വേനല്‍ക്കാലം വരാന്‍ പോകുന്നതിന് മുന്നോടിയായി റബ്ബര്‍ മരങ്ങള്‍ക്ക് അല്‍പം ശ്രദ്ധ നല്‍കിയാല്‍ തോട്ടത്തില്‍ നിന്നും ആദായം നേടാം. റബ്ബര്‍ തോട്ടങ്ങളില്‍ നിന്ന് ആദായം നേടുകയെന്നത് കര്‍ഷകര്‍ക്ക് പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ഇടവിളയായി പൈനാപ്പിളും വാഴയും കപ്പയും കൃഷി ചെയ്തിരുന്നവര്‍ ഉണ്ട്. എന്നാല്‍ ഏതു തരത്തില്‍പ്പെട്ട ഇടവിളകളാണ് യഥാര്‍ഥത്തില്‍ ഗുണം ചെയ്യുന്നതെന്ന് കര്‍ഷകര്‍ മനസിലാക്കിയില്ല.

ഇടവിളക്കൃഷിയിലെ പ്രശ്‌നങ്ങള്‍

കപ്പയും റബ്ബറും യഥാര്‍ഥത്തില്‍ ഒരേ വര്‍ഗത്തില്‍പ്പെടുന്നവയാണ്. അതിനാല്‍ കപ്പയുടെ രോഗകീടബാധകള്‍ റബ്ബറിനെയും ബാധിക്കും. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ റബ്ബര്‍ വളര്‍ന്നുപൊങ്ങുന്നതിനാല്‍ സൂര്യപ്രകാശം ആവശ്യമായിട്ടുള്ള വിളകള്‍ ഇടവിളയാക്കാനും പറ്റില്ല. ഇതുകൊണ്ടൊക്കെയാണ് കര്‍ഷകര്‍ വാഴയും പച്ചക്കറികളും ഉപേക്ഷിച്ച് പൈനാപ്പിള്‍ കൃഷിയിലേക്ക് മാറിയത്. എന്നാല്‍, ഇടവിളയായി പച്ചക്കറികളും കൃഷി ചെയ്ത് ആദായമുണ്ടാക്കാം. അതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ റബ്ബര്‍ബോര്‍ഡ് നല്‍കിയിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ റബ്ബര്‍ നട്ട് ഏകദേശം ഏഴുവര്‍ഷത്തോളം കാത്തിരുന്നാലേ ആദായം കിട്ടുകയുള്ളൂ. പക്ഷേ, ഇടവിളകള്‍ കൃഷി ചെയ്യാന്‍ പറ്റിയ സ്ഥലമാണ് റബ്ബര്‍ തോട്ടങ്ങള്‍. കൂടുതല്‍ കാലം ഇടവിളകള്‍ കൃഷി ചെയ്യാനുള്ള ഒരു രീതിയാണ് ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രം ശുപാര്‍ശ ചെയ്തത്. റബ്ബര്‍ നട്ട് നാല് വര്‍ഷം ആകുമ്പോള്‍ മരങ്ങളില്‍ ഇല കൂടിത്തുടങ്ങും. അപ്പോള്‍ ഇടവിളകള്‍ക്ക് വേണ്ടത്ര സൂര്യപ്രകാശം കിട്ടില്ല. ഇതിനുള്ള പരിഹാരമായാണ് പുതിയ നടീല്‍ രീതി കൊണ്ടുവന്നത്.

ഇടവിളകള്‍ നടുമ്പോള്‍ കൂടുതല്‍ സൂര്യപ്രകാശം ആവശ്യമുള്ള വിളകളാണ് ആദ്യ വര്‍ഷങ്ങളില്‍ നടേണ്ടത്. പച്ചക്കറികളും വാഴകളും ആദ്യവര്‍ഷങ്ങളില്‍ നടാം. കിഴങ്ങു വര്‍ഗ്ഗത്തില്‍പ്പെട്ട ചേനയും ചേമ്പും കാച്ചിലുമെല്ലാം പിന്നീടുള്ള വര്‍ഷങ്ങളില്‍ കൃഷി ചെയ്യാം.

