Asianet News MalayalamAsianet News Malayalam

രണ്ട് വര്‍ഷം മുമ്പ് നഷ്‍ടപ്പെട്ട സര്‍ഫ് ബോര്‍ഡിന് വേണ്ടി പോസ്റ്റ്, കണ്ടെത്തിയത് 8000 കിലോമീറ്റര്‍ അകലെ നിന്ന്

ആദ്യത്തെ രണ്ടുമാസം നല്ല ശുഭാപ്‍തിവിശ്വാസത്തിലായിരുന്നു അയാള്‍. ആര്‍ക്കെങ്കിലും തന്‍റെ സര്‍ഫ് ബോര്‍ഡ് കണ്ടെത്താനായിട്ടുണ്ടാകുമെന്നും അത് തന്നിലെത്തിച്ചേരുമെന്നും തന്നെ അയാള്‍ വിശ്വസിച്ചു. 

missing Surfboard found after two years
Author
Sarangani, First Published Aug 28, 2020, 12:42 PM IST

2018 ഫെബ്രുവരിയിലാണ് ഫോട്ടോഗ്രാഫറായ ഡഫ് ഫാള്‍ട്ടറിന് ഹവായി -ലെ വൈമിയ ബേയില്‍ വെച്ച് തന്‍റെ പ്രിയപ്പെട്ട സര്‍ഫ്ബോര്‍ഡ് നഷ്‍ടപ്പെടുന്നത്. വലിയൊരു തിര വരികയും സര്‍ഫ്ബോര്‍ഡ് തട്ടിയെടുത്ത് ദൂരെപ്പോവുകയുമായിരുന്നു. എത്ര ശ്രമിച്ചിട്ടും അന്നത് തിരികെ കിട്ടിയില്ല. ''എന്‍റെ പ്രിയപ്പെട്ട ബോര്‍ഡായിരുന്നു അത്. അത് തകര്‍ന്നിട്ടൊന്നുമില്ലായിരുന്നു പകരം ദൂരേക്ക് പോയി. വലിയ തിരമാലകളായിരുന്നതുകൊണ്ടുതന്നെ എനിക്കത് തിരികെപ്പിടിക്കാന്‍ കഴിഞ്ഞുമില്ല.''ഫാള്‍ട്ടര്‍ പറയുന്നു. 

ഏതായാലും ബോര്‍ഡ് നഷ്‍ടപ്പെട്ടത് ഫാള്‍ട്ടറിനെ വല്ലാതെ നിരാശനാക്കി. ഒരുപാട് വലിയ തിരമാലകളില്‍ ഫാള്‍ട്ടര്‍ അതേ സര്‍ഫ്ബോര്‍ഡുപയോഗിച്ച് സര്‍ഫ് ചെയ്‍തിട്ടുണ്ട്. അതിനാല്‍ത്തന്നെ അതിനോട് വലിയ മാനസികാടുപ്പമുണ്ടായിരുന്നു ഫാള്‍ട്ടറിന്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആ നിരാശാബോധം ഫാള്‍ട്ടറിനെ വിട്ടുപോയിരുന്നില്ല. ഒടുവില്‍ അയാളൊരു കാര്യം തീരുമാനിച്ചു, സോഷ്യല്‍ മീഡിയയുടെ സഹായം തേടാം. അങ്ങനെ തന്‍റെ ആകാശനീലനിറമുള്ള സര്‍ഫ് ബോര്‍ഡും പിടിച്ചുനില്‍ക്കുന്നൊരു ചിത്രം ഫാള്‍ട്ടര്‍ പോസ്റ്റ് ചെയ്‍തു. 

