'കുളം തെളിനീരിന്റെ സുവര്‍ണ്ണ ശേഖരമാണ്. ചുറ്റും ജൈവസമ്പന്നമായ മണ്ണുള്ളതിനാലാണ് ശുദ്ധജലം സമൃദ്ധമായി കിനിഞ്ഞിറങ്ങുന്നത്. അവിടെ സര്‍ഗ്ഗശേഷിയുള്ള വേരുകളുടെ സമ്മേളനമാണ്. ലക്ഷക്കണക്കിന് സൂക്ഷമജീവികളുള്ള ആവാസവ്യവസ്ഥയാണ്. അനന്യമായ സര്‍ഗ്ഗപ്രക്രിയയുടെ കേളീരംഗമായ മണ്ണിലൂടെയുള്ള ജലത്തിന്റെ യാത്ര തീര്‍ത്ഥാടനമാണ്.' കുളത്തെ കുറിച്ചോര്‍ക്കുകയാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. മറ്റെന്തിനേയും പോലെ ഇവിടെ കുളങ്ങളും മലിനമാകുന്നുവെന്ന് ആശങ്കപ്പെടുന്നുണ്ട് മന്ത്രി. ഫേസ്ബുക്കിലാണ് മന്ത്രി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

അതില്‍ 'എനിക്കൊന്ന് കുളത്തില്‍ കുളിക്കണമെന്ന് പറയുന്ന കാലം വരണം. ജീവന്‍ തുടിക്കുന്ന മണ്ണിന്റെ സര്‍ഗ്ഗസുഗന്ധം ആസ്വദിക്കാന്‍ പറ്റുന്ന ദിവസം വരണം' എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നു. ഇനിവരുന്ന തലമുറക്ക് ഇതെല്ലാം അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ എന്നും ജൈവവൈവിധ്യ ഉദ്യാനം അതിന്റെ തുടക്കമാവട്ടെയെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: 

കുളം

അമ്മൂമ്മയും മുത്തച്ഛനും കുളിച്ചിരുന്നത് വീട്ടുവളപ്പിലെ കുളത്തിലായിരുന്നു. കുളത്തില്‍ കുളിച്ചാല്‍ ശുദ്ധിവരുമെന്നാണ് അവരുടെ പക്ഷം. കുളത്തിലേ കുളിക്കാവൂ എന്ന് അച്ഛനോട് പറയുമത്രേ. അതുകൊണ്ട് അച്ഛനും അമ്മയും ആദ്യകാലത്ത് കുളത്തില്‍ കുളിക്കുമായിരുന്നു. പുഴയില്‍ കുളിക്കുന്നതും അച്ഛനിഷ്ടമായിരുന്നു. പുഴയില്‍ കുളിച്ചാലും കുളത്തിലൊന്ന് മുങ്ങിവാ എന്ന് അമ്മൂമ്മ പറയുമത്രേ. വര്‍ഷംതോറും കുളം വറ്റിച്ച് തേവാനും അവര്‍ ശ്രദ്ധിക്കാറുണ്ട്.

കുളം തെളിനീരിന്റെ സുവര്‍ണ്ണ ശേഖരമാണ്. ചുറ്റും ജൈവസമ്പന്നമായ മണ്ണുള്ളതിനാലാണ് ശുദ്ധജലം സമൃദ്ധമായി കിനിഞ്ഞിറങ്ങുന്നത്. അവിടെ സര്‍ഗ്ഗശേഷിയുള്ള വേരുകളുടെ സമ്മേളനമാണ്. ലക്ഷക്കണക്കിന് സൂക്ഷമജീവികളുള്ള ആവാസവ്യവസ്ഥയാണ്. അനന്യമായ സര്‍ഗ്ഗപ്രക്രിയയുടെ കേളീരംഗമായ മണ്ണിലൂടെയുള്ള ജലത്തിന്റെ യാത്ര തീര്‍ത്ഥാടനമാണ്. വരുന്ന വഴിയില്‍ കടന്നുകൂടിയ അഴുക്കുകളും പൊടിയും ചീത്ത അണുക്കളും മണ്ണിന് നല്‍കിക്കൊണ്ട് ജലം തീര്‍ത്ഥമാകും. ഇറ്റിറ്റു വരുന്ന ശുദ്ധജലം കിനിഞ്ഞെത്തുന്ന കുളത്തില്‍ സമൃദ്ധവും സമ്പന്നവുമായ ജീവലോകമുണ്ട്. തവളകൾ, ശുദ്ധമായ മത്സ്യങ്ങൾ, ജലസസ്യങ്ങൾ മറ്റ് ജലജീവികൾ എന്നിവയാല്‍ നിറഞ്ഞു നില്‍ക്കുന്ന ജലശേഖരം ജീവന്റെ സമ്പൂര്‍ണ്ണ ശുദ്ധീകരണത്തിന്റെ പ്രഭവ കേന്ദ്രമാണ്. ആ ശുദ്ധജലത്തിന്റെ തണുപ്പാണ് മനുഷ്യശരീരത്തിലെ ജലത്തിന്റെ സന്തുലന രഹസ്യം.

