10000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു വിനോദ കേന്ദ്രമാണ് ഇയാൾ അനധികൃതമായി നിർമ്മിച്ചത്. ഇവിടെ ബാറുകൾ, നീന്തൽ കുളങ്ങൾ, കാസിനോ, സ്ക്വാഷ് കോർട്ടുകൾ, തിയേറ്റർ, വിവിധതരം ഫുഡ് പാർലറുകൾ എന്ന് വേണ്ട സർവ്വ സംവിധാനങ്ങളും ഉണ്ട്.
ലോകത്ത് കോടീശ്വരന്മാർ നിരവധി ഉണ്ടാകും. പക്ഷേ, ഇതുപോലെ ഒരു കോടീശ്വരൻ വേറെ ഉണ്ടാകില്ല. കാരണം നാട്ടുകാർക്ക് അത്രയ്ക്ക് ശല്യക്കാരൻ ആണ് ഇയാൾ. ഇയാളുടെ കാറുകളുടെ തിരക്കു കാരണം നാട്ടുകാർക്ക് റോഡിൽ വാഹനം ഇറക്കാൻ പറ്റുന്നില്ല എന്നതാണ് ഇയാൾക്കെതിരെയുള്ള നാട്ടുകാരുടെ പ്രധാന ആക്ഷേപം. തീർന്നില്ല തന്റെയും കുടുംബാംഗങ്ങളുടെയും ഉല്ലാസത്തിനായി ഒരു വലിയ വിനോദ കേന്ദ്രം തന്നെ ഇയാൾ വീടിനോട് ചേർന്ന് നിർമ്മിച്ചിട്ടുണ്ട്. അവിടേക്കുള്ള ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വരവുപോക്കുകളുടെ തിരക്കും ബഹളവും കാരണം നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നാണ് നാട്ടുകാരുടെ മറ്റൊരു പരാതി.
ഏതായാലും കഴിഞ്ഞ കുറച്ചു നാളത്തെ ജയിൽവാസത്തിനുശേഷം നമ്മുടെ കോടീശ്വരൻ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. ജയിലിൽ ആയത് മറ്റൊന്നിനുമല്ല ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുവാദം വാങ്ങാതെയാണ് കക്ഷി സ്വന്തം ഇഷ്ടത്തിൽ വിനോദ കേന്ദ്രം ഉണ്ടാക്കിയെടുത്തത്. ഇംഗ്ലണ്ടിലെ ഫോറസ്റ്റ് ഓഫ് ഡീനിലെ താമസക്കാരൻ ആയ ഗ്രഹാം വൈൽഡിൻ ആണ് നാട്ടുകാർക്ക് കണ്ണെടുത്താൽ കണ്ടുകൂടാത്ത ഈ കോടീശ്വരൻ.
10000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു വിനോദ കേന്ദ്രമാണ് ഇയാൾ അനധികൃതമായി നിർമ്മിച്ചത്. ഇവിടെ ബാറുകൾ, നീന്തൽ കുളങ്ങൾ, കാസിനോ, സ്ക്വാഷ് കോർട്ടുകൾ, തിയേറ്റർ, വിവിധതരം ഫുഡ് പാർലറുകൾ എന്ന് വേണ്ട സർവ്വ സംവിധാനങ്ങളും ഉണ്ട്. എന്നാൽ, അനധികൃതമായി നിർമ്മിച്ച ഈ സമുച്ചയം നീക്കം ചെയ്യാൻ ഇയാളോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോടതി ഉത്തരവ് പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ആഗസ്റ്റിലാണ് ഗ്രഹാം വൈൽഡിനെ (69) ആറാഴ്ചത്തേക്ക് ശിക്ഷയ്ക്ക് വിധിച്ചത്.
ശിക്ഷ കഴിഞ്ഞ് ഇപ്പോൾ അദ്ദേഹം പുറത്തിറങ്ങിയിരിക്കുകയാണ്. ഇനി വീണ്ടും ഇയാൾ തങ്ങൾക്ക് ഒരു ശല്യമായി മാറും എന്ന ആശങ്കയിലാണ് ഇദ്ദേഹത്തിൻറെ അയൽവാസികളായ നാട്ടുകാർ. ഇതുമായി ബന്ധപ്പെട്ട അവർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. തങ്ങൾക്ക് പ്രത്യേകിച്ച് ഇതിലൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞ പൊലീസ് കൈമലർത്തി.