ആദ്യത്തെ രണ്ടുമാസം നല്ല ശുഭാപ്‍തിവിശ്വാസത്തിലായിരുന്നു അയാള്‍. ആര്‍ക്കെങ്കിലും തന്‍റെ സര്‍ഫ് ബോര്‍ഡ് കണ്ടെത്താനായിട്ടുണ്ടാകുമെന്നും അത് തന്നിലെത്തിച്ചേരുമെന്നും തന്നെ അയാള്‍ വിശ്വസിച്ചു. പക്ഷേ, അങ്ങനെ സംഭവിച്ചില്ല. ആരും അത് കണ്ടെത്തിയെന്നും പറഞ്ഞ് അയാളെ വിളിച്ചുമില്ല. എന്നാല്‍, ശരിക്കും 8000 കിലോമീറ്റര്‍ അകലെ ഒരു മത്സ്യത്തൊഴിലാളി ആ ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഫിലിപ്പിന്‍സിലെ സരംഗാനി ബേയിലായിരുന്നു അത്. സൂര്യപ്രകാശമേറ്റ് അതിന്‍റെ നിറം മഞ്ഞയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ കരുതിയിരുന്നത് അതേതോ ബോട്ടിന്‍റെ അവശിഷ്‍ടങ്ങളാണ് എന്നാണ്. ഒടുവില്‍, അടുത്തുള്ള ദ്വീപിലെ ഒരു പബ്ലിക് സ്‍കൂളിലെ അധ്യാപകനായ ഗിയോവെന്നെ ബ്രാന്‍സുവേലയ്ക്ക് മത്സ്യത്തൊഴിലാളികളിലൊരാള്‍ ആ ബോര്‍ഡ് വിറ്റു. 

ആദ്യമൊന്നും അയാളത് വില്‍ക്കാന്‍ തയ്യാറായിരുന്നില്ല. തരക്കേടില്ലാത്തൊരു വില നല്‍കിയപ്പോഴാണ് അയാളത് നല്‍കാന്‍ തയ്യാറായത്. ബോര്‍ഡ് കണ്ടതോടെ അദ്ദേഹത്തിന് സര്‍ഫ് ചെയ്യാനുള്ള ആഗ്രഹം തോന്നി. ഒരു ആകാംക്ഷാപ്പുറത്ത് അയാള്‍ സര്‍ഫ്ബോര്‍ഡിന് മേലുണ്ടായ പേര് ശ്രദ്ധിച്ചു. ഒരു ആനയുടെ ഡിസൈനിനൊപ്പം ലൈലേ കാള്‍സണ്‍ എന്നായിരുന്നു അതിലെഴുതിയിരുന്നത്. ഹവായിയില്‍ വലിയ സര്‍ഫ് ബോര്‍ഡുകളുണ്ടാക്കുന്ന കാള്‍സണെ അധ്യാപകന് അറിയാമായിരുന്നു. അധ്യാപകന്‍ കാള്‍സണോട് ബോര്‍ഡിനെ കുറിച്ച് പറഞ്ഞു. കാള്‍സണ്‍ ആ സര്‍ഫ്ബോര്‍ഡ് തിരിച്ചറിഞ്ഞു. 

missing Surfboard found after two years

അയാളാണ് ഫാള്‍ട്ടറിനോട് പറയുന്നത് ഫിലിപ്പീന്‍സില്‍ ഒരാള്‍ ഇങ്ങനെയൊരു ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട് എന്നും അത് ഫാള്‍ട്ടറിന്‍റേതാകാന്‍ സാധ്യതയുണ്ട് എന്നും. അതും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പറയുന്നത്. ഒപ്പം ഒരു സര്‍ഫ്ബോര്‍ഡിന്‍റെ ചിത്രവും നല്‍കിയിരുന്നു. എന്നാല്‍, ഒറ്റ ഫോട്ടോയിലൂടെ തന്നെ അത് തന്‍റെ നഷ്‍ടപ്പെട്ട സര്‍ഫ് ബോര്‍ഡാണ് എന്ന് ഫാള്‍ട്ടറിന് മനസിലായി. കാള്‍സണ്‍ അധ്യാപകന്‍റെ വിവരങ്ങളും കൈമാറിയിരുന്നു. ഫാള്‍ട്ടര്‍ ഫേസ്ബുക്ക് മെസ്സേജിലൂടെയാണ് അധ്യാപകനോട് കാര്യങ്ങള്‍ തിരക്കിയത്. 'ആ ബോര്‍ഡിന്‍റെ ചിത്രങ്ങളയച്ചുതരാമോ, താനത് തന്‍റെയാണ് എന്നുറപ്പിച്ചോട്ടെ' എന്നും ചോദിച്ചു. എന്നാല്‍, അവിടെനിന്നും സര്‍ഫ്ബോര്‍ഡിന്‍റെ ചിത്രങ്ങള്‍ അയച്ചുകിട്ടാന്‍ മൂന്ന് ആഴ്‍ചകളെടുത്തു. 

