“അമ്മ സഹായത്തിനായി നിലവിളിച്ചു. ഗ്രാമവാസികൾ അവളെ സഹായിക്കാൻ അവളുടെ വീട്ടിലേക്ക് ഓടിയെത്തി. കുരങ്ങുകളുടെ കൈയിൽ നിന്ന് അവളുടെ കുട്ടിയെ തിരികെ എടുക്കാൻ അവർ പരിശ്രമിച്ചു. എന്നാൽ ബലപ്രയോഗത്തിലൂടെ തിരികെ എടുക്കാൻ ശ്രമിച്ചപ്പോൾ കുഞ്ഞിന്റെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു."

ടാൻസാനിയ(Tanzania)യിൽ ഒരുകൂട്ടം കുരങ്ങുകൾ വീടാക്രമിച്ച് (monkey attack), വീട്ടിനകത്ത് മുലകുടിച്ചുകൊണ്ടിരുന്ന ഒരു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയിൽ നിന്ന് തട്ടിയെടുത്തു. രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കുരങ്ങുകളുടെ കയ്യിൽ പെട്ട കുഞ്ഞ് മരിച്ചു. ടാൻസാനിയയിലെ ഗോംബെ നാഷണൽ പാർക്കിന് സമീപമുള്ള പടിഞ്ഞാറൻ ഗ്രാമമായ മ്വാംഗോംഗോയിൽ (Mwamgongo village in Kigoma) വെച്ചാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്.

അമ്മ വീടിനകത്ത് ഇരുന്ന് തന്റെ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. കുഞ്ഞിന് വെറും ഒന്നര മാസമായിരുന്നു പ്രായം. പെട്ടെന്നാണ് ഒരു കൂട്ടം കുരങ്ങുകൾ വീട്ടിനകത്ത് അതിക്രമിച്ച് കയറിയത്. കൂട്ടത്തിലുള്ള ഒരു കുരങ്ങ് മുലകുടിച്ചു കൊണ്ടിരുന്ന കൈക്കുഞ്ഞിനെ അമ്മയുടെ കൈയിൽ നിന്ന് തട്ടിപ്പറിച്ചു. കുഞ്ഞിനെ കുരങ്ങുകൾ കൊണ്ട് പോകുന്നത് കണ്ട് അമ്മ ഉറക്കെ നിലവിളിച്ചു. അതിനിടയിൽ അവ അമ്മയുടെ നേരെയും തിരിഞ്ഞു. അവളുടെ ഉറക്കെയുള്ള നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും, കുരങ്ങുകളുടെ കൈയിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചില്ല. ഗ്രാമവാസികൾ കുഞ്ഞിനെ കുരങ്ങുകളുടെ കൈയിൽ നിന്ന് തട്ടിയെടുക്കാൻ വിഫലശ്രമം നടത്തി കൊണ്ടിരുന്നു. ഇതോടെ കുരങ്ങുകൾ കൂടുതൽ ആക്രമണാത്മകമായി ആളുകളോട് പ്രതികരിക്കാൻ തുടങ്ങി. മനുഷ്യരും കുരങ്ങുകളും തമ്മിലുള്ള ആ സംഘടനത്തിൽ ഒടുവിൽ കുഞ്ഞ് മരിക്കുകയായിരുന്നു. ആക്രമണത്തിൽ കുഞ്ഞിന് തലയ്ക്കും കഴുത്തിനും പരിക്കേറ്റു. അടിയന്തര ചികിത്സ നൽകുന്നതിനിടയിൽ കുട്ടി മരിക്കുകയായിരുന്നു.

“അമ്മ സഹായത്തിനായി നിലവിളിച്ചു. ഗ്രാമവാസികൾ അവളെ സഹായിക്കാൻ അവളുടെ വീട്ടിലേക്ക് ഓടിയെത്തി. കുരങ്ങുകളുടെ കൈയിൽ നിന്ന് അവളുടെ കുട്ടിയെ തിരികെ എടുക്കാൻ അവർ പരിശ്രമിച്ചു. എന്നാൽ ബലപ്രയോഗത്തിലൂടെ തിരികെ എടുക്കാൻ ശ്രമിച്ചപ്പോൾ കുഞ്ഞിന്റെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു" പ്രാദേശിക കമാൻഡർ ജെയിംസ് മാന്യമ പറഞ്ഞു. എന്നാൽ മൂന്ന് വർഷക്കാലം ഇവിടെ ജോലി ചെയ്തിട്ടും, ഇങ്ങനെയൊരു സംഭവം ഇതിന് മുൻപ് നടന്നതായി താൻ ഇതുവരെ കേട്ടിട്ടില്ലെന്ന് മന്യമ ബിബിസിയോട് പറഞ്ഞു. ദേശീയ ഉദ്യാനത്തിൽ നിന്ന് കുരങ്ങുകൾ ഗ്രാമത്തിലേക്ക് കടക്കുന്നുവെന്നും, ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും പൗരന്മാരോട് പൊലീസ് അഭ്യർത്ഥിച്ചു.

ഗ്രാമങ്ങളിലെ ആളുകളെ വന്യജീവികൾ ആക്രമിക്കുന്ന സംഭവങ്ങൾ അസാധാരണമല്ല. പ്രത്യേകിച്ച് മ്വാംഗോംഗോ ഗ്രാമത്തിൽ. കാരണം അത് ഗോംബെ ദേശീയ ഉദ്യാനവുമായി അതിർത്തി പങ്കിടുന്നു. ഉദ്യാനത്തിൽ നിന്ന് വന്യമൃഗങ്ങൾ അതിർത്തി കടന്ന് ഗ്രാമത്തിൽ എത്തിച്ചേരാനുള്ള സാധ്യത ഇത് കൂട്ടുന്നു. കുരങ്ങുകൾ മാത്രമല്ല, ഗ്രാമത്തിലെത്തുന്ന അപകടകാരികളായ മറ്റ് മൃഗങ്ങൾക്കതിരെയും ജാഗ്രത പാലിക്കണമെന്ന് പൊലീസ് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത് തരം കുരങ്ങാണ് ആക്രമണം നടത്തിയെതെന്നോ, അതിന് എത്ര വലുപ്പമുണ്ടായിരുന്നുന്നെന്നോ കൃത്യമായി അറിയാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ കുട്ടിയുടെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.