ലോകമെമ്പാടുമുള്ള സിഖ് മത വിശ്വാസികളിൽ തങ്ങളുടെ പുണ്യസ്ഥലത്തിനുള്ളിൽ നടന്ന ഈ സൈനിക നടപടി ആഴത്തിലുള്ള മുറിവാണ് സൃഷ്ടിച്ചത്
പഞ്ചാബിലെ അമൃത്സറിലാണ് സിഖ് മത വിശ്വാസികളുടെ പരമപവിത്ര തീർത്ഥാടന കേന്ദ്രമായ സുവർണ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത്. അവിടെ 1984 ജൂൺ ആദ്യവാരം 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' എന്ന പേരിൽ ഒരു സൈനിക നടപടിയുണ്ടായി. ജർണൈൽ സിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ, സുവർണ്ണക്ഷേത്രത്തിനുള്ളിലെ അകാൽ തഖ്‌ത് എന്ന ആരാധനാസ്ഥലം കയ്യടക്കി ഇരിപ്പുറപ്പിച്ച ഖാലിസ്ഥാനി തീവ്രവാദികളെ അവിടെ നിന്ന് തുരത്തുക എന്നതായിരുന്നു ഈ നിർണായക ഓപ്പറേഷന്റെ ലക്‌ഷ്യം.
ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പരശ്ശതം മിലിട്ടറി ഓപ്പറേഷനുകളിൽ ഒന്നുമാത്രമാണ് 'ഓപ്പറേഷൻ ബ്ലൂ സ്റ്റാർ'. അതിനുള്ള ഉത്തരവുകൾ നൽകിയത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ടായിരുന്നു. പഞ്ചാബിന്റെ മണ്ണിൽ തീവ്രവാദത്തിന്റെ വിത്തുകൾ വിതച്ച് വളവും വെള്ളവും നൽകി വളർത്തുന്ന കുപ്രസിദ്ധ ഭീകരവാദി ഭിന്ദ്രൻവാലയെ പിടികൂടുക എന്നതായിരുന്നു ഇതിന്റെ പിന്നിലെ യഥാർത്ഥപ്രേരണ. ആദ്യം, റോയുടെ ഒരു കമാൻഡോ ഓപ്പറേഷൻ ആയിട്ടായിരുന്നു ഇത് പ്ലാൻ ചെയ്തത്. പ്രസ്തുത കമാൻഡോ ഓപ്പറേഷനുവേണ്ടി റോ തീവ്രവാദികൾ ഒളിച്ചു പാർക്കുന്ന കെട്ടിടത്തിന്റെ സെറ്റിട്ട് റിഹേഴ്സലുകൾ വരെ നടത്തിയ ശേഷമാണ്, ഇന്ദിരാ ഗാന്ധി അതിന് അനുമതി നിഷേധിച്ചത്, പകരം സൈനിക ഇടപെടൽ മതി എന്ന് തീരുമാനിച്ചത്.

എല്ലാറ്റിന്റെയും തുടക്കം പഞ്ചാബിന്റെ മണ്ണിൽ ഖാലിസ്ഥാനി പ്രസ്ഥാനത്തിന്റെ വേരുപിടിക്കുന്നതിൽ നിന്നാണ്. ഖാലിസ്ഥാൻ എന്നത് ഒരു 'സിഖ് രാഷ്ട്ര'സങ്കല്പമാണ്. ഇന്ത്യൻ യൂണിയനിൽ നിന്ന് വേർപെട്ടുകൊണ്ട് സിഖുകാർക്ക് മാത്രമായി ഒരു പരമാധികാര രാഷ്ട്രം സാധ്യമാണ് എന്ന ചിന്ത ഉടലെടുക്കുന്നത് 40 -കളിലും 50 -കളിലും ഒക്കെയാണെങ്കിലും 'ദംദമി തക്‌തല്‍' എന്ന പ്രസ്ഥാനവുമായി മുന്നോട്ടുവന്ന ജർണൈൽ സിങ് ഭിന്ദ്രൻവാലയാണ് ആ തീപ്പൊരിക്ക് കാറ്റുപകരുന്നത്. സിഖ് മതത്തിന്റെ സങ്കൽപ്പങ്ങൾ അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കാൻ വേണ്ടി യുവതലമുറയെ പ്രേരിപ്പിച്ചുകൊണ്ടിരുന്ന ഒരു കടുത്ത പാരമ്പര്യവാദിയും, ആ നിലയ്ക്ക് തന്നെ യുവാക്കളിൽ പലരുടെയും ആരാധനാ മൂർത്തിയുമായിരുന്നു ഭിന്ദ്രൻവാല.

