1979-ലാണ് കെവിനെ ജയിലിലടച്ചത്. 18 -ാം വയസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്‍ക്കിപ്പോള്‍ 62 വയസ്സുണ്ട്. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം ജയിലിലടക്കപ്പെട്ട നിരപരാധിയാണ് കെവിന്‍. ഇങ്ങനെയൊരു ദിവസം ഉണ്ടാവുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജയില്‍മോചിതനായ ശേഷം കെവിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

15,487 ദിവസങ്ങള്‍ ജയിലില്‍ (Prison) കിടന്നശേഷം ഒരാളെ നിരപരാധിയെന്ന് കണ്ട് വിട്ടയച്ചു. അമേരിക്കയിലെ (US) മിസൂറിയിലാണ് (Missouries) സംഭവം. മൂന്ന് പേരെ കൊലചെയ്ത കേസില്‍ 42 വര്‍ഷം ജയിലില്‍ കിടന്ന കെവിന്‍ സ്ട്രിക് ലാന്റ് (Kevin Strickland) എന്നയാളാണ് ഇപ്പോള്‍ നിരപരാധിയെന്ന് കണ്ടെത്തിയത്. ഇദ്ദേഹത്തെ ഉടനടി വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ഇന്നലെ കെവിനെ ജയിലില്‍നിന്നും മോചിപ്പിച്ചു. ഇന്നസെന്‍സ് എന്ന നിയമസഹായ സമിതിയുടെ മാസങ്ങള്‍ നീണ്ട പ്രയത്‌നത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ കേസ് പുനപരിശോധിക്കുകയും ജയില്‍ മോചിതനാക്കുകയും ചെയ്തത്. അഭിഭാഷകരുടെ മുന്‍കൈയിലുള്ള ഈ സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് നിരവധി പേരുടെ നിരപരാധിത്വമാണ് ഈയിടെയായി തെളിയിക്കപ്പെടുന്നത്. 

1979-ലാണ് കെവിനെ ജയിലിലടച്ചത്. 18 -ാം വയസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്‍ക്കിപ്പോള്‍ 62 വയസ്സുണ്ട്. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം ജയിലിലടക്കപ്പെട്ട നിരപരാധിയാണ് കെവിന്‍. ഇങ്ങനെയൊരു ദിവസം ഉണ്ടാവുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജയില്‍മോചിതനായ ശേഷം കെവിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെവിന്‍ സ്ട്രിക് ലാന്റ്

1978 ഏപ്രില്‍ 25-ന് കന്‍സാസ് നഗരത്തിലെ ഒരു വീട് കൊള്ളയടിക്കുകയും മൂന്ന് പേരെ വധിക്കുകയും ചെയ്ത കേസിലാണ് കെവിന് അമ്പത് വര്‍ഷം പരോളില്ലാത്ത തടവുശിക്ഷ വിധിച്ചത്. നാല് തോക്കുധാരികള്‍ വീടിനുള്ളിലേക്ക് കയറുകയും അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ നിറയൊഴിക്കുകയും അതിനുശേഷം വീട് കൊള്ളയടിക്കുകയുമായിരുന്നു. സംഭവത്തില്‍, 22 കാരിയായ ഷെറി ബ്ലാക്ക്, 22 കാരിയായ ലാറി ഇന്‍ഗ്രാം, 20-കാരനായ ജോണ്‍വാക്കര്‍ എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. അന്ന് വീട്ടിലുണ്ടായിരുന്ന സിന്‍ദിയ ഡഗ്ലസ് എന്ന 20 -കാരി ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. വെടിയേറ്റ് മരിച്ചു കിടക്കുന്നവരുടെ കൂട്ടത്തില്‍ മരിച്ചതുപോലെ കിടന്നതിനാലാണ് സിന്‍ദിയ രക്ഷപ്പെട്ടത്. 

സംഭവത്തിന്റെ ഏകദൃക്‌സാക്ഷിയായിരുന്നു സിന്‍ദിയ. ഇവരുടെ കാമുകന്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അന്ന് 18 വയസ്സുണ്ടായിരുന്ന കറുത്ത വര്‍ഗക്കാരനായ കെവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സിന്‍ദിയ നല്‍കിയ മൊഴി അനുസരിച്ചാണ് കോടതി കെവിന് തടവുശിക്ഷ വിധിച്ചത്. ഈ സംഭവത്തില്‍ രണ്ടു വിചാരണകളാണ് നടന്നിരുന്നത്. ആദ്യ വിചാരണയില്‍ 12 അംഗ ജഡ്ജുമാര്‍ക്കിടയിലെ കറുത്ത വര്‍ഗക്കാരനായ ജഡ്ജ് കെവിന്‍ നിരപരാധിയെന്ന് വിധിയെഴുതിയിരുന്നു. എന്നാല്‍, ഭൂരിപക്ഷം ജഡ്ജുമാരുടെ അഭിപ്രായ പ്രകാരം ശിക്ഷ ഉറപ്പാക്കപ്പെട്ടു. പിന്നീട് കെവിന്‍ വീണ്ടും അപ്പീല്‍ പോയി. എന്നാല്‍, അന്ന് ജഡ്ജുമാര്‍ കെവിന്‍ കുറ്റം ചെയ്തതായി ഉറപ്പിക്കുകയും ശിക്ഷ ശരിവെക്കുകയുമായിരുന്നു. 

