മല്‍സരം കഴിഞ്ഞതിനു ശേഷം തങ്ങളിരുവരും പ്രണയബദ്ധരായിരുന്നുവെന്നും ഒടുവിലിപ്പോള്‍ വിവാഹിതരായിരിക്കുകയാണെന്നും ഇരുവരും ട്വിറ്ററില്‍ കുറിച്ചു. 

കൊവിഡ് മഹാമാരിയുടെ ആധികള്‍ മായുന്നതിനിടെ, 2021 മാര്‍ച്ച് 27-ന് ബാങ്കോക്കിലെ ഷോ ഡിസി ഹാളില്‍ നടന്ന മിസ് ഗ്രാന്റ് ഇന്റര്‍നാഷനല്‍ സൗന്ദര്യ മല്‍സരത്തിലാണ് അവര്‍ രണ്ടുപേരും കണ്ടുമുട്ടിയത്. ഒരാള്‍ ജന്‍മരാജ്യമായ അര്‍ജന്റീനയെ പ്രതിനിധീകരിച്ച് എത്തിയ മിസ് അര്‍ജന്റീന മരിയാന വരേല, മറ്റേയാള്‍ പ്യുവര്‍ട്ടോറിക്കയെ പ്രതിനിധീകരിച്ച് വന്ന മിസ് പ്യുവര്‍ട്ടോറിക്ക ഫാബിയോല വാലന്‍ൈറന്‍. 

കൊവിഡ് കാരണം നടക്കാതെ പോയ 2020, 2021 വര്‍ഷത്തെ സൗന്ദര്യമല്‍സരങ്ങള്‍ ഒന്നിച്ചായിരുന്നു അന്ന് നടന്നത്. അതില്‍, 2020-ലെ മല്‍സരത്തിലാണ് ഇരുവരും പങ്കെടുത്തത്. മല്‍സരത്തില്‍ ഇരുവരും ആദ്യ പത്തില്‍ തന്നെ ഇടം നേടി. അതിനുശേഷം, മോഡലിംഗ് രംഗത്ത് സജീവമായി നില്‍ക്കുകയായിരുന്നു ഇരുവരും. ഫാബിയോല ന്യൂയോര്‍ക്കിലെ പ്രമുഖമായ മോഡലിംഗ് ഏജന്‍സിയില്‍ പ്രവര്‍ത്തിക്കുന്നു. മരിയാന വരേലയാവട്ടെ, മോഡലിംഗിനൊപ്പം, ലിംഗ സമത്വം അടക്കമുള്ള വിഷയങ്ങളില്‍ നടന്ന രാജ്യാന്തര കാമ്പെയിനുകളുടെ മുഖമായി മാറുകയും ചെയ്തു. വല്ലപ്പോഴും കാണുമ്പോള്‍ ഒന്നിച്ചുള്ള സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നതല്ലാതെ, ഇരുവരും ഒന്നിച്ച് പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടേയില്ല എന്നു തന്നെ പറയാം. 

View post on Instagram

അങ്ങനെയിരിക്കെയാണ്, സൗന്ദര്യ മല്‍സര വേദിയിലെ ആദ്യ കൂടിക്കാഴ്ച കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം, ഇക്കഴിഞ്ഞ ദിവസം, അവര്‍ ഇരുവരും ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്-അവരുടെ വിവാഹ വീഡിയോ. അതെ, ഒരു വര്‍ഷമായി ആരുമറിയാതെ രഹസ്യമായി വെച്ചിരുന്ന പ്രണയം പരസ്യമാക്കുക കൂടിയായിരുന്നു അവര്‍. മല്‍സരം കഴിഞ്ഞതിനു ശേഷം തങ്ങളിരുവരും പ്രണയബദ്ധരായിരുന്നുവെന്നും ഒടുവിലിപ്പോള്‍ വിവാഹിതരായിരിക്കുകയാണെന്നും ഇരുവരും ട്വിറ്ററില്‍ കുറിച്ചു. 

ഇരുവരും ചേര്‍ന്നുള്ള മനോഹര നിമിഷങ്ങളാണ് ആ വീഡിയോയിലുള്ളത്. ഒന്നിച്ചുള്ള യാത്രകളിലെ റൊമാന്റിക് ദൃശ്യങ്ങള്‍, പ്രണയവേളകളിലെ മധുര നിമിഷങ്ങള്‍, പ്രൊപ്പോസ് ചെയ്യുന്ന രംഗം എന്നിങ്ങനെ തങ്ങളുടെ ജീവിതത്തില വര്‍ണാഭമായ നിമിഷങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ ചേര്‍ത്തുവെച്ചാണ് ഈ വീഡിയോ അവര്‍ തയ്യാറാക്കിയത്. 

View post on Instagram

അപ്രതീക്ഷിതമായുണ്ടായ ഈ വിവാഹപ്രഖ്യാപനത്തെ ഇവരുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം ആവേശത്തൊടെയാണ് സോഷ്യല്‍ മീഡിയയില്‍ സ്വീകരിച്ചിട്ടുള്ളത്. സൗന്ദര്യ മല്‍സര വേദിയില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പലരും ഏറെ സന്തോഷത്തോടെ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. അതോടൊപ്പം, ലക്ഷക്കണക്കിനാളുകള്‍ ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ചെയ്തിട്ടുണ്ട്. 

ഇരുവരുടെയും രാജ്യങ്ങളായ അര്‍ജന്റീനയിലും പ്യവര്‍ട്ടോറിക്കയിലും സ്വവര്‍ഗ വിവാഹം നിയമവിധേയമാണ്.