പഞ്ചാബിൽ ശക്തിയാർജ്ജിച്ചുകൊണ്ടിരുന്ന അകാലിദളിനെതിരെ നില്ക്കാൻ വേണ്ടി കോൺഗ്രസ് തന്നെ വളർത്തിക്കൊണ്ടുവന്ന ഭിന്ദ്രൻവാല ഒടുവിൽ കേന്ദ്രത്തെ വിമർശിച്ചുകൊണ്ട് വളരെ വിഘടനവാദപരമായ പ്രസംഗങ്ങൾ നടത്താൻ തുടങ്ങിയത് ഇന്ദിരാഗാന്ധിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. 1982 -ൽ തന്റെ ആസ്ഥാനമായ ചൗക്ക് ഗുരുദ്വാരയിൽ നിന്ന് ആദ്യം സുവർണക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഗുരുനാനാക് നിവാസിലേക്കും, പിന്നീട് അതിനുള്ളിലെ അകാല്‍ തഖ്‌ത്തിലേക്കും തന്റെ ആസ്ഥാനം മാറ്റിയത്, ഒരർത്ഥത്തിൽ അവിടേക്ക് ബലം പ്രയോഗിച്ച് കടന്നുകയറിയത് കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു. അതിർത്തിക്കപ്പുറത്തുനിന്നുള്ള ഐഎസ്‌ഐ സഹായത്തോടെ ഇന്ത്യക്കെതിരെ പ്രവർത്തിച്ച്, ആകെ ശല്യക്കാരനായി മാറിയിരുന്ന ഭിന്ദ്രൻവാലയുടെ രാഷ്ട്രീയ ഉന്മൂലനം തന്നെയായിരുന്നു സൈനിക ഇടപെടലിന്റെ പ്രഥമ ലക്‌ഷ്യം.
അതിനിർണായകമായ സൈനിക നടപടി
ഒരു സൈനിക ഓപ്പറേഷൻ നടത്തി ഭിന്ദ്രൻവാല അടക്കമുള്ളവരെ നിർമാർജ്ജനം ചെയ്തില്ലെങ്കിൽ പഞ്ചാബിൽ സ്ഥിതി കൈവിട്ടുപോകും എന്നുള്ള ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയതിനു ശേഷമാണ് ഇന്ദിരാ ഗാന്ധി നിർണായകമായ ഈ തീരുമാനമെടുക്കുന്നതും, ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് അനുമതി നൽകുന്നതും. ലഫ്. ജനറൽ കുൽദീപ് സിങ് ബ്രാർ, ലഫ്. ജനറൽ കൃഷ്ണസ്വാമി സുന്ദരംജി, ജനറൽ എ എസ് വൈദ്യ എന്നിവർക്കായിരുന്നു ആക്രമണത്തിന്റെ ചുമതല. രണ്ടു ഭാഗങ്ങളുണ്ടായിരുന്നു ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്. ഒന്ന്, 'ഓപ്പറേഷൻ മെറ്റൽ'. സുവർണക്ഷേത്രത്തിനുള്ളിൽ നിന്ന് ഭീകരരെ തുരത്തുക എന്ന ഭാഗം മാത്രമായിരുന്നു അത്. അതിന്റെ തുടർച്ചയായി ഒരു അനുബന്ധമിഷൻ കൂടി നടന്നു. പഞ്ചാബിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ റെയ്ഡുകൾ നടത്തി ഖാലിസ്ഥാനികളെ തുറുങ്കിൽ തള്ളുന്ന ആ ദൗത്യത്തെ അന്ന് വിളിച്ചത് 'ഓപ്പറേഷൻ ഷോപ്പ്' എന്നായിരുന്നു.

