ലൈബ്രറിയിലെ മേശയ്ക്കടിയിൽ ഒരു ചെറിയ കത്തി വീണുകിടക്കുന്നത് ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതാണ് മോഷണവിവരം പുറത്തറിയാൻ സഹായിച്ചത്.

350 വർഷത്തിലധികം പഴക്കമുള്ള അപൂർവ്വമായൊരു ഭൂപടം കത്തി ഉപയോഗിച്ച് വെട്ടിമാറ്റി മോഷ്‌ടിച്ച സംഭവത്തിൽ 72 -കാരന് മൂന്ന് വർഷം തടവുശിക്ഷ. നാഷണൽ മാരിടൈം മ്യൂസിയത്തിലെ കാർഡ് ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന ഭൂപടമാണ് ഇയാൾ മോഷ്ടിച്ചത്. ഈസ്റ്റ് ലണ്ടനിലെ ചിംഗ്‌ഫോർഡ് സ്വദേശിയായ മെൽവിൻ വെസ്റ്റ് എന്നയാളെയാണ് വൂൾവിച്ച് ക്രൗൺ കോടതി ശിക്ഷിച്ചത്. 1684 -ൽ അച്ചടിച്ച ചരിത്രപ്രധാനമായ അറ്റ്ലസിൽ നിന്നാണ് ഇയാൾ ഭൂപടം വെട്ടിയെടുത്ത് കടന്നുകളഞ്ഞത്.

മോഷണം പുറത്തറിഞ്ഞത് എങ്ങനെ?

ലൈബ്രറിയിലെ മേശയ്ക്കടിയിൽ ഒരു ചെറിയ കത്തി വീണുകിടക്കുന്നത് ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതാണ് മോഷണവിവരം പുറത്തറിയാൻ സഹായിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മെൽവിൻ വെസ്റ്റ് ഉപയോഗിച്ച മേശയാണിതെന്നും, ഇയാൾ വായിച്ചുകൊണ്ടിരുന്ന 1684 -ലെ അപൂർവ്വ അറ്റ്ലസിലെ 12 ഭൂപടങ്ങളിൽ ഒന്ന് കാണാനില്ലെന്നും അധികൃതർ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, വെസ്റ്റ് കത്തി ഉപയോഗിച്ച് ഭൂപടം മുറിച്ചെടുത്ത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കുന്നതായി തെളിഞ്ഞു.

നഷ്ടപ്പെട്ടത് ലോകപ്രശസ്തമായ ഭൂപടം

17 -ാം നൂറ്റാണ്ടിലെ പ്രശസ്ത ഡച്ച് കാർട്ടോഗ്രാഫർ ഫ്രെഡറിക് ഡി വിറ്റ് തയ്യാറാക്കിയ 'നോവ ഓർബിസ് ടാബുല' എന്ന ഇരട്ട അർദ്ധഗോള ലോക ഭൂപടമാണ് നഷ്ടപ്പെട്ടത്. മെട്രോപൊളിറ്റൻ പൊലീസിന്റെ 'ആർട്ട് ആൻഡ് ആന്റിക്സ് യൂണിറ്റ്' പ്രതിയുടെ വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും, ചോദ്യം ചെയ്യലിൽ 'നോ കമന്റ്സ്' എന്ന് മാത്രമായിരുന്നു ഇയാളുടെ മറുപടി. തുടർന്നും ഇയാൾ സഹകരിക്കാൻ തയ്യാറായില്ല. ഇതിനാൽ മോഷണം പോയ വിലമതിക്കാനാവാത്ത ഭൂപടം ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

ഭൂപടം നിലവിൽ എവിടെയാണെന്നതിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്ന് മെട്രോപൊളിറ്റൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ലോകമെമ്പാടുമുള്ള ഗവേഷകർ ഉപയോഗിക്കുന്ന വിലപ്പെട്ട ചരിത്രശേഷിപ്പാണ് നഷ്ടപ്പെട്ടതെന്നും പൊലീസ് കൂട്ടിച്ചേർത്തു. കുറ്റവാളി ശിക്ഷിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് മ്യൂസിയം അധികൃതർ പ്രതികരിച്ചു.