സാധാരണ നടുന്നതുപോലെ ഇടവിളകള്‍ നടുകയാണെങ്കില്‍ റബ്ബര്‍ നട്ടശേഷം ആദ്യത്തെ മൂന്ന് വര്‍ഷം മാത്രമേ പൈനാപ്പിള്‍ പോലുള്ള ഇടവിളകളില്‍ നിന്ന് ആദായകരമായി വിളവുണ്ടാക്കാന്‍ പറ്റുകയുള്ളു. എന്നാല്‍ പുതിയ നടീല്‍രീതി പ്രകാരം ഏഴുവര്‍ഷത്തോളം ഇടവിളക്കൃഷി ചെയ്ത് നേട്ടം കൊയ്യാം.

നടീല്‍രീതിയില്‍ ചെയ്യേണ്ടത്

റബ്ബര്‍ നിരകളെ രണ്ടുനിരകള്‍ വീതമുള്ള ജോഡികളായാണ് കണക്കാക്കുന്നത്. ഓരോ ജോഡിയിലേയും രണ്ടുനിരകള്‍ തമ്മില്‍ 5 മീറ്ററും രണ്ടു ജോഡി നിരകള്‍ തമ്മില്‍ 9 മീറ്ററും അകലം നല്‍കണം. നിരകളിലെ തൈകള്‍ തമ്മില്‍ 3.2 മീറ്റര്‍ അകലമുണ്ടാകണം. ഈ രണ്ടു ജോഡിനിരകള്‍ക്കിടയിലും സൂര്യപ്രകാശം കൂടുതല്‍ കാലം ലഭ്യമായതിനാല്‍ ഇടവിളകള്‍ ദീര്‍ഘകാലം കൃഷി ചെയ്യാം. ഈ രീതി അവലംബിച്ചാല്‍ ഒരു ഹെക്ടറില്‍ 440 തൈകള്‍ നടാം.

കൊക്കൊ, കാപ്പി എന്നിവ ഇടവിളയായി കൃഷി ചെയ്തും ആദായം നേടാം.

തായ്ത്തടിയില്‍ വെള്ളപൂശല്‍

റബ്ബര്‍ തൈകള്‍ വളര്‍ന്ന് തണ്ടില്‍ വെയില്‍ ഏല്‍ക്കാത്ത വിധത്തില്‍ ഇലകള്‍ കൊണ്ട് നിറയുന്നതുവരെ തായ്ത്തടിയില്‍ വെള്ളപൂശണം. പച്ചനിറം മാറി ബ്രൗണ്‍നിറമുള്ള ഭാഗങ്ങളിലാണ് വെള്ളപൂശേണ്ടത്. നീറ്റുകക്ക ചൂടുവെള്ളമൊഴിച്ച് നീറ്റിയെടുത്താല്‍ കിട്ടുന്ന ചുണ്ണാമ്പ് ഉപയോഗിച്ച് വേണം വെള്ളപൂശാന്‍. ചുണ്ണാമ്പില്‍ അല്‍പം കഞ്ഞിവെള്ളം ചേര്‍ത്താല്‍ വേനല്‍മഴയില്‍ വെള്ളപൂശിയത് ഒലിച്ചുപോകാതിരിക്കും. തുരിശ് ചേര്‍ക്കാത്ത ചുണ്ണാമ്പ് ആയിരിക്കണം വെള്ളപൂശാന്‍ ഉപയോഗിക്കേണ്ടത്.

തീ പിടിക്കാതെ ശ്രദ്ധിക്കുക

റബ്ബര്‍ തോട്ടങ്ങളില്‍ തീപിടിക്കാതെ ശ്രദ്ധിക്കണം. ഡിസംബര്‍-ജനുവരി മാസങ്ങളിലാണ് ഇല കൊഴിയുന്നതുമൂലം റബ്ബര്‍ തോട്ടങ്ങളില്‍ ഉണങ്ങിയ ഇലകള്‍ കുന്നുകൂടിക്കിടക്കാനുള്ള സാധ്യതയുണ്ടാകുന്നത്.

തീ പടരുന്നത് ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. തോട്ടത്തിന് ചുറ്റും മൂന്നു മുതല്‍ അഞ്ചു വരെ മീറ്റര്‍ വീതിയില്‍ റോഡ് പോലെ കരിയിലകളും ചപ്പുചവറുകളും നീക്കം ചെയ്യണം. വേനല്‍ക്കാലം തീരുന്നതുവരെ ഇത് ചെയ്യണം. ഇടയ്ക്കിടയ്ക്ക് ഈ ഫയര്‍ബെല്‍റ്റ് വൃത്തിയാക്കണം. അതുപോലെ മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളും സ്ഥാപിക്കാം.