താന്‍ നിരപരാധിയാണെന്ന് തുടക്കം മുതല്‍ കെവിന്‍ പൊലീസിനോട് പറഞ്ഞിരുന്നു. സംഭവം നടന്നു എന്നു പറയുന്ന സമയത്ത് താന്‍ വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും കൊലപാതകങ്ങളെയോ അത് നടത്തിയവരെയോ കുറിച്ച് ഒരറിവും ഇല്ലെന്നും അയാള്‍ പറഞ്ഞു. എന്നാല്‍, സിന്‍ദിയയുടെ മൊഴി പ്രകാരം കോടതി ഈ വാദം വിശ്വാസത്തിലെടുത്തില്ല. പ്രോസിക്യൂഷന്‍ കേസും ശക്തമായിരുന്നു. 

ഈയടുത്ത് സിന്‍ദിയ നേരിട്ട് ഇടപെട്ടാണ് കേസ് പുനരന്വേഷണത്തിലേക്ക് എത്തിച്ചത്. അന്ന് കാര്യങ്ങള്‍ ഒട്ടും വ്യക്തമായിരുന്നില്ലെന്നും എന്നാല്‍, ഇപ്പോള്‍ കൂടുതല്‍ വ്യക്തത വന്നെന്നും ഈ മനുഷ്യനെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ് അവര്‍ ഇന്നസെന്‍സ് എന്ന നിയമസഹായ സംഘടനയെ സമീപിക്കുകയായിരുന്നു. കേസില്‍ കെവിന്‍ നിരപരാധിയാണെന്ന് കരുതുന്നതായും ഇനിയും താനത് പറഞ്ഞില്ലെങ്കില്‍ സ്വന്തം മനസാക്ഷി കുറ്റവാളിയാവുമെന്നും അവര്‍ കത്തിലെഴുതി. കെവിന്‍ ആണ് പ്രതിയെന്ന് പറയാന്‍ അന്ന് പൊലീസ് തന്നെ നിര്‍ബന്ധിച്ചതായും അവര്‍ പറഞ്ഞിരുന്നു. 

ഇതിനെ തുടര്‍ന്നാണ് ഇന്നസെന്‍സ് ഈ കേസ് ഏറ്റെടുക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തത്. എന്നാല്‍, സ്വന്തം മൊഴി റദ്ദാക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ സിന്‍ദിയ മരിച്ചു. കേസിലെ നിര്‍ണായക സാക്ഷിമൊഴി ഔദ്യോഗികമായി തിരുത്തിക്കാന്‍ കഴിയാതെയായിരുന്നു അവരുടെ മരണം. അതോടെ പ്രതിസന്ധി വന്നെങ്കിലും പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്നസെന്‍സ് ഇടപെടലുകള്‍ തുടരുകയായിരുന്നു. തുടര്‍ന്നാണ് ജാക്‌സണ്‍ കൗണ്ടി കോടതി കേസ് പുന:പരിശോധിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പ്രോസിക്യൂട്ടര്‍മാര്‍ നവംബറില്‍ പുനരന്വേഷണം നടത്തുകയും കെവിന്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയുമായിരുന്നു. 

കേസ് തള്ളിപ്പോവില്ലെന്ന് ആദ്യമേ ഉറപ്പായിരുന്നുവെന്ന് നിയമസഹായ സംഘടനയായ ഇന്നസെന്‍സ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. തെളിവുകള്‍ ശക്തമായിരുന്നു. കെവിന്‍ നിരപരാധിയാണെന്ന് ആര്‍ക്കും എളുപ്പം മനസ്സിലാവുമായിരുന്നുവെന്നും ഇന്നസെന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ ഇത്ര വ്യക്തമായിട്ടും സ്വന്തം തെറ്റു തിരുത്താന്‍ കോടതിക്ക് ഇത്രയും മാസങ്ങള്‍ വേണ്ടി വന്നു എന്നത് നിയമവ്യവസ്ഥയുടെ ബലഹീനതയാണെന്ന് ഇന്നസെന്‍സ് ചൂണ്ടിക്കാട്ടി. കെവിന് ജയിലില്‍ നഷ്ടപ്പെട്ട 42 വര്‍ഷം തിരിച്ചുനല്‍കാന്‍ ആര്‍ക്കുമാവില്ലെന്നും തടവറയില്‍ അയാള്‍ അനുഭവിച്ച മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആര്‍ക്കുമാവില്ലെന്നും ഇന്നസെന്‍സ് ലീഗല്‍ ഡയരക്ടര്‍ ട്രിഷിയ റോജോ ബുഷ്‌നെല്‍ മാധ്യമങ്ങളോട് പറഞ്ഞു.

തടവറയില്‍ കിടന്നശേഷം നിരപരാധിത്വം തെളിയിക്കപ്പെട്ട് ജയില്‍ മോചിതനായാല്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് മിസൂറി സ്‌റ്റേറ്റിലെ നിയമം. എന്നാല്‍, ഡി എന്‍ എ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നിരപരാധിത്വം തെളിയിക്കപ്പെട്ടാലേ നഷ്ടപരിഹാരം ലഭ്യമാവൂ. കെവിന്റെ കേസിലേതുപോലെ ദൃക്‌സാക്ഷി മൊഴി പരിഗണിച്ച് നിരപരാധിത്വം തെളിയിക്കപ്പെട്ട സംഭവത്തില്‍ ഇത് സാദ്ധ്യമല്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതിനാല്‍, കെവിന്, ഇത്രയും കാലം ഒരു കാര്യവുമില്ലാതെ ജയിലില്‍ കിടന്നതിന് നഷ്ടപരിഹാരമൊന്നും കിട്ടാനിടയില്ല.