നൂറുകണക്കിന് പക്ഷികള്‍ ഒരേസമയം ചത്തുവീഴുക എന്നത് എത്ര ഭീതിദമായ കാഴ്ചയാണ്. അത്തരമൊരു കാഴ്ചയ്ക്കാണ് ന്യൂ മെക്സിക്കോ ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന്, ന്യൂ മെക്സിക്കോയിലെ ബയോളജിസ്റ്റുകള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ന്യൂ മെക്സിക്കോയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ മാര്‍ത്ത ഡെസ്മോണ്ട് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത് 'ഇങ്ങനെയൊരു കൂട്ടമരണത്തിന്‍റെ കാരണമെന്താണെന്നത് നിഗൂഢമായി തുടരുകയാണ്. കാട്ടുതീയില്‍ നിന്നുണ്ടായ കടുത്ത പുകയോ, തണുത്ത കാലാവസ്ഥയോ ചിലപ്പോള്‍ ഈ പക്ഷികളുടെ മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ടാകാം' എന്നാണ്. 

ലക്ഷക്കണക്കിന് പക്ഷികളാണ് ഇങ്ങനെ ചത്തുവീഴുന്നതെന്നും മാര്‍ത്ത ഡെസ്മോണ്ട് പറയുന്നു. ഗവേഷകര്‍ പറയുന്നത് സമീപവര്‍ഷങ്ങളില്‍ നോര്‍ത്ത് അമേരിക്കയില്‍ പക്ഷികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞുവരികയാണ് എന്നാണ്. ഇങ്ങനെ ചത്തുവീഴുന്ന പക്ഷികളെ കണ്ടാല്‍ അറിയിക്കണമെന്ന് പ്രദേശത്ത് താമസിക്കുന്നവരോട് സ്റ്റേറ്റ് ബയോളജിസ്റ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരണകാരണമടക്കം കണ്ടെത്തുന്നതിനുള്ള തുടര്‍പഠനങ്ങള്‍ക്ക് വേണ്ടിയാണ് ഇത്. ദൃസാക്ഷികള്‍ പറയുന്നതനുസരിച്ച് പല ദേശാടനപ്പക്ഷികളും ചത്തുവീഴുന്നതിന് മുമ്പ് അസാധാരണമായി പെരുമാറിയിരുന്നു. 

വളരെ അപകടകരമായ സംഭവമാണിതെന്നും തന്‍റെ ജീവിതത്തില്‍ ഇത്രയും ഭയാനകമായൊരു കാഴ്ച നേരത്തെ കണ്ടിട്ടില്ലെന്നും മാര്‍ത്ത ഡെസ്മോണ്ട് പ്രതികരിച്ചു. യൂണിവേഴ്സിറ്റിയില്‍ ഡിപാര്‍ട്മെന്‍റ് ഓഫ് ഫിഷ്, വൈല്‍ഡ്‍ലൈഫ്, ആന്‍ഡ് കണ്‍സര്‍വേഷന്‍ എക്കോളജിയില്‍ ജോലി ചെയ്യുകയാണ്. പ്രൊഫ. ഡെസ്മോണ്ട്. 'ആ കാഴ്ച കണ്ടാലേ അറിയൂ, അതെത്രമാത്രം ഭീകരാവസ്ഥയാണെന്ന്. പക്ഷികളോരോന്നായി ചത്തുവീഴുന്നു. ഒരു ജഡം കാണുമ്പോഴേക്കും അടുത്തത്' എന്നും ഡെസ്മോണ്ട് പറഞ്ഞു. 

സമീപ സ്റ്റേറ്റുകളായ കൊളറാഡോ, അരിസോണ, ടെക്സാസ് എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ പക്ഷികള്‍ ചത്തുവീഴുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കാട്ടുതീയില്‍ നിന്നുണ്ടായ ശക്തമായ പുക ഈ പക്ഷികളുടെ ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടാവാം. അതുപോലെ കനത്ത പുകയെ തുടര്‍ന്ന് ദേശാടന പക്ഷികള്‍ക്ക് അവയുടെ സഞ്ചാരപാത മാറ്റേണ്ടി വന്നിരിക്കാം എന്നും കരുതപ്പെടുന്നു. അടുത്തിടെ കൊളറാഡോയിലുണ്ടായ കനത്ത മഞ്ഞും പ്രതിസ്ഥാനത്തുണ്ട്. എങ്കിലും പക്ഷികളുടെ ജഡം വിശദമായി പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ എന്തെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ കഴിയൂ എന്നും പ്രൊഫ. ഡെസ്മോണ്ട് പറഞ്ഞതായി ബിബിസി എഴുതുന്നു. 

അതേസമയം, സാന്‍റാ ഫേ നാഷണല്‍ ഫോറസ്റ്റിലെ യു എസ് ഫോറസ്റ്റ് സര്‍വീസ്, ജനങ്ങളോട് പക്ഷികളെ കുറിച്ചുള്ള കൂടുതല്‍ വിവരം അറിയുന്നതിനുള്ള സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സോങ്ബേര്‍ഡുകളുടെ മരണത്തില്‍ ന്യൂ മെക്സിക്കോയിലെ ബയോളജിസ്റ്റുകള്‍ക്ക് വളരെയധികം ഉത്കണ്ഠയുണ്ട് എന്ന് വെള്ളിയാഴ്ചത്തെ ഒരു ട്വീറ്റില്‍ ഏജന്‍സി എഴുതി. ഒപ്പം കാണുന്ന പക്ഷികളുടെ വിവരങ്ങള്‍ അറിയിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.