പ്രക്ഷോഭങ്ങളിൽ പങ്കു ചേരുന്നവരെ പത്തു വർഷത്തേക്ക് തുറുങ്കിലടയ്ക്കും എന്ന ഭീഷണി ഗവണ്മെന്റ് പരസ്യമായിത്തന്നെ നൽകിയിട്ടുണ്ട്. പരമ്പരാഗത മൂല്യങ്ങളെ മുറുകെപ്പിടിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് തെരുവിലിറങ്ങിയ മറ്റൊരു കൂട്ടരും ഇറാനിൽ തന്നെ ഉണ്ടായിരുന്നു. പക്ഷേ, എണ്ണത്തിൽ അവർ വളരെ കുറവായിരുന്നു എന്നതാണ് സത്യം. 

2018  ഏപ്രിലിൽ ഇറാനിലെ മത പോലീസുകാരിൽ ഒരാൾ, ഒരു സ്ത്രീ, തലയിൽ നിന്നും ഹിജാബ് സ്ഥാനം തെറ്റിക്കിടന്നു എന്ന പേരിൽ പിടിച്ചു നിർത്തി കവിളത്തടിച്ചത് വലിയ വാർത്തയായിരുന്നു. അതിന്റെ ദൃശ്യങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്യപ്പെടുകയും മാസിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെക്കപ്പെടുകയും ചെയ്തു അന്ന്. അന്നത് കണ്ടത് മുപ്പതു ലക്ഷത്തിലധികം പേരാണ്. അത് അന്താരാഷ്ട്ര തലത്തിൽ ഒരുപാട് സമ്മർദ്ദങ്ങൾക്ക് കാരണമായി. ഭരണകൂടത്തിൽ നിന്ന് വരെ പ്രക്ഷോഭകാരികൾക്ക് അനുകൂലമായ പ്രതികരണങ്ങളുണ്ടായി. 

മറ്റൊരു യുവതിയെ പരസ്യമായ ഹിജാബ് ബഹിഷ്കരണത്തിന്റെ പേരിൽ അറസ്റ്റുചെയ്ത് ഏകാന്ത തടവിൽ പാർപ്പിക്കുകയും ക്രൂരമായ പീഡനങ്ങൾക്ക് വിധേയയാക്കുകയും ചെയ്തു. ഈ പ്രക്ഷോഭത്തിന്റെ സമീപ ഭൂതകാലത്ത് തുടങ്ങിയ 'വൈറ്റ് വെനസ്ഡെയ്‌സ് മൂവ്മെന്റ് ' സ്ത്രീകൾക്ക് ധൈര്യം വർധിപ്പിച്ചിട്ടുണ്ട്.  മാറ്റം തങ്ങളുടെ വാതിൽപടിക്കൽ എത്തി എന്നുതന്നെ മാസിയും സംഘവും വിശ്വസിക്കുന്നു. 

ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്ന, സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു യുവതിയുടെ ഒറ്റപ്പെട്ട പ്രതിഷേധം എന്ന നിലയിൽ ആദ്യമായി രാജ്യത്ത് ഉയർന്നു കേട്ട വിമതസ്വരം, ഇപ്പോൾ വലിയൊരു മുന്നേറ്റമായി മാറിയിട്ടുണ്ട്. 

ചിലപ്പോൾ ഇറാനിലെ സ്ത്രീകളോടുള്ള വിവേചനങ്ങളും നീതി നിഷേധങ്ങളും ഇല്ലാതാവാൻ ഇനിയും ഏറെ വർഷങ്ങൾ വേണ്ടിവന്നേക്കാം. എന്നാലും, തങ്ങളുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ സ്ത്രീകൾ ധൈര്യം കാണിക്കുന്നിടത്തു നിന്നാണ് ആ യാത്ര തുടങ്ങുന്നത്..