'ലഫ്. ജനറൽ കുൽദീപ് സിങ് ബ്രാർ, ലഫ്.ജനറല്‍ കൃഷ്ണസ്വാമി സുന്ദരംജി, ജനറൽ എ എസ് വൈദ്യ'
ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ രണ്ടാമത്തെ ഭാഗം, 'ഓപ്പറേഷൻ വുഡ് റോസ്' എന്നപേരിൽ അറിയപ്പെട്ടു. അതും സൈന്യം തന്നെ മുന്നിട്ടിറങ്ങി നടത്തിയ ഒന്നായിരുന്നു. പഞ്ചാബിൽ ഉടനീളം നടപ്പിലാക്കപ്പെട്ട ഒന്ന്. ടാങ്കുകൾ, ആർട്ടിലറികൾ, ഹെലികോപ്റ്ററുകൾ, കവചിതവാഹനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി നടത്തിയ ഒന്ന്. ഇന്ത്യൻ സൈന്യത്തിലെ മുൻ മേജർ ജനറൽ ആയിരുന്ന ഷാബേഗ് സിങ് ആയിരുന്നു ഭിന്ദ്രൻവാലയുടെ കൊച്ചു സൈന്യത്തെ നിയന്ത്രിച്ചിരുന്നത്.
ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ നാൾവഴികൾ
1984 ജൂൺ 1 : ഗുരു രാം ദാസ് ലംഗർ എന്ന സുവർണക്ഷേത്രത്തിനുള്ളിലെ കെട്ടിടം ഇന്ത്യൻ സൈന്യം ആക്രമിക്കുന്നു. ആ ആക്രമണത്തിൽ പത്തോളം പേർ കൊല്ലപ്പെടുന്നു.
1984 ജൂൺ 2 : ഇന്ത്യൻ സൈന്യത്തിന്റെ ഏഴോളം ഡിവിഷനുകൾക്ക് പഞ്ചാബിലേക്ക് മാർച്ചിങ് ഓർഡർ കിട്ടുന്നു. സംസ്ഥാനത്ത് 'മീഡിയ ബ്ലാക്ക് ഔട്ട്' ഏർപ്പെടുത്തപ്പെടുന്നു. ചരക്കുഗതാഗതമടക്കം എല്ലാ യാത്രകളും തടസ്സപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ അതിർത്തിയിൽ തടഞ്ഞു വെക്കുന്നു. അമൃത്സറിലെ പല ഭാഗങ്ങളിലും വെള്ളവും കറണ്ടും ദിവസങ്ങളോളം വിച്ഛേദിക്കപ്പെടുന്നു.
1984 ജൂൺ 3 : പഞ്ചാബിൽ ഉടനീളം കര്‍ഫ്യൂ നടപ്പിൽ വരുന്നു. പട്ടാളവും പാരാമിലിട്ടറി സേനകളും സുവർണക്ഷേത്രം വളയുന്നു. സുവർണ്ണക്ഷേത്രത്തിനുള്ളിലേക്കും അവിടെ നിന്ന് പുറത്തേക്കുമുള്ള ഗതാഗതം തടയുന്നു. ക്ഷേത്രം സീൽ ചെയ്യപ്പെടുന്നു.

1984 ജൂൺ 4 : സുവർണ ക്ഷേത്രത്തിനുള്ളിലെ രാംഗഡിയ ബംഗാസ് ബോംബുസ്ഫോടനത്തിൽ തകർക്കപ്പെടുന്നു. സൈന്യം തങ്ങളുടെ ആയുധശേഖരത്തിലുള്ള ഓർഡൻസ് QF 25 പൗണ്ടർ എന്ന ഫീൽഡ് ഗൺ അഥവാ പീരങ്കി തീവ്രവാദികൾക്ക് നേരെ പ്രയോഗിക്കുന്നു.അതിതീവ്ര പ്രഹരശേഷിയുള്ള ആ പീരങ്കികൾ ഇന്ത്യ സ്വന്തം പൗരന്മാർക്ക് നേരെ പ്രയോഗിക്കുന്നത്, ഒരു പക്ഷേ, അന്നാദ്യമായിട്ടാകും.

