ആർത്തവരക്തം അണുവിമുക്തമല്ല. ഇതിൽ ബാക്ടീരിയക്കും ഫംഗസിനും പുറമെ ലൈംഗികമായി പകരുന്ന അണുബാധകൾ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്.
ചർമ സൗന്ദര്യത്തിന് നൂതന മാർഗങ്ങൾ തേടുകയാണ് പുതുതലമുറ. വിപണിയിൽ വിജയവഴി തുറന്ന സൗന്ദര്യവർധക വസ്തുക്കൾക്കൊപ്പം വിപണി കീഴടക്കാൻ പുതിയ പരീക്ഷണങ്ങളും തകൃതിയാണ്. 'മെൻസ്ട്രുവൽ മാസ്‌കിംഗ്' എന്ന് അറിയപ്പെടുന്ന ആർത്തവരക്തം ഉപയോഗിച്ച് ചെയ്യുന്ന ഫേഷ്യൽ ആണ് ഇപ്പോഴത്തെ ട്രെൻഡ്. സ്വന്തം ആർത്തവരക്തം മുഖത്ത് പുരട്ടി കുറച്ച് മിനിറ്റുകൾക്ക് ശേഷം കഴുകി കളയുന്നതാണ് ഈ രീതി. ഇത് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുമെന്നാണ് അവകാശവാദം. ആർത്തവരക്തം സ്റ്റെം സെല്ലുകൾ, സൈറ്റോകൈനുകൾ, പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമാണ്. ഇവയെല്ലാം ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്നും ഇവർ പറയുന്നു.
പുറത്തുവന്ന ചില പഠനങ്ങളും തങ്ങളുടെ അവകാശവാദത്തെ അംഗീകരിക്കുന്നുണ്ടെന്നാണ് പലരുടേയും വാദം. ആർത്തവരക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത പ്ലാസ്മ ഉപയോഗിച്ച് ചികിത്സിച്ച മുറിവുകൾ സാധാരണ രക്ത പ്ലാസ്മ ഉപയോഗിച്ച് ചികിത്സിച്ചതിനേക്കാൾ വേഗത്തിൽ സുഖം പ്രാപിച്ചതായി റിപ്പോർട്ടുണ്ട് എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, മെൻസ്ട്രൽ മാസ്‌കിംഗിൻ്റെ സുരക്ഷയെക്കുറിച്ച് ആരോഗ്യവിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു. അണുവിമുക്തവും സംസ്കരിച്ചതുമായ പ്ലേറ്റ്‌ലെറ്റ്-റിച്ച് പ്ലാസ്മ ഉപയോഗിച്ച് ചെയ്യുന്ന വാമ്പയർ ഫേഷ്യൽ പോലെയല്ല മെൻസ്ട്രുവൽ മാസ്‌കിംഗ്. ആർത്തവരക്തം അണുവിമുക്തമല്ല. ഇതിൽ ബാക്ടീരിയക്കും ഫംഗസിനും പുറമെ ലൈംഗികമായി പകരുന്ന അണുബാധകൾ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. ചർമ്മ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ മുഖത്ത് ചെറുതോ സൂക്ഷ്മമായതോ ആയ മുറിവുകളോ മുഖക്കുരു പോലുള്ള പ്രശ്നങ്ങളോ ഉണ്ടെങ്കിൽ മെൻസ്ട്രുവൽ മാസ്‌കിംഗ് അണുബാധയ്ക്കും ചർമ്മത്തിലെ മറ്റ് പ്രശ്നങ്ങൾക്കും കാരണമായേക്കാം.
മറ്റൊരു പ്രധാന ആശങ്ക മെൻസ്ട്രുവൽ മാസ്‌കിംഗിന് മാനദണ്ഡങ്ങളില്ല എന്നതാണ്. എത്ര രക്തം ഉപയോഗിക്കണം, എത്ര നേരം മുഖത്ത് വെക്കണം, എത്ര തവണ മുഖത്ത് പുരട്ടുന്നത് സുരക്ഷിതമാണ് തുടങ്ങിയ സംശയങ്ങളെക്കുറിച്ചൊന്നും ആളുകൾക്ക് വ്യക്തമായ ധാരണയില്ല. അതിനാൽ തന്നെ വിദഗ്ദ്ധർ ജാഗ്രത പാലിക്കാനും ഈ ട്രെൻഡ് പൂർണ്ണമായും ഒഴിവാക്കാനുമാണ് ഉപദേശിക്കുന്നത്.