ആ ചിത്രം കണ്ട ഫാള്‍ട്ടറിന്‍റെ സന്തോഷം അതിരുകള്‍ക്കപ്പുറമായിരുന്നു. അതിന്‍റെ ഒരു മറഞ്ഞിരിക്കുന്ന ഭാഗത്ത് സ്വന്തം പേരെഴുതിവെച്ചിരിക്കുന്നത് ഇപ്പോഴും അവിടെയുണ്ട് എന്ന് ഫാള്‍ട്ടര്‍ കണ്ടു. 'ഇതെന്‍റെ ബോര്‍ഡാണ്. രണ്ട് കൊല്ലം മുമ്പ് നഷ്‍ടപ്പെട്ട അതേ ബോര്‍ഡ്' ഫാള്‍ട്ടര്‍ പറഞ്ഞു. ഫാള്‍ട്ടറിന് ആ ബോര്‍ഡ് എത്രമാത്രം പ്രിയപ്പെട്ടതാണ് എന്ന് മനസിലായ അധ്യാപകന്‍ അത് തിരികെ കൊടുക്കാന്‍ സമ്മതിച്ചു. എന്നാല്‍, അത് അവിടെച്ചെന്ന് വാങ്ങണമെന്നും സര്‍ഫ് ചെയ്യാന്‍ സഹായിക്കുന്ന എന്തെങ്കിലും പുസ്‍തകങ്ങള്‍ തന്‍റെ കുട്ടികള്‍ക്കായി എത്തിച്ചു തരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

തന്‍റെ സര്‍ഫ്ബോര്‍ഡിന് പകരമായി ആ അധ്യാപകന് രണ്ട് സര്‍ഫ്ബോര്‍ഡുകളും അതുമായി ബന്ധപ്പെട്ട കുറച്ച് പുസ്‍തകങ്ങളും വാങ്ങുന്നതിനായി ഫണ്ടിംഗ് ക്യാമ്പയിന്‍ തന്നെ തുടങ്ങി ഫാള്‍ട്ടര്‍. ഇപ്പോള്‍ അധ്യാപകനെ കാണാനും തന്‍റെ സര്‍ഫ് ബോര്‍ഡ് സ്വീകരിക്കാനും കാത്തിരിക്കുകയാണ് ഫാള്‍ട്ടര്‍. അതുവരെ അധ്യാപകന് അതില്‍ സര്‍ഫ് ചെയ്യുന്നത് പരിശീലിക്കാമെന്നും ഇല്ലെങ്കില്‍ അവിടെ ചെല്ലുമ്പോള്‍ താന്‍ അദ്ദേഹത്തെ അത് പഠിപ്പിക്കുമെന്നും ഫാള്‍ട്ടര്‍ പറയുന്നു. പക്ഷേ, സ്വന്തം സര്‍ഫ്ബോര്‍ഡ് കിട്ടിക്കഴിഞ്ഞാലും അതിന് വിരമിക്കലനുവദിച്ചിരിക്കുകയാണ് ഫാള്‍ട്ടര്‍. അത് താന്‍ ചുമരില്‍ തൂക്കിയിടുമെന്നും ഫാള്‍ട്ടര്‍ പറയുന്നു. 

ഏതായാലും അവിശ്വസനീയമായ യാത്രയായിരുന്നു സര്‍ഫ് ബോര്‍ഡിന്‍റേത്. മാത്രവുമല്ല, അതുവഴി രണ്ടിടങ്ങളിലിരിക്കുന്ന രണ്ടുപേര്‍ തമ്മില്‍ ഒരു സൗഹൃവും രൂപപ്പെട്ടിരിക്കുകയാണ്. ഫാള്‍ട്ടറും ബ്രാന്‍സുവേലയെന്ന അധ്യാപകനും തമ്മിലുള്ള സൗഹൃദത്തിന് കൂടിയാണ് അത് തുടക്കം കുറിച്ചത്. 


 

Follow Us:
Download App:
  • android
  • ios