അതിനിടെ ഒരു സന്ധിസംഭാഷണം നടത്താൻ ശ്രമമുണ്ടാകുന്നു. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ മുൻ തലവൻ ഗുർചരൻ സിംഗ് തൊഹ്‌റയെ ഭിന്ദ്രൻവാലയുമായി സംസാരിക്കാൻ വേണ്ടി അകത്തേക്ക് പറഞ്ഞയക്കുന്നു. ചർച്ച പരാജയപ്പെടുന്നു.
1984 ജൂൺ 5 : രാവിലെ തന്നെ മേജർ ജനറൽ കുൽദീപ് ബ്രാര്‍ തന്റെ സൈനികരോട് അരമണിക്കൂറോളം സംസാരിച്ചു. ഒരു വിശ്വാസകേന്ദ്രം എന്ന നിലയ്ക്ക് സുവർണ്ണക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ മടിയുള്ള സൈനികർക്ക് പിന്മാറാൻ അവസരം നൽകി. ആരും പിന്മാറിയില്ല. മുന്നിൽ നിന്ന് പോരാടാൻ, ഭിന്ദ്രൻവാലയെ പിടികൂടാൻ തനിക്കുതന്നെ അവസരം നൽകണം എന്നാവശ്യപ്പെട്ടു മുന്നോട്ടുവന്നത് നാലാം ബറ്റാലിയനിലെ ഒരു സിഖ് ഓഫീസർ തന്നെയായിരുന്നു.

1984 ജൂൺ 6 : ആദ്യം മുന്നോട്ട് നീങ്ങിയത് കറുത്ത യൂണിഫോമിട്ട ഒന്നാം ബറ്റാലിയന്റെയും പാരച്യൂട്ട് റെജിമെന്റിലെയും കമാണ്ടോകളായിരുന്നു. സുവർണ്ണക്ഷേത്രത്തിനുള്ളിലെ പരിക്രമ ലക്ഷ്യമാക്കി നീങ്ങി, അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഭിന്ദ്രൻവാലയും സംഘവും ഒളിച്ചിരിക്കുന്ന അകാൽ തഖ്‌ത്തിലേക്ക് ചെന്ന് എത്രയും പെട്ടെന്ന് ആക്രമണം നടത്താനായിരുന്നു അവർക്ക് കിട്ടിയിരുന്ന നിർദേശം. എന്നാൽ മുന്നോട്ടു നീങ്ങിയ ആ കമാൻഡോ ടീമിന് നേർക്ക് ആ പാതയുടെ ഇരുവശത്തുനിന്നും കടുത്ത ഓട്ടോമാറ്റിക് മെഷീൻ ഗൺ ഫയറിംഗ് നടന്നു. ആ സംഘത്തിലെ വിരലിൽ എണ്ണാവുന്നവർ ഒഴിച്ച് ബാക്കി എല്ലാവരും അപ്രതീക്ഷിതമായ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഈ സംഘത്തിന് കവർ നൽകാൻ നിയോഗിക്കപ്പെട്ടിരുന്ന ലെഫ്റ്റനന്റ് കേണൽ ഇസ്‌റാർ റഹീം ഖാന്റെ നേതൃത്വത്തിലുള്ള പത്താം ബറ്റാലിയനിലെ സായുധസംഘം താമസിയാതെ ഈ ഓട്ടോമാറ്റിക് യന്ത്രത്തോക്കുകളെ നിർവീര്യമാക്കി. അപ്പോഴേക്കും അവർക്കുനേരെ മുകളിൽ സരോവർ ഭാഗത്തുനിന്ന് കടുത്ത ഫയറിംഗ് നടന്നു. അത് സൈന്യം പ്രതീക്ഷിക്കാതിരുന്ന ഒരു ആക്രമണമായിരുന്നു.

