Asianet News MalayalamAsianet News Malayalam

യുഎസ് സൈന്യത്തിന്റെ ബയോമെട്രിക് ഉപകരണങ്ങൾ താലിബാൻ പിടിച്ചെടുത്തു, നമ്മുടെ ആധാർ പോലെ സകലവിവരങ്ങളും ലഭിക്കും?

അന്വേഷണ റിപ്പോർട്ടർ ആനി ജേക്കബ്‌സന്റെ അഭിപ്രായത്തിൽ, ഭീകരരെയും കുറ്റവാളികളെയും കണ്ടെത്തുന്നതിനായി യു എസ് അഫ്ഗാനിലെ 80 ശതമാനം ആളുകളുടെയും ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചിരുന്നു.  

military biometrics devices seized by Taliban
Author
Afghanistan, First Published Aug 19, 2021, 3:09 PM IST

യുദ്ധസമയത്ത് യുഎസിനെ സഹായിച്ച അഫ്ഗാനികളെ തിരിച്ചറിയാൻ സഹായിക്കുന്ന യുഎസ് സൈന്യത്തിന്റെ ബയോമെട്രിക് ഉപകരണങ്ങൾ താലിബാൻ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. Handheld Interagency Identity Detection Equipment അഥവ HIIDE എന്നാണ് ഈ ഉപകരണം അറിയപ്പെടുന്നത്. ഫോട്ടോകളും ഫിംഗർപ്രിന്റും കുടുംബവിവരങ്ങളും ജോലിസംബന്ധമായ വിവരങ്ങളും ഒക്കെ അടങ്ങിയ സിറ്റിസൺ ഡാറ്റാബേസുകളാണിവ. ഏറെക്കുറെ നമ്മുടെ ആധാർ ഒക്കെപ്പോലെ. കഴിഞ്ഞയാഴ്ച താലിബാന്റെ ആക്രമണസമയത്താണ് ഇത് പിടിച്ചെടുത്തതെന്ന് ജോയിന്റ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് ഉദ്യോഗസ്ഥനും മൂന്ന് മുൻ യുഎസ് സൈനിക ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു. താലിബാൻ നിരപരാധികളായ ആ അഫ്ഗാനികളെ തിരിച്ചറിയാനും ഇല്ലാതാക്കാനും ഈ ഡാറ്റ ഉപയോഗിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഏവരും.      

HIIDE ഉപകരണങ്ങളിൽ ഐറിസ് സ്കാനുകളും വിരലടയാളങ്ങളും വ്യക്തികളെ കുറിച്ചുള്ള വിവരങ്ങളും അടങ്ങിയിരിക്കുന്നു. യുഎസ് സൈന്യത്തിന്റെ ബയോമെട്രിക് ഡാറ്റാബേസിൽ അഫ്ഗാൻ നിവാസികളെ കുറിച്ചുള്ള എത്രമാത്രം വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്നത് വ്യക്തമല്ല. തീവ്രവാദികളെയും മറ്റ് കലാപകാരികളെയും തിരിച്ചറിയുന്നതിനാണ് യുഎസ് സൈന്യം ഇത് ഉപയോഗിച്ചിരുന്നതെങ്കിലും, യുഎസിനെ സഹായിച്ച അഫ്ഗാനികളുടെ ബയോമെട്രിക് ഡാറ്റയും വ്യാപകമായി ശേഖരിക്കുകയും തിരിച്ചറിയൽ കാർഡുകളിൽ ഉപയോഗിക്കുകയും ചെയ്തിരുന്നു.  

താലിബാന്റെ കൈയിൽ ആ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ ഒന്നുമില്ലെങ്കിലും, പാകിസ്ഥാന് ഇതിൽ അവരെ സഹായിക്കാൻ കഴിയുമെന്ന് ആർമി സ്‌പെഷ്യൽ ഓപ്പറേഷൻസ് വെറ്ററൻ ആശങ്ക പ്രകടിപ്പിച്ചു. പാകിസ്ഥാന്റെ ചാര സംഘടനയായ ഇന്റർ-സർവീസസ് ഇന്റലിജൻസിന് അവരെ സഹായിക്കാൻ സാധിക്കുമെന്ന് മുൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഉദ്യോഗസ്ഥൻ പറയുന്നു.    

അമേരിക്കയുടെ പതിറ്റാണ്ടുകളായ ഭീകരതയ്‌ക്കെതിരായ യുദ്ധത്തിൽ ഈ ഉപകരണങ്ങൾ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. 2011 -ൽ പാകിസ്താനിലെ ഒരു ഒളിത്താവളത്തിലിരുന്ന ഒസാമ ബിൻ ലാദനെ തിരിച്ചറിയാൻ സാധിച്ചതും ഈ ബയോമെട്രിക്സ് വഴിയാണ്. അന്വേഷണ റിപ്പോർട്ടർ ആനി ജേക്കബ്‌സന്റെ അഭിപ്രായത്തിൽ, ഭീകരരെയും കുറ്റവാളികളെയും കണ്ടെത്തുന്നതിനായി യു എസ് അഫ്ഗാനിലെ 80 ശതമാനം ആളുകളുടെയും ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചിരുന്നു.  

