വീട്ടിലെത്തിയ വന്യജീവി ഉദ്യോഗസ്ഥർ പറമ്പിൽ ചുറ്റിക്കറങ്ങുന്ന ആക്രമണകാരിയായ പർവത സിംഹത്തെ കണ്ടെത്തി. പർവത സിംഹത്തിന്റെ പെരുമാറ്റം വച്ച് ഇത് ആക്രമിക്കുന്ന പ്രകൃതമാണെന്ന് മനസ്സിലാക്കുകയും, പൊതുസുരക്ഷ ഉറപ്പാക്കാനായി അതിനെ അവർ വെടിവച്ച് കൊല്ലുകയുമായിരുന്നു.
മക്കൾ അപകടത്തിൽ പെട്ടാൽ അവരെ രക്ഷിക്കാനായി ഏതറ്റം വരെയും പോകാൻ മടിക്കാത്തവരാണ് അമ്മമാർ. തന്റെ അഞ്ചു വയസ്സുള്ള മകനെ ആക്രമിച്ച ഒരു പർവത സിംഹത്തെ വെറും കൈകൊണ്ട് നേരിട്ട ഒരു കാലിഫോർണിയക്കാരി നാടിന്റെ നായികയായി മാറിയിരിക്കയാണ്. തെക്കൻ കാലിഫോർണിയയിലെ കലബാസാസിലായിരുന്നു സംഭവം. അഞ്ചു വയസ്സുകാരനെ ആക്രമിക്കാൻ ശ്രമിച്ച ആ പർവത സിംഹത്തെ പിന്നീട് വന്യജീവി ഉദ്യോഗസ്ഥർ എത്തി വെടിവെച്ചു കൊല്ലുകയായിരുന്നു.
കഴിഞ്ഞ ദിവസം വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുന്ന ആൺകുട്ടിയെ 30 കിലോ ഭാരമുള്ള ഒരു പർവത സിംഹമാണ് ആക്രമിച്ചത്. മുൻവശത്തെ പുൽത്തകിടിയിലൂടെ കുഞ്ഞിനെ സിംഹം ഏകദേശം 45 ആടി ദൂരം വലിച്ചിഴച്ചുവെന്ന് കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് വക്താവ് ക്യാപ്റ്റൻ പാട്രിക് ഫോയ് പറഞ്ഞു. എന്നാൽ, അപ്പോഴാണ് കുഞ്ഞിന്റെ അമ്മ അത് കാണുകയും, അവനെ രക്ഷിക്കാൻ ഓടിയെത്തുകയും ചെയ്തത്. വീടിനകത്തായിരുന്നു അവർ കുഞ്ഞിന്റെ കരച്ചിൽ കേട്ട് പുറത്തേയ്ക്ക് ഓടിവരികയായിരുന്നു. തുടർന്ന് പർവത സിംഹത്തെ വെറും കൈകൊണ്ട് ആ അമ്മ അടിക്കാനും ഇടിക്കാനും തുടങ്ങി. പിടിവലിക്കൊടുവിൽ സിംഹത്തിന്റെ വായിൽ നിന്ന് കുഞ്ഞിനെ അവർ രക്ഷിച്ചു.
"ഈ കഥയിലെ യഥാർത്ഥ നായിക അവന്റെ അമ്മയാണ്, കാരണം അവൾ തന്റെ മകന്റെ ജീവൻ രക്ഷിച്ചു" പാട്രിക് പറഞ്ഞു. കുട്ടിയുടെ തലയ്ക്കും മുകൾഭാഗത്തിനും കാര്യമായ പരിക്കേറ്റെങ്കിലും, ജീവന് അപകടമൊന്നുമുണ്ടായില്ല. മാതാപിതാക്കൾ ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ലോസ് ഏഞ്ചൽസ് ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് ആക്രമിച്ച വിവരം നിയമപാലകരെ അറിയിക്കുകയും ഒരു വന്യജീവി ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിക്കുകയും ചെയ്തു.
വീട്ടിലെത്തിയ വന്യജീവി ഉദ്യോഗസ്ഥർ പറമ്പിൽ ചുറ്റിക്കറങ്ങുന്ന ആക്രമണകാരിയായ പർവത സിംഹത്തെ കണ്ടെത്തി. പർവത സിംഹത്തിന്റെ പെരുമാറ്റം വച്ച് ഇത് ആക്രമിക്കുന്ന പ്രകൃതമാണെന്ന് മനസ്സിലാക്കുകയും, പൊതുസുരക്ഷ ഉറപ്പാക്കാനായി അതിനെ അവർ വെടിവച്ച് കൊല്ലുകയുമായിരുന്നു. എന്നാൽ, അതിനെ കൊന്നതിന് പിന്നാലെ, രണ്ട് പർവത സിംഹങ്ങൾ കൂടി പ്രത്യക്ഷപ്പെട്ടു. അതിൽ ഒന്ന് പൂർണവളർച്ചയെത്തിയ ഒരു പർവത സിംഹമാണെന്നും, അതിനൊപ്പമുള്ളത് ചത്ത സിംഹത്തിന്റെ പ്രായമുള്ളതാണെന്നും അവർ തിരിച്ചറിഞ്ഞു.
സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി, ഉദ്യോഗസ്ഥർ സിംഹത്തെ മയക്കി, തിരികെ കാട്ടിലേക്ക് വിട്ടു. ചത്ത പർവത സിംഹത്തിന്റെ വലിപ്പം സൂചിപ്പിക്കുന്നത് അതിന് ഒരു വയസ്സാണ് പ്രായമെന്നാണ്. ചെറുതായതിനാൽ, പർവത സിംഹം വേട്ടയാടാൻ പഠിക്കുന്നതിന്റെ ഭാഗമായി നടത്തിയ ആക്രമണമാകാമിതെന്ന് വിദഗ്ദ്ധർ അനുമാനിക്കുന്നു.