ആദ്യത്തെ നാല്പത്തഞ്ചു മിനിട്ടുനേരത്തെ തീപാറുന്ന വെടിവെപ്പിൽ സൈന്യത്തിന് ഒരു കാര്യം മനസ്സിലായി. തങ്ങൾ കരുതിയിരുന്നതിലും എത്രയോ അധികമാണ് തീവ്രവാദികളുടെ അംഗബലവും, ആയുധമികവും. അകാൽ തഖ്‌ത്തിനുള്ളിൽ ഒളിച്ചിരുന്നവർ സൈന്യത്തിന്റെ ആക്രമണം പ്രതീക്ഷിച്ച് തയ്യാറെടുത്തുതന്നെയാണ് ഇരുന്നത്. ജനലുകളും വാതിലുകളും അടച്ച്, മണൽച്ചാക്കുകൾ അട്ടിക്കിട്ട്, ഗ്രനേഡ് ആക്രമണങ്ങളെപ്പോലും തടുക്കാൻ അവർ തയ്യാറായിരുന്നു.
നടന്നുചെന്നുള്ള ആക്രമണങ്ങൾ അകത്തുനിന്നുള്ള യന്ത്രത്തോക്കുകളാൽ പരാജയപ്പെടുത്തപ്പെട്ടപ്പോൾ, ജനറൽ ബ്രാര്‍ തന്റെ സൈനികരോട് അവരുടെ ആർമേർഡ് പേഴ്സണൽ കാരിയർ(APC) എന്ന കവചിതവാഹനങ്ങളിൽ അകാൽ തഖ്‌ത്തിലേക്ക് നീങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, അകത്ത് ഒളിഞ്ഞിരുന്ന തീവ്രവാദികളുടെ പക്കൽ APC -യെ തകർത്തു കളയാൻ പോന്ന റോക്കറ്റ് ലോഞ്ചറുകൾ ഉണ്ടെന്ന് ജനറലിന് അറിയില്ലായിരുന്നു. അകാൽ തഖ്ത്തിനോടടുത്ത ആദ്യത്തെ കവചിതവാഹനത്തെ, അതിനുള്ളിൽ നിന്ന് പുറപ്പെട്ട ഒരു റോക്കറ്റ് തകർത്തു കളഞ്ഞു.

അതോടെ അറ്റകൈക്ക് സുവർണക്ഷേത്രത്തിനുള്ളിലേക്ക് യുദ്ധത്തിൽ ശത്രുസൈന്യത്തിനെതിരെ ഉപയോഗിക്കുന്ന സായുധ ടാങ്ക് തന്നെ പറഞ്ഞയക്കാൻ ജനറൽ ബ്രാര്‍ തീരുമാനിക്കുന്നു. എങ്ങനെയും രാത്രിയിൽ തന്നെ ആക്രമണം പൂർത്തിയാക്കാൻ ഉറച്ചുതന്നെ സൈന്യം നീങ്ങി. ടാങ്കുകളിൽ നിന്ന് പുറപ്പെട്ട പീരങ്കിയുണ്ടകൾ അകാൽ തഖ്‌ത്തിന്റെ പലഭാഗങ്ങളും തകർത്തു. എൺപതോളം ഉണ്ടകളാണ് അന്ന് അകാൽ തഖ്‌ത്തിലേക്ക് ടാങ്കുകൾ ഉതിർത്തത്. ആ ആക്രമണത്തിൽ ഭിന്ദ്രൻ വാലയും ജനറൽ ഷാബേഗ് സിങ്ങും അടക്കമുള്ള എല്ലാ ഭീകരവാദികളും കൊല്ലപ്പെട്ടു.