ഇത് കൂടാതെ, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി തുടങ്ങിയ സർക്കാർ ഏജൻസികളുമായി HIIDE ശേഖരിച്ച ബയോമെട്രിക്സ് ഡാറ്റ പങ്കിടാനും പ്രതിരോധ വകുപ്പ് ശ്രമിച്ചിട്ടുണ്ട്. കുറ്റവാളികളെയും ഭീകരരെയും കുറിച്ചുള്ള വിവരങ്ങൾ മാത്രമല്ല, സൈന്യത്തോടൊപ്പം ജോലി ചെയ്യുന്നവരും, നയതന്ത്ര ശ്രമങ്ങളെ സഹായിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളും യുഎസ് ബയോമെട്രിക്സിൽ ശേഖരിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി 300,000 -ലധികം അഫ്ഗാൻ പൗരന്മാർ അമേരിക്കൻ ദൗത്യവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റി അഭിപ്രായപ്പെട്ടു. യുഎസ് സൈനിക പിന്മാറ്റത്തെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ അരാജകത്വം സൃഷ്ടിക്കപ്പെട്ടപ്പോൾ, രണ്ടായിരത്തോളം അഫ്ഗാനികളെ യുഎസിലേക്ക് ഒഴിപ്പിക്കപ്പെട്ടു. പക്ഷേ ആയിരക്കണക്കിന് പേർ അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസിലേക്ക് പോകുന്നതിന് ആവശ്യമായ പ്രത്യേക കുടിയേറ്റ വിസകൾക്കായി കുടുങ്ങിക്കിടക്കുകയാണെന്ന് പറയപ്പെടുന്നു.

ഡാറ്റാ സംവിധാനങ്ങൾ സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്തം ആത്യന്തികമായി അഫ്ഗാൻ സർക്കാരിന്റേതാണ്. എന്നാലും യുഎസ് സേനയ്ക്കും അതിന്റെ സഖ്യകക്ഷികൾക്കും ഈ ഡാറ്റയുടെ അപകടസാധ്യത വിലയിരുത്തുന്നതിലും ദുരുപയോഗം തടയുന്നതിലും ആവശ്യമായത് ചെയ്യാമായിരുന്നെന്ന് ആക്‌സസ് നൗവിൽ ഏഷ്യ പസഫിക് പോളിസി ഡയറക്ടർ രമൺ ജിത് സിംഗ് ചിമ പറഞ്ഞു.  

തീവ്രവാദികൾ തലസ്ഥാനമായ കാബൂളിലേക്ക് പ്രവേശിച്ചതിന് പിന്നാലെ സർക്കാർ ഉദ്യോഗസ്ഥർ, മുൻ സുരക്ഷാ സേനാംഗങ്ങൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവർ എന്നിവർക്കായി വീടുതോറുമുള്ള തിരച്ചിൽ ആരംഭിച്ചുവെന്ന് മുസ്തഫ എന്ന ട്വിറ്റർ ഉപയോക്താവ് പറയുന്നു. പത്രപ്രവർത്തകരുടെ വീടുകളിലും തിരച്ചിൽ നടത്തിയിരുന്നെന്നും പറയുന്നു. വീടുതോറുമുള്ള പരിശോധനയെ കുറിച്ച് കേട്ടതായും തീവ്രവാദികൾ ഇതിനായി "ബയോമെട്രിക്സ് മെഷീൻ" ഉപയോഗിക്കുന്നതായും കാബൂൾ നിവാസി ഒരു സ്വകാര്യ സന്ദേശത്തിൽ പറഞ്ഞു. 

അതേസമയം എപ്പോഴും എന്നപോലെ എല്ലാ പൗരന്മാർക്കും അവരുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം നൽകുമെന്നും, പ്രിയപ്പെട്ട രാജ്യത്തിൽ സമാധാനപരവും സുരക്ഷിതവുമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും താലിബാൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ അഫ്ഗാനികൾ ഇപ്പോൾ അവരുടെ ഡിജിറ്റൽ പ്രൊഫൈലുകൾ ഇല്ലാതാക്കാനുള്ള വെപ്രാളത്തിലാണ്. ആൺകുട്ടികളും പുരുഷന്മാരും "അവർ അയച്ച സന്ദേശങ്ങൾ, അവർ കേട്ട സംഗീതം, എടുത്ത ചിത്രങ്ങൾ എന്നിവ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കയാണ്" ബിബിസി റിപ്പോർട്ടർ സന സാഫി ഞായറാഴ്ച ട്വിറ്ററിൽ എഴുതി.


 

Follow Us:
Download App:
  • android
  • ios