കുളത്തിന്റെ അടിഭാഗത്തിനു താഴെയുള്ള മണ്ണ് വ്യത്യസ്തമായൊരു ആവാസ വ്യവസ്ഥയാണ്. വന്‍മരങ്ങളുടെ സമൃദ്ധമായ വേരുകളും ലവണങ്ങളും ലോഹങ്ങളും സൂക്ഷ്മാണുക്കളും തീര്‍ത്ത വിസ്മയ പ്രപഞ്ചമാണത്. വീണ്ടും ശുദ്ധീകരിക്കപ്പെടുവാന്‍ വേണ്ടി ഈ ജൈവ ലോകത്തിലൂടെയാണ് ജലം ദീര്‍ഘയാത്ര ചെയ്യുന്നത്. ഈ സര്‍ഗ്ഗാനുഭവ യാത്ര എത്തിച്ചേരുന്നത് കിണറുകളിലേക്കാണ്. കിണറുകളില്‍ നിന്നും പാളയുപയോഗിച്ച് കോരിയെടുക്കുന്ന വെള്ളമേ മുത്തച്ഛന്‍ കുടിക്കൂ. അത് അമൃതാണ്.

ഞാന്‍ കുളത്തില്‍ കുളിച്ചു കയറിയശേഷം കുളിമുറിയില്‍ ഒന്നു കൂടി മേലുകഴുകാന്‍ ആഗ്രഹിക്കാറുണ്ട്. കുളത്തില്‍ കുളിച്ചു കയറിയാല്‍ ഒരു വിമ്മിഷ്ടം, ചൊറിച്ചില്‍. മകനോട് കുളത്തില്‍ കുളിക്കാന്‍ പറഞ്ഞാല്‍ നീരസം. “വേണ്ട, ഞാന്‍ കുളിമുറിയില്‍ കുളിച്ചോളാം" അനുഭവത്തിന്റെ തിരിച്ചറിവ്. ശുദ്ധജലത്തിന്റെ ഭാവപ്പകര്‍ച്ച.

ജലം വരുന്നത് വായുവിലൂടെയും, മണ്ണിലൂടെയുമാണ്. അവിടമെല്ലാം മലിനീകരിക്കപ്പെട്ടു. അമ്ളം ജലത്തിന്റെ പിരിയാത്ത കൂട്ടുകാരനായി. ഹൈഡ്രജന്‍ ആവശ്യത്തിലധികം മണ്ണില്‍ ഇഴകലര്‍ന്നു. അത് ജലത്തിന്റെ കൂടെ ചേരുമ്പോൾ ജലാശയങ്ങളിലെ സസ്യാംശം രാക്ഷസരൂപം പൂണ്ട് രൗദ്രഹരിതമാകുന്നു. മണ്ണ് സൂക്ഷ്മാണുക്കളുടെ ശവപ്പറമ്പാകുന്നു. സര്‍ഗ്ഗശേഷിയുടെ ഉറവിടമായ ജലം ശവാംശമുള്ളതാകുന്നു.

ജൈവസമ്പത്തിന്റെ ഭയാനകമായ തകര്‍ച്ച. 
മലീനീകരണത്തിന്റെ ഭീഭത്സരൂപം.
എല്ലാം പണത്തിനു വേണ്ടിയുള്ള നമ്മുടെ കൊതി തന്നെ.

എനിക്കൊന്ന് കുളത്തില്‍ കുളിക്കണമെന്ന് പറയുന്ന കാലം വരണം. ജീവന്‍ തുടിക്കുന്ന മണ്ണിന്റെ സര്‍ഗ്ഗസുഗന്ധം ആസ്വദിക്കാന്‍ പറ്റുന്ന ദിവസം വരണം.

നമ്മുടെ മക്കൾ അതാസ്വദിക്കട്ടെ
സുവര്‍ണ്ണ ജന്മം അവര്‍ക്ക് കിട്ടട്ടെ
നമുക്ക് അതൊരുക്കാം.
ജൈവവൈവിധ്യ ഉദ്യാനം 
* അതിന്റെ തുടക്കമാവട്ടെ.

* ജൈവ വൈവിധ്യ ഉദ്യാനം -വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ചു അറിയുന്നതിനും സംരക്ഷിക്കുന്നതിനും താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സര്‍ക്കാര്‍ സ്കൂളുകളില്‍ ആരംഭിച്ച പദ്ധതിയാണ് ജൈവവൈവിധ്യ ഉദ്യാനം.

കടപ്പാട്: ഫേസ്ബുക്ക് പേജ്, പ്രൊഫ. സി. രവീന്ദ്രനാഥ്