അപ്പോഴേക്കും നേരം പുലർന്നു. സൈന്യം അകാൽ തഖ്‌ത്തിനുള്ളിൽ തിരച്ചിൽ നടത്തി. അതിനിടെ ഭിന്ദ്രൻവാല അവിടെ നിന്ന് ജീവനോടെ രക്ഷപ്പെട്ടു എന്നും തങ്ങളുടെ അടുത്ത് സുരക്ഷിതനായി എത്തിച്ചേർന്നു എന്നൊക്കെയുള്ള അവകാശവാദങ്ങൾ പാക് ടെലിവിഷൻ ചാനലുകൾ പുറത്തുവിടാൻ തുടങ്ങിയിരുന്നു. എന്നാൽ, ആക്രമണത്തിൽ മരിച്ച ഭിന്ദ്രൻവാലയുടെ മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ്, ചടങ്ങുകൾ വരെ അപ്പോഴേക്കും പൂർത്തിയാക്കപ്പെട്ടിരുന്നു ഇവിടെ.
അത്യന്തം ശ്രമകരമായ ഈ സൈനിക ഓപ്പറേഷനിൽ അന്ന് 83 ഇന്ത്യൻ സൈനികർ രക്തസാക്ഷികളായി. 248 -ലധികം സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. ചിലരുടെയൊക്കെ കൈകാലുകൾ മുറിച്ചു കളയേണ്ടിവന്നു. ആ സമയത്ത് ക്ഷേത്രത്തിനുള്ളിൽ സന്നിഹിതരായിരുന്ന ഖാലിസ്ഥാനി തീവ്രവാദികൾ അടക്കം 492 സിവിലിയന്മാർക്കും ജീവൻ നഷ്ടമായി. 1592 പേരെ അന്ന് ഈ ഓപ്പറേഷന്റെ ഭാഗമായി സൈന്യം കസ്റ്റഡിയിൽ എടുക്കുകയുണ്ടായി.

ലോകമെമ്പാടുമുള്ള സിഖ് മത വിശ്വാസികളിൽ തങ്ങളുടെ പുണ്യസ്ഥലത്തിനുള്ളിൽ നടന്ന ഈ സൈനിക നടപടി ആഴത്തിലുള്ള മുറിവാണ് സൃഷ്ടിച്ചത്. ആ ഓപ്പറേഷന്റെ ആഘാതം പിന്നീടുള്ള വർഷങ്ങളിൽ ഇന്ത്യയിൽ സൃഷ്‌ടിച്ച കോലാഹലങ്ങൾ വിവരണാതീതമാണ്. നിരവധി കുറ്റകൃത്യങ്ങൾക്ക് പിന്നിലെ പ്രേരണ ഈ ഓപ്പറേഷനിലൂടെ വ്രണപ്പെട്ട സിഖ് മത വികാരമായിരുന്നു. ഇന്ത്യ കണ്ട ഏക വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് അകാലത്തിൽ തന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതും അതുതന്നെ. ഇന്ദിരാവധത്തിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഇന്ത്യയിൽ അങ്ങോളമിങ്ങോളമായി പതിനായിരക്കണക്കിന് സിഖുകാർ വേട്ടയാടപ്പെട്ടു. പലരെയും പട്ടാപ്പകൽ വീട്ടിൽ നിന്ന് വിളിച്ചിറക്കിയും, വഴിയിൽ തടഞ്ഞുവെച്ചുമൊക്കെ തീവെച്ചും വെട്ടിയും കൊന്നുകളഞ്ഞു.
ഇന്ത്യാ ചരിത്രത്തിൽ നിർണായകമായ സ്വാധീനം ചെലുത്തിയ ഒന്നാണ് ഈ സൈനിക ഓപ്പറേഷൻ. അതുകൊണ്ടുണ്ടായ ഗുണദോഷങ്ങൾ ഇന്നും വിവാദങ്ങൾക്ക് കാരണമാണ്. എന്നിരുന്നാലും, ഇന്നത്തെ തലമുറയിൽ പലർക്കും ഒരു പക്ഷേ, 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' എന്താണ് എന്നുപോലും അറിയണമെന്നില്ല.
